റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ ജിഎസ്ടി വെട്ടിപ്പ്; 42 കോടി രൂപയുടെ വരുമാനം പൂഴ്ത്തിയെന്ന് കണ്ടെത്തൽ

69 കേന്ദ്രങ്ങളിൽ പരിശോധന; 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, ഒന്നിലേറെ ക്യുആർ കോഡുകളിലൂടെയുള്ള ഇടപാടുകളും പുറത്ത്

Sep 19, 2026 - 07:59
0
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ ജിഎസ്ടി വെട്ടിപ്പ്; 42 കോടി രൂപയുടെ വരുമാനം പൂഴ്ത്തിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. പാർക്കിങ് കരാറെടുത്ത 22 പേരുടെ ഓഫീസുകളിലും വീടുകളിലുമടക്കം 69 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഏകദേശം 7.56 കോടി രൂപയുടെ ജിഎസ്ടി നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.

ജിഎസ്ടി റിട്ടേണുകളിൽ രേഖപ്പെടുത്തിയ വരുമാനത്തേക്കാൾ അധികം തുക വാഹന പാർക്കിങ് ഫീസായി പിരിച്ചെടുത്തിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. വിവിധ അക്കൗണ്ടുകളിലൂടെയും ഒന്നിലധികം ക്യുആർ കോഡുകളിലൂടെയും പണമിടപാടുകൾ നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഏകദേശം 42 കോടി രൂപയുടെ വരുമാനം രേഖകളിൽനിന്ന് മറച്ചുവച്ചതായാണ് കണ്ടെത്തൽ. ഇതുവഴിയാണ് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതെന്നാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

പാർക്കിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ, രസീതുകൾ, പണമിടപാട് രേഖകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചാണ് നികുതി വെട്ടിപ്പിന്റെ കണക്കെടുപ്പ് നടത്തിയത്. പാർക്കിങ് ഫീസ് പിരിവിന്റെ യഥാർഥ വിവരങ്ങളും ജിഎസ്ടി റിട്ടേണുകളിൽ രേഖപ്പെടുത്തിയ കണക്കുകളും തമ്മിലുള്ള വ്യത്യാസമാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിച്ചത്.

റെയിൽവേ സ്റ്റേഷനുകൾക്ക് പുറമെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ആയിരത്തിലധികം വാഹന പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങളും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഈ മേഖലയിൽ വ്യാപകമായി പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് വിവരശേഖരണമെന്നും വകുപ്പ് വ്യക്തമാക്കി.

വാഹന പാർക്കിങ് മേഖലയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ജിഎസ്ടി വകുപ്പിനെ രഹസ്യമായി അറിയിക്കാം. ഇതിനായി inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ വിവരങ്ങൾ കൈമാറാമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User