പിഎസ്‌സി ചെയർമാനെയും 15 അംഗങ്ങളെയും നീക്കാൻ ശുപാർശ; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി ഗവർണർ

പരാതികളും അന്വേഷണ റിപ്പോർട്ടും അടിസ്ഥാനമാക്കി നടപടി; പിഎസ്‌സി ചെയർമാനടക്കം 16 പേരെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ

Oct 25, 2026 - 12:22
0
പിഎസ്‌സി ചെയർമാനെയും 15 അംഗങ്ങളെയും നീക്കാൻ ശുപാർശ; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി ഗവർണർ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാനെയും മറ്റ് അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഗവർണറുടെ നിർണായക നടപടി. ചെയർമാൻ ഉൾപ്പെടെ ആകെ 16 പേരെ നീക്കണമെന്നാണ് ശുപാർശയെന്നാണ് റിപ്പോർട്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു നടപടി ആദ്യമായാണ്.

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ലഭിച്ച പരാതികളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കമെന്നാണ് വിവരം. പരാതികളിൽ ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപിക്ക് കൈമാറുകയും പിന്നീട് ഗവർണറുടെ പരിഗണനയ്ക്ക് എത്തുകയും ചെയ്തു.

പിഎസ്‌സി നിയമന നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. സംഭവത്തിൽ കേസെടുത്ത സാഹചര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം 

ഭരണഘടനയുടെ അനുച്ഛേദം 316 പ്രകാരം സംസ്ഥാന പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്. എന്നാൽ, അനുച്ഛേദം 317 പ്രകാരം ദുർനടത്തത്തിന്റെ പേരിൽ ഇവരെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിടുകയും അന്വേഷണത്തിൽ നീക്കം ചെയ്യേണ്ടതാണെന്ന് കോടതി റിപ്പോർട്ട് നൽകുകയും ചെയ്ത ശേഷമാണ് തുടർനടപടി സ്വീകരിക്കാനാകുക.

അതുകൊണ്ടുതന്നെ ഗവർണറുടെ ശുപാർശ ലഭിച്ചതുകൊണ്ടുമാത്രം ചെയർമാനെയോ അംഗങ്ങളെയോ ഉടൻ സ്ഥാനത്തുനിന്ന് നീക്കാനാവില്ല. ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്.

ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സ്വീകരിക്കുന്ന തുടർനടപടികളാകും ഇനി നിർണായകം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User