‘എല്ലാം ഞാൻ എന്ന ഭാവം; യജമാനൻ–ഭൃത്യൻ ബന്ധമല്ല മുന്നണി, പിണറായിക്കു രാഷ്ട്രീയ പക്വതയില്ല’: സിപിഐ മുഖപത്രത്തിൽ വിമർശനം
തിരുവനന്തപുരം: സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകാത്തതിനെച്ചൊല്ലി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രമായ 'ജനയുഗം'. സിപിഐ നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിലാണ് എൽഡിഎഫിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വതയില്ലായ്മയുമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ:
-
'എല്ലാം ഞാൻ' എന്ന ഭാവം:
"താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിനു സഹായകരമല്ല. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതുമല്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കാൻ സിപിഐ മുന്നോട്ടുവച്ച നിർദേശമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. ഈ വിഷയം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അതിനെയെല്ലാം മറികടന്ന് പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി പ്രസ്താവന നടത്തിയത്."
-
പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ:
"പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്, 'ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തുകൊടുക്കേണ്ടതു ഞാനാണ്; അതുകൊടുത്താൽ ഉപനേതാവ് വരും, സിപിഎം നേതാവിന്റെ പേരു കൊടുക്കും' എന്നാണ്. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം പ്രതിപക്ഷ നേതാവിനു സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. അതിനായി ഏകപക്ഷീയമായി കത്ത് കൊടുക്കുമെന്നു പറയാൻ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് വ്യക്തമാണ്."

-
മുന്നണി രാഷ്ട്രീയവും പക്വതയും:
"പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഇത്തരത്തിൽ ഏകപക്ഷീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണോ? വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ധാർമികതയെ ദുർബലപ്പെടുത്തും. ഇത് ബിജെപി–സംഘപരിവാർ ശക്തികൾക്കാണ് സഹായകരമാകുന്നത്. കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ രാഷ്ട്രീയ–ധാർമിക വിഷയങ്ങളിൽ എടുത്ത നിലപാടുകൾ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചത്."
-
യജമാനൻ–ഭൃത്യൻ ബന്ധമല്ല:
"മുന്നണികളിലെ സഹോദര പാർട്ടികളോട് എങ്ങനെ സമീപിക്കണമെന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. 'മുന്നണി എന്നത് യജമാനനും ഭൃത്യനും തമ്മിലുള്ള ബന്ധമല്ല' എന്ന് ജോർജ് ദിമിത്രോവ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. പാർട്ടികൾ തമ്മിൽ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലർത്തേണ്ടത്. കമ്യൂണിസ്റ്റുകാർ കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്നു പറയേണ്ടി വരുമ്പോൾ ഖേദമുണ്ട്."
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)