ചുണയുണ്ടെങ്കിൽ സംവാദത്തിന് വാ മോദി; വെല്ലുവിളിയുമായി രാഹുൽ ഗാന്ധി

മോദിക്കെതിരെ വിദേശ സഹായ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ ഏത് സമയത്തും തുറന്ന സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളിച്ചു.

Nov 03, 2026 - 10:20
0
ചുണയുണ്ടെങ്കിൽ സംവാദത്തിന് വാ മോദി; വെല്ലുവിളിയുമായി രാഹുൽ ഗാന്ധി

ചുണയുണ്ടെങ്കിൽ എന്നോട് സംവദിക്കാൻ വാ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കിയാണ് ഈ വെല്ലുവിളി. അത് നടത്തിയിരിക്കുന്നത് മറ്റാരുമല്ല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെറുതെ വായിൽ വരുന്നതും പ്രോംപ്റ്ററിൽ തെളിഞ്ഞു വരുന്നതും അണികൾക്ക് മുന്നിൽ വിളിച്ചു പറയുമ്പോൾ മോദി ഇങ്ങനെയൊരു പുലിവാല് ഓർത്തു കാണില്ല. രാജ്യത്തെ പ്രതിപക്ഷത്തെ കുറിച്ച്, പ്രത്യേകിച്ച് അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെ കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇപ്പോൾ വയ്യാവേലി പിടിച്ചിരിക്കുകയാണ് മോദി. രാഹുലിന്റെ മർമത്തുള്ള അടിയേറ്റ് മോദിയുടേയും ബിജെപിയുടേയും ബോധം പോയിരിക്കുകയാണ്. രാംലീല മൈതാനത്ത് കഴിഞ്ഞ ദിവസം അവസാനിച്ച ജനകീയ റാലി കോൺഗ്രസിനും പ്രതിപക്ഷത്തിനും എത്രത്തോളം ആത്മവിശ്വാസം നൽകിയിട്ടുണ്ട് എന്ന് രാഹുലിന്റെ ഈ വാക്കുകളിൽ കാണാം.

കഴിഞ്ഞ ദിവസം സ്വന്തം നാടായ ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ച് ആളാകാൻ നോക്കിയതാണ് മോദി. ജനാധിപത്യ രാജ്യത്തിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം സർക്കാർ നയങ്ങളെ എതിർക്കുകയും വിമർശിക്കുകയുമാണ്. പക്ഷേ ഇവിടെ ദൗർഭാഗ്യവശാൽ പ്രതിപക്ഷം നശീകരണ പക്ഷമായി മാറി എന്നാണ് മോദി പറയുന്നത്. നിലവിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷം നടത്തുന്ന സമരങ്ങളാണ് മോദിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സമരങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടുപിടിത്തം. രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ നിരന്തരം ഗൂഢാലോചന നടത്തുന്നു. ഇപ്പോൾ ഈ ശക്തികൾ രംഗത്ത് വന്നിരിക്കുന്നു. വിദേശത്ത് പോയി രഹസ്യമായി ആര് ആരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്? ഇന്ത്യാ വിരുദ്ധ ശക്തികൾ ആരെയാണ് പിന്തുണക്കുന്നത്? ഇന്ത്യയുടെ ശത്രുക്കളുടെ ഭാഷ ആരാണ് സംസാരിക്കുന്നത്? ഇവരെ ഒന്നിച്ച് നാം നേരിടണം എന്നാണ് മോദി പറയുന്നത്.

കഴിഞ്ഞ 12 വർഷമായി പ്രതിപക്ഷ സമരങ്ങളെ കുറിച്ച് ഇതൊക്കെ തന്നെയല്ലേ മിസ്റ്റർ മോദി താങ്കൾ പറയുന്നത്? സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളും നക്സലുകളും ആയി മുദ്രകുത്തുന്നതാണ് ബിജെപിയുടെ പണി. ഇപ്പോൾ രാജ്യത്തെ രക്ഷിക്കാനായി പ്രതിപക്ഷം ഒരു പോരാട്ടം നടത്തുമ്പോൾ ആ വാദങ്ങൾ ആവർത്തിക്കുകയാണ് മോദി. അതിനപ്പുറം ആരും ഒരു വിലയും കൽപ്പിക്കുന്നില്ല. കാരണം ഇക്കാര്യങ്ങളൊന്നും സത്യമാണെന്ന് തെളിയിക്കാൻ മോദിക്കോ ബിജെപിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇവിടെ രാഹുൽ ഗാന്ധി മോദിക്ക് ഒരു ഒന്നൊന്നര മറുപടി കൊടുത്തിട്ടുണ്ട്. രാജ്യത്തോട് കള്ളം പറയുന്നത് നിർത്തൂ മോദി. നിങ്ങൾ വിദേശ സഹായത്തോടെയാണ് പ്രധാനമന്ത്രി ആയത്. ആ പദവിയിൽ തുടരുന്നതും വിദേശ സഹായത്തോടെയാണ് എന്നാണ് രാഹുലിന്റെ തിരിച്ചടി. വിദേശത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മോദിയെ പിന്തുണക്കുന്നെന്നും വെളിപ്പെടുത്തുകയാണ് രാഹുൽ. വെറും ആരോപണം ഉന്നയിച്ച് പോവുകയല്ല. മറിച്ച് നെഞ്ച് വിരിച്ച് നിന്ന് മോദിയെ വെല്ലുവിളിക്കുകയാണ്. ചുണയുണ്ടെങ്കിൽ ഇക്കാര്യത്തിൽ എന്നോട് തുറന്ന ചർച്ചയ്ക്ക് വരൂ മോദി. ഏത് സ്ഥലത്തും ഏത് സമയത്തും ഞാൻ റെഡിയാണ് എന്നാണ് വെല്ലുവിളി. എന്നാൽ താങ്കൾക്ക് ധൈര്യമുണ്ടാകില്ല, കാരണം താങ്കളെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളോർത്ത് താങ്കൾ ഭയപ്പെട്ടിരിക്കുകയാണ്. വളരെ കൃത്യമാണ് രാഹുലിന്റെ വാക്കുകൾ. താൻ ഉന്നയിച്ച കാര്യങ്ങൾ തുറന്ന ചർച്ച നടത്തി തെളിയിക്കാമെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞിരിക്കുകയാണ് രാഹുൽ. ഒരു വശത്ത് മോദിയും കൂട്ടരും ഇല്ലാവെടി പൊട്ടിച്ച് ഓരോ ആരോപണങ്ങൾ ഉന്നയിച്ച് പോകുമ്പോൾ മറുവശത്ത് രാഹുൽ ആരോപണം ഉന്നയിക്കുക മാത്രമല്ല അതിൽ ചർച്ചയ്ക്ക് വെല്ലുവിളിക്കുക കൂടിയാണ്. അതായത് താൻ ഉന്നയിക്കുന്ന കാര്യങ്ങളിൽ തനിക്ക് കൃത്യതയുണ്ട്, വ്യക്തമായ ബോധ്യത്തോടെയാണ് തന്റെ വെളിപ്പെടുത്തൽ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ആ വെല്ലുവിളി. അതിന് ആർജ്ജവം ഉണ്ടാകണം. 56 ഇഞ്ച് നെഞ്ചളവിന്റെ വീരസ്യം പറഞ്ഞ് നടക്കുന്ന മോദി ഇത് കേട്ടഭാവം കാണിക്കുമോ? സാധ്യതയില്ല. കാരണം പ്രോംപ്റ്ററിന്റെ സഹായമില്ലാതെ സ്വന്തമായി എന്തെങ്കിലും പറയാൻ കഴിയാത്ത ആളാണ് നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രി കസേരയിൽ 12 വർഷം പിന്നിട്ടിട്ടും ഇന്നോളം ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ലാത്ത ധൈര്യശാലിയാണ്. അപ്പോൾ പിന്നെ രാഹുലിനെ പോലൊരു നേതാവിന് മുന്നിൽ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചയ്ക്ക് മോദിക്ക് ആർജ്ജവം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User