വിവാദങ്ങൾക്ക് ഒടുവിൽ തീരുമാനം; താമരശേരിയിലെ ഫ്രഷ് കട്ട് മാറ്റിസ്ഥാപിക്കും
താമരശേരിയിലെ-വിവാദ-ഫ്രഷ്-കട്ട്-അറവ്-മാലിന്യ-സംസ്കരണ-പ്ലാന്റ്-മാർച്ച്-വരെ-നിലവിലെ-സ്ഥലത്ത്-പ്രവർത്തിച്ച-ശേഷം-പുതിയ-സ്ഥലത്തേക്ക്-മാറ്റാൻ-ധാരണയായി
കോഴിക്കോട്: താമരശ്ശേരിയിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ച അറവുമാലിന്യ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് നിലവിലെ സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കാൻ ധാരണയായി. അടുത്ത മാർച്ച് വരെ മാത്രമേ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ തുടരുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. മാർച്ചിന് ശേഷം സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥാപനത്തിലേക്ക് പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം.ഇതുസംബന്ധിച്ച് ഫാക്ടറി ഉടമകളും സമരസമിതിയും തമ്മിൽ ധാരണയിലെത്തി. ഒപ്പം, പ്ലാന്റിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. പി കെ ഫിറോസ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് വിഷയം സമവായത്തിലെത്തിയത്. ഇതോടെ ഏറെ നാളായി പ്രദേശത്ത് നിലനിന്നിരുന്ന പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഫ്രഷ് കട്ട് പ്ലാന്റിനെതിരെ നേരത്തെ സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടലിലൂടെ സ്റ്റോപ്പ് മെമ്മോ നീക്കം ചെയ്യപ്പെട്ടതോടെ പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് വീണ്ടും തർക്കം ഉടലെടുത്തു. ഇതിനിടെ സർക്കാർ, നാട്ടുകാർ എന്നിവരുമായി സഹകരിച്ച് പ്രശ്നം പരിഹരിക്കാനുള്ള നിലപാടാണ് കമ്പനി ഉടമകൾ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ഫിറോസ് എംഎൽഎയും ഫ്രഷ് കട്ട് ഉടമകളുമായി ചർച്ച നടത്തി. തുടർന്ന് സമരസമിതിയുമായി രണ്ടാം ഘട്ടത്തിൽ നടത്തിയ ചർച്ചയിലാണ് പ്ലാന്റ് മാറ്റാനുള്ള അന്തിമ തീരുമാനത്തിലെത്തിയത്.
സമീപ കാലത്തുണ്ടായ വെള്ളപ്പൊക്കമാണ് പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകാൻ കാരണമായത്. വെള്ളം പ്ലാന്റിനുള്ളിൽ കയറിയതിനെ തുടർന്ന് അവിടെ സൂക്ഷിച്ചിരുന്ന അറവു മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോയ ഗുരുതര സാഹചര്യമുണ്ടായി. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ കമ്പനിക്കെതിരെ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചത്. പ്രശ്നം രൂക്ഷമായതോടെ ഒക്ടോബർ 21ന് പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധത്തിനിടെ പ്ലാന്റിന് തീയിടുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. പ്ലാന്റിന് പുറമെ കമ്പനിയുടെ നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് നിലവിലെ സ്ഥലത്തുനിന്ന് ഫ്രഷ് കട്ട് പ്ലാന്റ് മാറ്റാനുള്ള തീരുമാനത്തിൽ കമ്പനി എത്തിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)