കേരളത്തിൽ ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലിൽ; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

Jul 13, 2026 - 16:56
0
കേരളത്തിൽ ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലിൽ; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

അങ്ങനെ കേരളത്തിൽ നാളെയൊരു പുതുചരിത്രം കുറിക്കപ്പെടാൻ പോവുകയാണ്. സംസ്ഥാനത്ത് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ആദ്യമായി ജയിലിൽ നടക്കും. ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതനാണ് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കോടതിയാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നാളെ രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലാണ് സത്യപ്രതിജ്ഞ. ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് ചടങ്ങ് നടക്കുക. അസാധാരണ തീരുമാനമെന്ന് കോടതി തന്നെ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. കോടതി പറയുന്നത് ഇങ്ങനെയാണ്. ജനകീയ കൽപ്പന മാനിക്കപ്പെടണം. ജനാധിപത്യത്തെ സംരക്ഷിക്കുക കോടതിയുടെ കടമയാണ്. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം. അസാധാരണ തീരുമാനം ജനാധിപത്യം മാനിക്കാൻ.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നാണ് സുഗതൻ വിജയിച്ചത്. സത്യപ്രതിജ്ഞയൊക്കെ അന്നേ കഴി‍ഞ്ഞതുമാണ്. എന്നാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കി. ദേവീദേവൻമാരുടെ പേരുചൊല്ലി സത്യപ്രതിജ്ഞ ചെയ്തതാണ് കോടതിയുടെ നടപടിക്ക് ഇടയാക്കിയത്. ബാക്കി 19 കൗൺസിലർമാരും ഹൈക്കോടതി വിധി വന്ന ദിവസം തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ സുഗതൻ ജയിലിലായതിനാൽ സത്യപ്രതിജ്ഞ അന്ന് നടന്നില്ല. കാപ്പ കേസിൽ അറസ്റ്റിലായതോടെയാണ് ബിജെപി നേതാവായ സുഗതൻ ജയിലിലായത്.
സത്യപ്രതിജ്ഞയ്ക്കായി ജാമ്യം തേടി സുഗതൻ നെയ്യാറ്റിൻകര കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയിലെത്തിയത്. സത്യപ്രതിജ്ഞയ്ക്കായി താത്കാലിക ജാമ്യം നൽകുന്നതിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. ജയിലിൽ സത്യപ്രതിജ്ഞയ്ക്കായി സൗകര്യം ഒരുക്കാമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി ചരിത്രം സൃഷ്ടിക്കുന്ന ഒരു വിധി പറഞ്ഞത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. കോർപ്പറേഷൻ മേയർക്കും അത്യാവശ്യമുള്ള ജീവനക്കാർക്കും ജയിൽ പരിസരത്ത് പ്രവേശിക്കാൻ കോടതി അനുമതി നൽകി. കൗൺസിലറുടെ സത്യപ്രതിജ്ഞ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിനാൽ അത് റിപ്പോർട്ട് ചെയ്യാൻ അക്രെഡിറ്റഡ് മാധ്യമങ്ങൾക്കും ജയിൽ സൂപ്രണ്ട് സൗകര്യം ഒരുക്കണം. കാപ്പ തടവുകാരനായതിനാൽ ഹർജിക്കാരനെ പുറത്ത് വിടാൻ കഴിയില്ല. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ ജനവിധിയെ മാനിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പിവി കു‍ഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നുണ്ട്.നേരത്തെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നാലാഴ്ചയ്ക്കകം വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഈ കാലയളവിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സുഗതൻ അയോഗ്യനാകും. അത് കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കും. 101 അംഗ കോർപ്പറേഷനിൽ നിലവിൽ ബിജെപിക്ക് കേവലഭൂരിപക്ഷമില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. അതിനാൽത്തന്നെ സുഗതന്റെ കൗൺസിൽ അംഗത്വം ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User