മമതയെ വീഴ്ത്താൻ നീക്കം; ഒടുവിൽ വിമത എംഎൽഎ ദീദിക്കൊപ്പം തിരിച്ചെത്തി

വിമത ക്യാമ്പിൽ ചേർന്ന ടിഎംസി എംഎൽഎ കാസിം സിദ്ദിഖി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത് ബംഗാൾ രാഷ്ട്രീയത്തിൽ വിമതർക്കും ബിജെപിക്കും വലിയ തിരിച്ചടിയായി.

Aug 25, 2026 - 13:26
0
മമതയെ വീഴ്ത്താൻ നീക്കം; ഒടുവിൽ വിമത എംഎൽഎ ദീദിക്കൊപ്പം തിരിച്ചെത്തി

ഓരോ വീഴ്ചയും ഒരു ഉയർത്തെഴുനേൽപ്പിന്റെ തുടക്കമാണ് ,ഓരോ തോൽവിയും ഒരു വലിയ വിജയത്തിന്റെ മുന്നോടിയും അത്തരത്തിൽ. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ആകെ ഉലച്ചുകൊണ്ട് ഒരു വമ്പൻ തിരിച്ചുവരവ് കൂടി സംഭവിച്ചിരിക്കുകയാണ്. ദീദിയെ, മമത ബാനർജിയെ വീഴ്ത്താമെന്നും തൃണമൂൽ കോൺഗ്രസിനെ പിളർത്തി അധികാരം പിടിച്ചെടുക്കാമെന്നുമുള്ള ബിജെപിയുടെയും വിമതരുടെയും കണക്കുകൂട്ടലുകൾക്ക് ആകെ മങ്ങലേൽപ്പിച്ചുകൊണ്ടാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. കയ്യിലുണ്ടായിരുന്ന അധികാരവും ജനപിന്തുണയും ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമോ എന്ന് തോന്നിച്ച ദിനങ്ങൾ. ഒന്നിനുപിറകെ ഒന്നായി പാർട്ടിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരും എംപിമാരും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങി. പാർട്ടിയെ നയിച്ചിരുന്ന പ്രബലമായ ഒരു വിഭാഗം വിമതപക്ഷത്തേക്ക് നീങ്ങിയപ്പോൾ മമത ബാനർജി എന്ന ജനകീയ നേതാവിന് സ്വന്തം പാർട്ടിയിൽ തന്നെ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്.പാർട്ടി അധ്യക്ഷയായ മമതയുടെ തീരുമാനങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി വിമതർ തെരഞ്ഞെടുത്തത്. അഭിഷേക് ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു വിമതപക്ഷം. 

ആകെ 59 ടിഎംസി എംഎൽഎമാരുടെ പിന്തുണക്കത്ത് സ്പീക്കർക്ക് മുന്നിൽ ഹാജരാക്കി ഋതബ്രത ബാനർജി അധികാരം ഉറപ്പിച്ചപ്പോൾ, മമതക്ക് അത് കേവലമൊരു രാഷ്ട്രീയ തിരിച്ചടി മാത്രമായിരുന്നില്ല, വലിയൊരു ആഘാതം തന്നെയായിരുന്നു. സ്വന്തം പാർട്ടി ഓഫീസ് വരെ വീടിന്റെ കൊച്ചു മുറിയിലേക്ക് ചുരുക്കേണ്ടി വന്ന അവസ്ഥ! പൊതുവേദികളിൽ പോലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ദിനങ്ങൾ.എന്നാൽ, വീണയിടത്തുനിന്ന് തിരിച്ചടിക്കുന്ന മമത ബാനർജിയുടെ രാഷ്ട്രീയതന്ത്രങ്ങൾക്ക് മുന്നിൽ വീണ്ടും കാര്യങ്ങൾ മാറിമറിയുകയാണ്. ദീദിയുടെ കോട്ട തകർക്കാൻ കാത്തിരുന്നവർക്ക് ഏറ്റവും വലിയ പ്രഹരം നൽകിക്കൊണ്ട് ഇപ്പോൾ ആംഡംഗ മണ്ഡലത്തിലെ ടിഎംസി എംഎൽഎ കാസിം സിദ്ദിഖി മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിലേക്ക്  മടങ്ങിയെത്തിയിരിക്കുന്നു.പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് 'പിർസാദ' എന്നുകൂടി അറിയപ്പെടുന്ന കാസിം സിദ്ദിഖിയുടെ ഈ നിർണായക തിരിച്ചുവരവ്. ഹൂഗ്ലി ജില്ലയിലെ പ്രശസ്തമായ ഫുർഫുറാ തീർഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള, മുസ്‌ലിം സമുദായത്തിനിടയിൽ നിർണായക ജനപിന്തുണയുള്ള സിദ്ദിഖിയുടെ മടങ്ങിവരവ് സാധാരണ ഒരു തിരിച്ചു വരവല്ല. അത് വിമത ക്യാമ്പിന്റെ അടിത്തറയിളക്കുന്ന ഒന്നാണ്.താൻ എന്നും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും ഇനിയും അവരുടെ നേതൃത്വത്തിൽ തന്നെ തുടരുമെന്നുമാണ് സിദ്ദിഖി വ്യക്തമാക്കിയത്. വിമത വിഭാഗം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തുന്നു. മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് വിശ്വസിപ്പിച്ചാണ് വിമതർ ഒപ്പുവെപ്പിച്ചത്. എന്നാൽ വിമത ക്യാമ്പിൽ എത്തിയപ്പോഴാണ് അവിടെ ദീദിയുടെ പേര് പോലും പരാമർശിക്കുന്നില്ലെന്ന് മനസ്സിലായതെന്ന് സിദ്ദിഖി തുറന്നടിക്കുന്നു."ദീദിയാണ് ഞങ്ങൾക്ക് എല്ലാം! അവർ നൽകിയ ടിക്കറ്റിലാണ് ഞങ്ങൾ ജയിച്ചത്, ജനങ്ങൾ വോട്ട് ചെയ്തത് ദീദിയുടെ ചിത്രം കണ്ടാണ്" എന്ന സിദ്ദിഖിയുടെ വാക്കുകൾ, വിമതപക്ഷത്ത് നിൽക്കുന്ന മറ്റ് പല എംഎൽഎമാരുടെയും എംപിമാരുടെയും  ഉള്ളിലിരുപ്പ് തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്.തൃണമൂലിലെ ഈ ആഭ്യന്തര ഭിന്നതകളെയും വിമത നീക്കങ്ങളെയും മുതലെടുത്ത് പാർലമെന്റിലും സഭയിലും അധികാരം  സ്ഥാപിക്കാൻ കരുക്കൾ നീക്കിയ ബിജെപിക്ക് ഈ തിരിച്ചുവരവ് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്. വിമതരെ മുൻനിർത്തി ബംഗാൾ രാഷ്ട്രീയം പിടിച്ചെടുക്കാമെന്ന മോഹങ്ങൾക്ക് മേലാണ് കാസിം സിദ്ദിഖിയുടെ ഈ തുറന്നുപറച്ചിലും മടങ്ങിവരവും കരിനിഴൽ വീഴ്ത്തുന്നത്.മമത ബാനർജിയെ പൂർണ്ണമായും തകർക്കാൻ കഴിയില്ലെന്നും, ജനങ്ങൾ ഇപ്പോഴും ദീദിക്കൊപ്പമാണെന്നുമുള്ള സത്യം വിമതർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കാസിം സിദ്ദിഖിയുടെ ഈ മടങ്ങിവരവ് ഒരു തുടക്കം മാത്രമാണ്. ഇനിയും കൂടുതൽ പേർ ദീദിയുടെ തണലിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് ബംഗാൾ രാഷ്ട്രീയത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User