മോദിയല്ല, അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും; ഖാർഗെയുടെ മറുപടിയിൽ രാഷ്ട്രീയ വിവാദം
മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും ആർഎസ്എസിന്റെ നിലപാടുകളെയും നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മോദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും... കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഈ പ്രസ്താവന കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം. ഖാർഗെ സ്വയം ചുമ്മാതങ്ങ് വിളിച്ചുപറഞ്ഞതല്ലിത്, പറയിപ്പിച്ചതാണ്. അപ്രതീക്ഷിതമായ ഖാർഗെയുടെ അടിയേറ്റ് ബോധംകെട്ട് വീണിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി... കഴിഞ്ഞ 12 വർഷത്തെ മോദിയുടെ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് എന്നതിൽ തർക്കമില്ല. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ജനങ്ങളുടെ വോട്ടവകാശവും ഇല്ലാതാക്കുന്ന നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യാ മുന്നണി ആവശ്യപ്പെടുന്നത് മോദിയും ആശ്രിതവത്സലനായ ഗ്യാനേഷും പുറത്തുപോവുക എന്നതാണ്. ഇന്നലെ ബിഹാറിൽ നടന്ന ഒരു ചടങ്ങിൽ ഖാർഗെ മോദിയെ പൊളിച്ചടുക്കുകയാണ്. അധികാരത്തിലേറിയത് മുതൽ മോദി പറഞ്ഞിരിക്കുന്ന നുണകൾ ഉൾപ്പെടെ ഒന്നൊന്നായി പറഞ്ഞായിരുന്നു ഖാർഗെ മോദിവധം നടത്തിയത്. അതിനിടെ സദസ്സിലുണ്ടായിരുന്ന ഒരു മോദിഭക്തൻ ഖാർഗെയെ ചൊടിപ്പിച്ചു. മോദി എവിടെയും പോകില്ലെന്ന ഇയാളുടെ കമന്റിന് പൊട്ടിത്തെറിച്ച ഖാർഗെ, മോദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും എന്നാണ് മറുപടി കൊടുത്തത്. സാധാരണഗതിയിൽ അങ്ങേയറ്റം സൗമ്യനായി സംസാരിക്കുന്ന നേതാവാണ് ഖാർഗെ. ആരോടും ദേഷ്യപ്പെടുകയോ നിയന്ത്രണംവിട്ട് സംസാരിക്കുകയോ ചെയ്യുന്ന സ്വഭാവമില്ല. ഇവിടെ അങ്ങനെയുള്ള ഖാർഗെയെ പ്രകോപിപ്പിച്ച് മോദിക്ക് തല്ലുവാങ്ങിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ ഇയാൾ മോദിയുടെ മിത്രമാണോ അതോ ശത്രുവാണോ എന്നാണ് അറിയേണ്ടത്. വേദിയിൽ അലമ്പുണ്ടാക്കാൻ ശ്രമിച്ച ഇയാളെ സംഘാടകർ പിന്നീട് പിടിച്ച് പുറത്താക്കുകയാണ് ചെയ്തത്.
ആ ചടങ്ങിൽ കൃത്യമായ രാഷ്ട്രീയ വിമർശനങ്ങൾ തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ മോദിക്കെതിരെ ഉയർത്തിയത്. മോദിയുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടുന്നുണ്ട് ഖാർഗെ. 2014-ൽ അധികാരത്തിലേറിയപ്പോൾ 100 ദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം മുഴുവൻ ഇന്ത്യയിൽ എത്തിക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം. മോദിക്ക് കള്ളം പറയുന്ന ശീലമുണ്ടെന്നാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ഖാർഗെ പരിഹസിച്ചത്. മോദി കൊണ്ടുവരുമെന്ന് പറഞ്ഞ പണം എവിടെയെന്ന ഖാർഗെയുടെ ചോദ്യം പ്രസക്തമാണ്. കാരണം, ഭരണം തുടങ്ങി 12 വർഷം കഴിഞ്ഞിട്ടും ഒരു പൈസ പോലും കൊണ്ടുവന്നിട്ടില്ല. ഈ കള്ളപ്പണമെല്ലാം കൊണ്ടുവന്നിട്ട് ഓരോരുത്തരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നല്ലോ അന്നത്തെ വാഗ്ദാനം. മോദിയുടേയും ബിജെപിയുടേയും പ്രത്യയശാസ്ത്ര ഫാക്ടറിയായ ആർഎസ്എസിനേയും കടന്നാക്രമിച്ചിട്ടുണ്ട് ഖാർഗെ. രാജ്യത്തെ എല്ലാ വർഗീയ സംഘർഷങ്ങളുടെയും ഉത്തരവാദി ആർഎസ്എസ് ആണെന്നും അവർ രാജ്യത്ത് സ്വാധീനം ചെലുത്തുന്ന കാലത്തോളം സമാധാനം ഉണ്ടാകില്ലെന്നും ഖാർഗെ തുറന്നടിക്കുന്നുണ്ട്. ആർഎസ്എസിന്റെ ആശയാദർശങ്ങൾ നിലനിൽക്കുന്നിടത്തോളം രാജ്യത്ത് സമാധാനം പ്രതീക്ഷിക്കേണ്ട എന്നാണ് ഖാർഗെ പറഞ്ഞുവെക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനാ തത്ത്വങ്ങൾക്ക് എതിരായ കാഴ്ചപ്പാടാണ് ബിജെപിയും ആർഎസ്എസും പിന്തുടരുന്നതെന്ന ഖാർഗെയുടെ വിമർശനം ചെന്നുനിൽക്കുന്നത് ഉത്തരാഖണ്ഡിലെ വേദി ശുദ്ധീകരണത്തിലാണ്. താൻ പ്രസംഗിച്ച വേദി ബിജെപി നേതാക്കൾ ഉൾപ്പെടെ ശുദ്ധികലശം നടത്തിയ നടപടി സ്വാതന്ത്ര്യം കിട്ടി 80 വർഷത്തിനിപ്പുറവും രാജ്യത്ത് തൊട്ടുകൂടായ്മ നിലനിൽക്കുന്നതിന്റെ സൂചനയാണെന്ന് ആഞ്ഞടിച്ചിരിക്കുകയാണ് ദലിത് നേതാവായ ഖാർഗെ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-ന് നടന്ന സംഭവം ചൂണ്ടിക്കാട്ടി, അയിത്തം നിലനിൽക്കുന്ന ഒരു നാട്ടിൽ എങ്ങനെ ഐക്യം ഉണ്ടാകുമെന്ന ഖാർഗെയുടെ ചോദ്യം കൊള്ളേണ്ടിടത്ത് ചെന്ന് തറയ്ക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ബിഹാറിന്റെ മണ്ണിൽ നിന്നുകൊണ്ട് മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ കാപട്യത്തിനും കണക്കിന് കൊടുക്കുന്നുണ്ട് ഖാർഗെ. സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ രാഷ്ട്രീയജീവിതം തുടങ്ങിയ ആൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു എന്നാണ് ചോദ്യം. ആർഎസ്എസിന്റെയും ബിജെപിയുടെയും കൂടാരത്തിലാണ് നിതീഷ് എത്തപ്പെട്ടത്. ഒരാൾ ദുർബലനാവുകയും തന്റെ ആദർശങ്ങൾ കൈവിടുകയും ചെയ്താൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരണമായാണ് നിതീഷിനെ ഖാർഗെ ഉയർത്തിക്കാട്ടിയത്. എന്തായാലും മോദിക്കെതിരായ ഖാർഗെയുടെ പരാമർശങ്ങൾ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ തിളച്ചുമറിയുമെന്ന് ഉറപ്പാണ്. തന്നെ വ്യക്തിഹത്യ നടത്തിയെന്ന് പറഞ്ഞ് കരഞ്ഞ് ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനാകും മോദിയും കൂട്ടരും ശ്രമിക്കുക എന്നതിൽ തർക്കം വേണ്ട. അതാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പക്ഷേ, ഖാർഗെ ഉയർത്തിയ രാഷ്ട്രീയ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം നീക്കങ്ങളിലൂടെ പറ്റുമെന്ന് വിചാരിക്കേണ്ട.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)