ദിവസവും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ പുതിയ പഠനം ഒന്ന് വായിക്കൂ
ണ്ട് കാലത്തെ ആളുകൾ അധികം വിശ്രമമില്ലാതെ ഓടി നടന്നാണ് ജോലികൾ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് അധികം ആരോഗ്യ പ്രശ്നങ്ങൾ വരുന്നില്ല. എന്നാൽ, ഇന്നത്തെ കാലത്ത് പലരും ഇരുന്നകൊണ്ടുള്ള ജോലികളാണ് ചെയുന്നത്. ഇത് മൂലം കുടവയർ, പൊണ്ണത്തടി,പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപ്പെടുന്നുണ്ട്. ജോലിക്ക് പുറമെ ചുമ്മാ ഇരുന്ന് ഫോൺ നോക്കുമ്പോഴും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന പഠനം പുറത്ത് വന്നിരിക്കുകയാണ്. അതായത് അടുത്തിടെ നടത്തിയ പഠന പ്രകാരം എഴുനേൽക്കാതെ ഒരിടത്ത് മാത്രം തുടര്‍ച്ചയായി 30 മിനിറ്റോ അതില്‍ കൂടുതലോ ഇരുന്ന് ജോലിയെടുക്കുന്നത് കാൻസർ മൂലമുള്ള മരണത്തിന് സാധ്യത വർധിപ്പിക്കും. ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയതും മെഡിക്കൽ ജേണലായ PLOS Medicine-ൽ പ്രസിദ്ധീകരിച്ചതുമായ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതിനായി യു.കെ. ബയോബാങ്കിൽ രജിസ്റ്റർ ചെയ്ത 91,000-ത്തിലധികം പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്. പഠനത്തിന്റെ ഭാഗമായി പങ്കെടുത്തവരിൽ നിന്ന് ചോദ്യാവലിയിലൂടെ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം, അവരുടെ ശാരീരിക പ്രവർത്തനങ്ങളും വെറുതെയിരിക്കുന്ന സമയവും ഗവേഷകർ വിലയിരുത്തി. കൂടാതെ, ഒരാഴ്ചത്തേക്ക് ധരിക്കാനായി കൈത്തണ്ടയിൽ ഉപയോഗിക്കുന്ന ആക്ടിവിറ്റി ട്രാക്കറുകളും നൽകി. തുടർന്ന് ഏകദേശം 12 വർഷത്തോളം ഇവരുടെ ആരോഗ്യനില ഗവേഷകർ നിരീക്ഷിച്ചു.ഗവേഷകരുടെ പഠന പ്രകാരം 30 മിനിറ്റോ അതില്‍ കൂടുതലോ ഇരുന്ന് ജോലിയെടുക്കുന്നവരിൽ ഈ സാധ്യത ഏകദേശം 9 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. അതേസമയം ഇതിന് ഒരു പരിഹാരവും വിദഗ്ധർ പറയുന്നുണ്ട്.

ജോലിക്കോ അല്ലെങ്കിൽ മറ്റെന്തിങ്കിലും ആവശ്യത്തിനോ വേണ്ടി ഇരിക്കുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുന്നത് നല്ലതായിരിക്കും. ഈ രീതി കാന്‍സര്‍ മരണ സാധ്യത ഏകദേശം 12 ശതമാനം കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അതേസമയം, കുറച്ച് വേഗത്തിൽ നടക്കുന്നത് അപകടസാധ്യത ഏകദേശം 8 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വെറും 5 മിനിറ്റ് കഠിനമായ വ്യായാമം ചെയ്താൽ പോലും കാന്‍സര്‍ മരണ സാധ്യത 22 ശതമാനം കുറയ്ക്കുമെന്നും പറയപ്പെടുന്നു.