ആരോഗ്യമേഖലയിലെ ജനക്ഷേമ നടപടികൾ കണ്ണടച്ച് എതിർക്കുന്നത് ജനങ്ങളോടുള്ള അനീതി: നഹാസ് പത്തനംതിട്ട
തിരുവനന്തപുരം: സാധാരണക്കാരുടെ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന സുപ്രധാന നടപടികളെ വസ്തുതകൾ പരിശോധിക്കാതെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി എതിർക്കുന്നത് അപലപനീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പ്രസ്താവനയിൽ പറഞ്ഞു.
മരുന്നുവില നിയന്ത്രിക്കുന്നതിനും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിച്ചിരിക്കുന്ന ഇടപെടലുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി സർക്കാർ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിൽ നിർണായകമാണ്. ഒപ്പം, 1,690 ഡോക്ടർമാരെയും 986 നഴ്സുമാരെയും അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടികൾ ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇത് വഴി ആയിരക്കണക്കിന് രോഗികൾക്കാണ് മെച്ചപ്പെട്ട സേവനം ലഭിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ തകർന്നുതരിപ്പണമായ ആരോഗ്യമേഖലയെ യുഡിഎഫ് സർക്കാർ സ്വന്തം ഇച്ഛാശക്തിയും ക്രിയാത്മകമായ പ്രവർത്തനങ്ങളും കൊണ്ടാണ് തിരികെപ്പിടിക്കുന്നത്. എന്നാൽ, ഈ മുന്നേറ്റങ്ങളും ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളും കാണാതെ, കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തി പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ തികഞ്ഞ രാഷ്ട്രീയ പ്രേരിത നാടകങ്ങൾ മാത്രമാണ്. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുന്നതിന് പകരം വസ്തുതകൾ മറച്ചുവെച്ച് പ്രതിഷേധിക്കുന്നവരുടെ നിലപാട് കേരളത്തിലെ ജനം തിരിച്ചറിയുമെന്നും നഹാസ് പത്തനംതിട്ട വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)