ചന്ദ്രചൂഡിനെതിരെ മുൻ ജഡ്ജി; കൊളീജിയത്തിൽ സർക്കാർ ഇടപെടലെന്ന് വെളിപ്പെടുത്തൽ
മുൻ സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗളിന്റെ ആത്മകഥയിൽ ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാർ ഇടപെടലുണ്ടായെന്ന ആരോപണങ്ങളും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വെളിപ്പെടുത്തുന്നു.
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ നിയമവാഴ്ചയാണ്. ഈ നിയമവാഴ്ചയുടെ കാവൽക്കാരാണ് നീതിന്യായ വ്യവസ്ഥയും ജഡ്ജിമാരും. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ജനങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നത് നീതിപീഠത്തിന്റെ നിഷ്പക്ഷതയിലൂടെയാണ്. എന്നാൽ, ജഡ്ജിമാർ ഭരിക്കുന്ന സർക്കാരിനോട് വിധേയത്വം കാണിക്കുന്നുവെന്ന ആരോപണം കാലങ്ങളായി ജനാധിപത്യ രാജ്യങ്ങളിൽ വലിയ ചർച്ചാവിഷയമാണ്... ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം... നിയമനിർമാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് അംഗീകൃത ഘടകങ്ങൾ പരസ്പരം കൈകടത്താതെ പ്രവർത്തിക്കുമ്പോഴാണ് അധികാര വികേന്ദ്രീകരണം സംഭവിക്കുന്നത്... സർക്കാർ നിയമങ്ങൾ നിർമിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ, അവ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുന്നത് ജുഡീഷ്യറിയാണ്... സർക്കാരിന് വിധേയമായി ജുഡീഷ്യറി പ്രവർത്തിച്ചാൽ ഈ പരിശോധന അസാധ്യമാകും... ഇവിടെയാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്... മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെയാണ് വെളിപ്പെടുത്തലുമായി സഞ്ജയ് കിഷൻ കൗൾ രംഗത്തെത്തിയത്... ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം യോഗം ചേരുന്നതിന് മുൻപ് സർക്കാരിന്റെ അഭിപ്രായം തേടിയെന്നും കൊളീജിയം പരിഗണിക്കുന്നവരുടെ ജാതി സർക്കാർ ആരാഞ്ഞു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സഞ്ജയ് കിഷൻ കൗൾ ഉന്നയിക്കുന്നത്... ഈ മാസം അവസാനം ജഗ്ഗർനോട്ട് പ്രസിദ്ധീകരിക്കുന്ന Without Fear or Favour എന്ന തന്റെ ആത്മകഥയിലാണ് ജസ്റ്റിസ് കൗൾ അന്നത്തെ ചീഫ് ജസ്റ്റിസുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും കൊളീജിയത്തിലെ തർക്കങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നത്...
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തിയെന്ന് സഞ്ജയ് കിഷൻ കൗൾ പുസ്തകത്തിൽ തുറന്നടിക്കുന്നുണ്ട്... മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലിരിക്കെ സുപ്രീം കോടതിയുമായുള്ള ബന്ധം ശക്തമായെന്ന ആരോപണങ്ങൾക്കിടെയാണ് ജസ്റ്റിസ് കൗളിന്റെ ആരോപണങ്ങളും പുറത്തുവരുന്നത്... ജഡ്ജിമാരുടെ നിയമന കാര്യത്തിൽ നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ കൂടുതൽ ബഹുമാനിക്കുന്നു എന്ന് ജസ്റ്റിസ് കൗൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്... സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ കോടതി നൽകുന്ന ശുപാർശകൾ അംഗീകരിക്കുന്ന നിരവധി കേസുകളെ കുറിച്ച് പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്... കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ മുൻകൂർ അനുമതി തേടുന്ന രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു... ഭരണകൂടത്തിന്റെ നിലപാടുകളെ പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കലല്ല കോടതിയുടെ പണിയെന്നും, എന്നാൽ ഭരണകൂടത്തിന്റെ വഴിവിട്ട നീക്കങ്ങൾക്ക് തടയിടുന്ന ചെക്ക് ആൻഡ് ബാലൻസ് ആയി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്... 2015-ൽ പാർലമെന്റിൽ പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നിയമം പൂർണമായി റദ്ദാക്കുന്നതിന് പകരം അത് പ്രവർത്തിക്കാൻ ഒരു അവസരം നൽകണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്... കൊളീജിയം യോഗങ്ങളിലെ നിർണായകമായ ചില സംഭവങ്ങളും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്... ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം അഞ്ച് പേരുകൾ മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും യോഗദിവസം അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആറാമതൊരു പേര് നിർദേശിച്ചു... ഇത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് താൻ സംശയിച്ചു... അതിനാൽ യോഗത്തിനിടയിൽ സർക്കാരുമായി ഫോണിൽ സംസാരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ തടഞ്ഞുവെന്നും തുടർന്ന് ആദ്യ അഞ്ച് പേരുകൾ അംഗീകരിക്കപ്പെടുകയും ആറാമത്തെ പേര് ഒഴിവാക്കപ്പെടുകയും ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്... ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജി സ്ഥാനാർഥിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ വിചിത്രമായ ചോദ്യം ഉന്നയിച്ചപ്പോൾ കൗൾ അതിശക്തമായി എതിർത്തു... ഇങ്ങനെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെങ്കിൽ നിങ്ങൾക്ക് തന്നെ തീരുമാനിച്ച് നിയമിക്കാം, ഇതിൽ പങ്കാളിയാകാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ഫയൽ അടച്ച് ജസ്റ്റിസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ കാര്യവും തുറന്ന് എഴുതിയിട്ടുണ്ട്... പി.എം.എൽ.എ. വിധിയുടെ പുനഃപരിശോധനയുമായി ബന്ധപ്പെട്ട കേസ് തന്റെ ബെഞ്ചിന് മുൻപിൽ വരികയും തന്നോട് ആലോചിക്കാതെ അത് പെട്ടെന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തതിൽ ജസ്റ്റിസ് കൗൾ വിയോജിപ്പ് രേഖപ്പെടുത്തി. കൂടാതെ, മുതിർന്ന അഭിഭാഷക പദവി നൽകുന്നത് താൻ വിരമിക്കുന്നത് വരെ ബോധപൂർവം വൈകിപ്പിച്ചതായും അദ്ദേഹം ആരോപിക്കുന്നുണ്ട്... പുസ്തകം പുറത്തിറങ്ങുമ്പോൾ അത് കേന്ദ്രസർക്കാരിന് വലിയ തിരിച്ചടി നൽകാൻ പോകുന്നു..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)