ചീത്ത കൊളസ്‌ട്രോളിന് ഇനി സൂചിയല്ല, ഗുളിക; പുതിയ മരുന്നിന് FDAയുടെ പച്ചക്കൊടി

ഉയർന്ന ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മെർക്ക് വികസിപ്പിച്ച പുതിയ ഗുളികയ്ക്ക് FDA അംഗീകാരം. കുത്തിവെപ്പിന് പകരമാകുന്ന മരുന്ന് സ്റ്റാറ്റിനുകൾക്കൊപ്പം ഉപയോഗിക്കുമ്പോൾ എൽ.ഡി.എൽ. 60% വരെ കുറയ്ക്കാമെന്നാണ് പഠനം.

ചീത്ത കൊളസ്‌ട്രോളിന് ഇനി സൂചിയല്ല, ഗുളിക; പുതിയ മരുന്നിന് FDAയുടെ പച്ചക്കൊടി

മുതിർന്നവരിൽ കണ്ടുവരുന്ന ഉയർന്ന അളവിലുള്ള ചീത്ത കൊളെസ്ട്രോൾ അതായത് എൽ.ഡി.എൽ നിയന്ത്രിക്കുന്നതിനായി പുതിയൊരു വഴി തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ കുത്തിവെയ്പ്പിനെ ആശ്രയിച്ചരുന്നവർക്ക് ഇനി ഗുളികയിലൂടെ തന്നെ ചികിത്സ ലഭ്യമാകാനുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (FDA) ആണ് മെർക്ക് വികസിപ്പിച്ച പുതിയ മരുന്നിന് അനുമതി നൽകിയത്. ഇതോടെ കൊളെസ്ട്രോൾ ചികിത്സ രംഗത്ത് പുതിയ പ്രതീക്ഷയാണ് ഉയർന്നിരിക്കുന്നത്.  ഇതിലൂടെ കൊളസ്‌ട്രോൾ ചികിത്സ കൂടതൽ എളുപ്പവും രോഗിസൗഹൃദവുമാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾക്കൊപ്പം ദിവസവും ഒരു ഗുളിക വീതം കഴിച്ചാൽ രോഗികളിലെ ചീത്ത കൊളസ്‌ട്രോൾ 60 ശതമാനം വരെ കുറയുമെന്ന് പഠനത്തിൽ തെളിഞ്ഞു.  ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത വർധിപ്പിക്കുന്ന എൽ.ഡി.എൽ. കൊളസ്‌ട്രോൾ ഫലപ്രദമായി നിയന്ത്രിക്കാൻ ഈ മരുന്ന് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രം നൽകുന്ന കുത്തിവെപ്പ് ചികിത്സയേക്കാൾ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ ബദലാണ് ദിവസേന കഴിക്കാവുന്ന ഗുളികയെന്നതും ഈ മരുന്നിന്റെ പ്രത്യേകതയാണ്. നിലവിൽ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ ചിലരിൽ പേശിവേദനയും അസ്വസ്ഥതയും ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത്തരം ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.എൻലിസിറ്റൈഡ് (Enlicitide) എന്ന ജെനറ്റിക്ക് പേരിലുള്ള ഈ മരുന്ന് ലിപ്‌ഫെൻഡ്ര (Lipfendra) എന്ന ബ്രാൻഡ് നാമത്തിലാണ് വിപണിയിലെത്തുക. ശരീരത്തിലെ PCSK9 എന്ന പ്രോട്ടീന്റെ പ്രവർത്തനം തടഞ്ഞ്, രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ വേഗത്തിൽ നീക്കം ചെയ്യാൻ കരളിനെ സഹായിക്കുന്നതാണ് ഈ മരുന്നിന്റെ പ്രവർത്തനരീതി. ഇതുവഴി ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര ഹൃദയ- രക്തക്കുഴൽ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, ഈ മരുന്നിന് FDA അനുമതി നൽകിയത് തിടുക്കത്തിലായിരുന്നുവെന്ന വിമർശനവും ചില പൊതുജനാരോഗ്യ വിദഗ്ധരിൽ നിന്ന് ഉയരുന്നുണ്ട്. ദീർഘകാല സുരക്ഷയും ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിലെ യഥാർഥ ഫലപ്രാപ്തിയും സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് അവരുടെ അഭിപ്രായം.