ദീപാവലി വ്യാപാരത്തിന് തിരിച്ചടി; രാഹുൽ ഗാന്ധിയുടെ റാലി മാറ്റിവയ്ക്കണമെന്ന് ഡൽഹിയിലെ വ്യാപാരികൾ
നവംബർ ഒന്നിലെ ഇന്ത്യാ സഖ്യത്തിന്റെ റാലി മാറ്റിവയ്ക്കണമെന്ന് ആവശ്യം; 10,000 കോടി രൂപയുടെ വ്യാപാരത്തെ ബാധിക്കുമെന്ന് CTI
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വ്യാപാരത്തെ റാലി ബാധിക്കുമെന്ന ആശങ്കയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നവംബർ ഒന്നിലെ ഇന്ത്യാ സഖ്യത്തിന്റെ റാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI). മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (എസ്ഐആർ) നടപടി നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാംലീല മൈതാനിയിൽ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.
റാലി കാരണം ഗതാഗത നിയന്ത്രണങ്ങളും റോഡുകളിലെ തടസ്സങ്ങളും ഉണ്ടാകുന്നത് വിപണികളിലെത്തുന്ന ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും എണ്ണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് CTIയുടെ ആശങ്ക. നവംബർ 10ന് ശേഷം റാലി നടത്തുന്നത് പരിഗണിക്കണമെന്ന് സംഘടന അധ്യക്ഷൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ദീപാവലിയോടനുബന്ധിച്ച് സ്വർണം, വെള്ളി, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, പാത്രങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയിൽ വലിയ വർധനയുണ്ടാകുന്ന സമയമാണിത്. ഈ കാലയളവിൽ ഡൽഹിയിൽ ഏകദേശം 10,000 കോടി രൂപയുടെ വ്യാപാരത്തെ റാലി ബാധിച്ചേക്കാമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
രാംലീല മൈതാനത്തിന് സമീപമുള്ള ചാന്ദ്‌നി ചൗക്ക്, സദർ ബസാർ, ചാവ്രി ബസാർ, ഖാരി ബാവ്ലി, ഭഗീരഥ് പാലസ്, കരോൾ ബാഗ് തുടങ്ങിയ പ്രധാന വ്യാപാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന ആശങ്കയും സംഘടന ഉന്നയിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്ന വ്യാപാരികളെയും ചരക്കുനീക്കത്തെയും ഗതാഗത നിയന്ത്രണങ്ങൾ ബാധിക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
എസ്ഐആറിനെതിരായ പ്രതിഷേധവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ നടപടിയെന്ന ആവശ്യവും ഉയർത്തിയാണ് ഇന്ത്യാ സഖ്യം റാലി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പ്രതിഷേധത്തിനുള്ള അവകാശത്തെ മാനിക്കുന്നതിനൊപ്പം ഉത്സവകാലത്തെ വ്യാപാരത്തെ ബാധിക്കാത്ത തരത്തിൽ തീയതി പുനഃപരിശോധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)