ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് ക്യാമ്പ്, ആശങ്ക പ്രകടിപ്പിച്ച് ഗോത്ര വിഭാഗം

Jun 30, 2026 - 14:49
0
ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് ക്യാമ്പ്, ആശങ്ക പ്രകടിപ്പിച്ച് ഗോത്ര വിഭാഗം

ഇന്ത്യന്‍ മണ്ണില്‍ വീണ്ടും ചൈനീസ് കടന്നു കയറ്റമെന്ന ആശങ്ക. അരുണാചല്‍പ്രദേശിലെ തക്‌സിംഗ് മേഖലയില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) റോഡും പാലവും ക്യാമ്പുമൊക്കെ സ്ഥാപിച്ചതായും അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ സേന ഇത് നിഷേധിക്കുന്നു. അരുണാചല്‍-ചൈന അതിര്‍ത്തിയിലെ തക്‌സിംഗ് മേഖലയില്‍ ചൈനീസ് പട്ടാളം ക്രമേണ സ്വാധീനം വര്‍ധപപ്പിക്കുകയാണെന്നും അവിടെ ഇപ്പോള്‍ അവര്‍ ഒരു ക്യാമ്പ് സ്ഥാപിച്ചതായും പ്രാദേശിക ഗോത്രവര്‍ഗ കൂട്ടായ്മയായ നാ വെല്‍ഫയര്‍ സൊസൈറ്റിയാണ് (എന്‍.ഡബ്ല്യു.എസ്) അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. പ്രദേശവാസികള്‍ കാലികളെ മേയ്ക്കുകയും വിറകുകള്‍ ശേഖരിക്കുകയുമൊക്കെ ചെയ്തിരുന്ന വിശാലമായ സ്ഥലങ്ങളില്‍ ഇപ്പോള്‍ ചൈനീസ് സേന റോഡുകളും പാലങ്ങളും സൈനിക ക്യാമ്പുകളും പണിതിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. എന്‍.ഡബ്ല്യു.എസിന്റെ പരാതി വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി മാധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തി ചൈനീസ് സേന കൈയേറിയെന്ന വാര്‍ത്ത ഇന്ന് ഇന്ത്യന്‍ ആര്‍മി നിഷേധിച്ചിരിക്കുകയാണ്. 

പരമ്പരാഗതമായി തങ്ങളുടേതായിരുന്ന മേച്ചില്‍പുറങ്ങളും കൃഷിഭൂമിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ഗോത്രവര്‍ഗ കൂട്ടായ്മ പരാതിപ്പെടുന്നത്. സമീപകാലം വരെ ഗോത്രവര്‍ഗക്കാര്‍ സ്വതന്ത്രമായി ഇവിടെ സഞ്ചരിക്കുകയും വിറക് ശേഖരിക്കുകയും കാലികളെ മേയ്ക്കുകയുമൊക്കെ ചെയ്തിരുന്ന പ്രദേശമാണ് ഇതെന്ന് എന്‍.ഡബ്ല്യു.എസ് പ്രസിഡന്റ് കേരു ചാദര്‍ പറയുന്നു. ഇന്ത്യന്‍ കരസേനയുടെ കരുത്തില്‍ വിശ്വാസമുണ്ടെങ്കിലും ചൈനീസ് നിര്‍മാണങ്ങളുടെ ഗതിവേഗം ഭയപ്പെടുത്തുന്നുവെന്ന് ചാദര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന്‍ കരസേനയില്‍ വിശ്്വാസമുണ്ട്. അവരുടെ ആത്മാര്‍ഥത സംശയിക്കുന്നില്ല. അവരാണ് ഞങ്ങളുടെ ഭൂമിയുടെ കാവല്‍ക്കാര്‍. പക്ഷെ അവരുടെ ശ്രമങ്ങള്‍ മതിയാവാതെ വരുന്നു എന്നാണ് ആശങ്ക. തക്‌സിന്‍ മേഖലയിലെ ചൈനീസ് നിര്‍മാണങ്ങളുടെ വേഗവും തീവ്രതയും കനത്ത ആശങ്കയുണ്ടാക്കുന്നു. ദിനേനയെന്നോണം, ഇഞ്ചിഞ്ചായി ഞങ്ങളുടെ ഭൂമി നഷ്ടപ്പെടുകയാണ് -ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എന്‍.ഡബ്ല്യു.എസ് സര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ചൈനീസ് നിര്‍മാണങ്ങള്‍ സജീവമായ അഞ്ച് മേഖലകള്‍ അവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിലേറെയും ഞങ്ങളുടെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധമുള്ള പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളൊക്കെ 2020 നു ശേഷമാണ് ചൈനീസ് നിയന്ത്രണത്തിലായതെന്ന് പരാതിയില്‍ പറയുന്നു. ചൈനീസ് നിര്‍മാണങ്ങള്‍ തടയാനും തങ്ങളുടെ വിശ്വാസവും ഭൂമിയും നഷ്ടപ്പെടാതിരിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യന്‍ ഭൂമി സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായി ശ്രമങ്ങള്‍ വേണം -പരാതിയില്‍ പറയുന്നു. തങ്ങളുടെ വാദം തെൡയിക്കുന്ന ചിത്രങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 

ഗോത്രവിഭാഗങ്ങളുടെ പരാതിയോട് രൂക്ഷമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. കാപട്യത്തിനും നാണക്കേടിനും ആസ്ഥാനമുണ്ടെങ്കില്‍ അത് ബി.ജെ.പി ഓഫീസാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. ഗോത്രവിഭാഗങ്ങള്‍ ഗുരുതരമായ പരാതി ഉന്നയിച്ചതിന്റെ അടുത്ത ദിവസമാണ് ചൈനയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പരസ്പരതാല്‍പര്യങ്ങളുള്ള വിഷയങ്ങള്‍ സംസാരിക്കുന്നു എന്നു പറഞ്ഞ് ചിരിക്കുന്ന ചിത്രങ്ങള്‍ സിന്‍ഹുവ പ്രസിദ്ധീകരിക്കുന്നത്. 2017 നു ശേഷം അരുണാചലിലെ 112 പ്രദേശങ്ങളുടെ പേരുകള്‍ ചൈന മാറ്റിയിട്ടുണ്ട്. 2022ല്‍ തവാംഗിലും തല്‍സ്ഥിതി മാറ്റാന്‍ ശ്രമിച്ചു. ഒരുവശത്ത് പ്രദേശവാസികളും ഗോത്രവിഭാഗങ്ങളും തങ്ങളുടെ പരമ്പരാഗത മണ്ണിലെ ചൈനീസ് കൈയേറ്റത്തെക്കുറിച്ച ഗുരുതരമായ പരാതി ഉന്നയിക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് മുറവിളികൂട്ടുകയും ചെയ്യുന്നു. മറുവശത്ത് സര്‍ക്കാര്‍ ചൈനീസ് നയതന്ത്രജ്ഞരുമായി സന്തോഷം പങ്കിടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പോസ്റ്റര്‍ ബോയ് സംശയാസ്പദമായ അവാര്‍ഡുകള്‍ സ്വീകരിക്കുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User