മഹാരാഷ്ട്രയിൽ വോട്ട് കൊള്ളയോ? സുപ്രീം കോടതിയുടെ ഇടപെടൽ

മഹാരാഷ്ട്രയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചതോടെ വിവാദം ശക്തമാകുന്നു.

Oct 27, 2026 - 10:49
Updated: 1 hour ago
0
മഹാരാഷ്ട്രയിൽ വോട്ട് കൊള്ളയോ? സുപ്രീം കോടതിയുടെ ഇടപെടൽ

നമ്മൾ ജീവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്ന് അഭിമാനത്തോടെ പറയാറുണ്ട്, എന്നാൽ, നമ്മുടെ ജനാധിപത്യത്തിന്റെ ജീവവായുവായ 'വോട്ടുചെയ്യാനുള്ള അവകാശം' നമ്മുടെ വിരൽത്തുമ്പിൽ നിന്ന് വളരെ നിശ്ശബ്ദമായി, ക്രൂരമായി കവർന്നെടുക്കപ്പെടുകയാണ് ഇന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്റെ ശബ്ദമില്ലാതാക്കാൻ വലിയൊരു കോൺസ്പിറസി അണിയറയിൽ നടക്കുകയാണ്. ഇത് വെറുമൊരു ആരോപണമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ നിന്നുള്ള നടുക്കുന്ന യാഥാർത്ഥ്യമാണ്! ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ചേർന്ന് മഹാരാഷ്ട്രയെ ഒരു വോട്ട് കൊള്ളയുടെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നു! അതെ... അവിടെ നടന്നത് വോട്ടർ പട്ടിക പരിഷ്കരണമല്ല, മറിച്ച് ജനാധിപത്യപരമായ വംശഹത്യയാണ്!

മഹാരാഷ്ട്രയിൽ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അഥവാ SIR എന്ന പേരിൽ യഥാർത്ഥത്തിൽ സംഭവിച്ചത് തെമ്മാടിത്തരമായിരുന്നു. മഹാരാഷ്ട്രയിലെ ആകെയുള്ള 97.9 ദശലക്ഷം വോട്ടർമാരിൽ, രണ്ട് കോടിയിലധികം പേരെയാണ് ഒറ്റയടിക്ക് വോട്ടർ പട്ടികയുടെ കരടിൽ നിന്ന് വെട്ടിമാറ്റിയത്! രണ്ട് കോടി മനുഷ്യർ! രണ്ട് കോടി പൗരന്മാരുടെ രാഷ്ട്രീയ വ്യക്തിത്വമാണ് ഒരൊറ്റ പേനത്തുമ്പുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ലാതാക്കിയത്! അത്രയും കൊണ്ട് നിർത്തിയോ അവർ? ഇല്ല! അപാകതകളും പൊരുത്തക്കേടുകളും ഉണ്ടെന്ന പച്ചക്കള്ളം പറഞ്ഞ്, വീണ്ടും 12.2 ദശലക്ഷം വോട്ടർമാരെ പുറത്താക്കി! അതായത്, മൂന്ന് കോടിയിലധികം വരുന്ന ജനങ്ങളെയാണ് ഈ രാജ്യത്തെ ഭരണകൂടവും അവരെ സേവിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് സ്വന്തം മണ്ണിൽ അന്യരാക്കി മാറ്റിയത്! ഇത് വോട്ടർ പട്ടിക ശുദ്ധീകരണമല്ല, വോട്ട് കൊള്ളയാണ്! ഒരൊറ്റ സംസ്ഥാനത്തെ വോട്ടർമാരിൽ ഇത്രയും വലിയൊരു ശതമാനത്തെ ഇല്ലാതാക്കാൻ ഏത് നിയമവും ഏത് ഭരണഘടനയുമാണ് കമ്മീഷന് അധികാരം നൽകിയത് എന്ന് കോടതിക്ക് മുന്നിൽ ഉത്തരം കൊടുക്കണം.

'സ്ഥലത്തില്ല'! 'ആളുകളെ കാണാനില്ല' എന്നൊക്കെ പറഞ്ഞ് വോട്ട് കൂട്ടവേട്ട നടത്തുന്നു. മുംബൈയിലും പൂണെയിലും വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ, ചേരികളും അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റുമ്പോൾ, താൽക്കാലികമായി മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്ന പാവപ്പെട്ട മനുഷ്യർ... അതെ, ചേരിവാസികളും അധ്വാനിക്കുന്ന തൊഴിലാളികളും! സ്വന്തം തലചായ്ക്കാൻ ഒരിടത്തിനായി താൽക്കാലികമായി മാറിത്താമസിച്ചെന്നതാണോ അവർ ചെയ്ത തെറ്റ്? അവരൊക്കെ 'സ്ഥലത്തില്ല' എന്ന വ്യാജ കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് കശാപ്പ് ചെയ്യപ്പെട്ടു!വികസനത്തിന്റെ പേരിൽ വീട് നഷ്ടപ്പെട്ട ആ പാവങ്ങൾക്ക്, ഭരണകൂടം കൊടുത്ത സമ്മാനം എന്താണെന്നറിയാമോ? അവരുടെ രാഷ്ട്രീയ അവകാശത്തിന്റെ, അവരുടെ അവസാന പ്രതീക്ഷയായ വോട്ടിന്റെ മരണവാറന്റ്!ആരുടെ വോട്ടുകളാണ് വെട്ടിമാറ്റപ്പെട്ടത്? അധഃസ്ഥിതരുടെ, ന്യൂനപക്ഷങ്ങളുടെ, തൊഴിലാളികളുടെ, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താൻ സാധ്യതയുള്ള സാധാരണക്കാരുടെ വോട്ടുകൾ! അനുകൂലമായ ഫലം ഉണ്ടാക്കാൻ വേണ്ടി, എതിർശബ്ദങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് തന്നെ മായ്ച്ചുകളയുന്ന കൊടും ചതിയാണ് അവിടെ നടന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണാധികാരികളുടെ കളിപ്പാവയായി മാറിയതിന്റെ ദുരന്തപൂർണ്ണമായ കാഴ്ചയാണിത്!

പക്ഷേ... ഈ അനീതിക്ക് മുന്നിൽ ജനാധിപത്യം തോറ്റുകൊടുക്കാൻ തയ്യാറായില്ല. ഭരണകൂടം പടുത്തുയർത്തിയ ഈ കള്ളക്കളിക്ക് നേരെ ഒരു ചോദ്യചിഹ്നം ഉയർന്നു!ചാർട്ടേഡ് അക്കൗണ്ടന്റും മാധ്യമപ്രവർത്തകനുമായ അരുൺ ആനന്ദഗിരി ഈ വലിയ കൊള്ളയ്‌ക്കെതിരെ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വാതിലുകൾ മുട്ടി! രാജ്യത്തെ പ്രമുഖ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ സുപ്രീം കോടതിയിൽ ഹരജിക്കാരന് വേണ്ടി അലറിവിളിച്ചു - "ഇത് അനീതിയാണ്! ഒരു വികസന പദ്ധതിയുടെ പേരിൽ താൽക്കാലികമായി മാറിത്താമസിച്ച മനുഷ്യരെ എങ്ങനെയാണ് സ്ഥലത്തില്ലാത്തവരായി മുദ്രകുത്തി പുറത്താക്കുന്നത്?" എന്ന് കോടതിക്ക് മുന്നിൽ തുറന്നടിച്ചു!അതെ! ഒടുവിൽ ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയായ സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ ശക്തമായ ബെഞ്ച് ഈ ഹരജി ഫയലിൽ സ്വീകരിച്ചു! മാത്രമല്ല, ഈ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്ന കേന്ദ്ര സർക്കാരിനും, ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്!

ഹരജിക്കാർ കോടതിയോട് ആവശ്യപ്പെട്ടത് വളരെ വ്യക്തമാണ്. മഹാരാഷ്ട്രയിൽ നടക്കുന്ന ഈ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ പരമോന്നത കോടതി ഒരു അന്തിമ തീരുമാനം എടുക്കുന്നത് വരെ അടിയന്തരമായി നിർത്തിവെക്കണം! SIR പ്രക്രിയയ്ക്ക് മുൻപുള്ള വോട്ടർ പട്ടികയിൽ പേരുള്ള ഒരു പൗരനെയും ഒഴിവാക്കാനോ വെട്ടിമാറ്റാനോ പാടില്ല! വരും ദിവസങ്ങളിൽ... നവംബർ അഞ്ചിന് സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കുകയാണ്! അന്ന് കേവലം ഒരു ഹരജിയല്ല കോടതിയുടെ മുന്നിൽ വരുന്നത്, മറിച്ച് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവി തന്നെയാണ്! തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ആയുധമായി മാറുമ്പോൾ, വോട്ടർ പട്ടികകൾ ഭരണകൂടത്തിന് വേണ്ടപ്പെട്ടവർക്ക് മാത്രം തിരുത്തിയെഴുതപ്പെടുമ്പോൾ, നമ്മൾ ഓരോരുത്തരും ചോദിക്കേണ്ടതുണ്ട് — നമ്മുടെ വോട്ടും നാളെ ഇല്ലാതാവില്ലേ? മഹാരാഷ്ട്രയിൽ ഉയർന്ന ഈ പ്രതിഷേധം വെറുമൊരു കേസിന്റെ വിവരമല്ല. ഇത് ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ജനാധിപത്യത്തിന്റെ മുന്നറിയിപ്പാണ്! വോട്ടവകാശം നിഷേധിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയിൽ നിന്നും ജനങ്ങളിൽ നിന്നും ശക്തമായ തിരിച്ചടി ലഭിക്കുക തന്നെ ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User