ഡയറിയിലെ രഹസ്യ കണക്കുകൾ പുറത്ത്; വീണ വിജയന് കുരുക്ക് മുറുകുന്നു

വീണ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഡയറിയും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് ഇഡി അന്വേഷണം ശക്തമാക്കുന്നു.

Aug 20, 2026 - 11:10
0
ഡയറിയിലെ രഹസ്യ കണക്കുകൾ പുറത്ത്; വീണ വിജയന് കുരുക്ക് മുറുകുന്നു

അന്വേഷണ ഏജൻസികളുടെയും നിയമത്തിന്റെ ശക്തിയുടെയും കണ്ണുവെട്ടിക്കാൻ സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ വൈഫൈ റൂട്ടറിൽ വ്യാജ സിം കാർഡ് ഘടിപ്പിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയ അത്യാധുനിക അടവുകൾ ഒടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അതിശക്തമായ അന്വേഷണത്തിന് മുന്നിൽ വീണുടയുന്നു! സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും മാസപ്പടി വിവാദത്തിലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത അനുയായികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പടയൊരുക്കവുമായാണ് ഇഡി ഇപ്പോൾ വീണ്ടും അവതരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനകളിൽ പുറത്തുവന്ന വിവരങ്ങൾ ഭരണ നേതൃത്വത്തെയും സിപിഎം പാർട്ടി കേന്ദ്രങ്ങളെയും പൂർണ്ണമായും ഞെട്ടിച്ചിരിക്കുകയാണ്...കേസിന്റെ ആരംഭത്തിൽ സിഎംആർഎല്ലിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി എക്സാലോജിക് കമ്പനിക്ക് ലഭിച്ചുവെന്ന് പറയപ്പെടുന്ന 2.78 കോടി രൂപയുടെ കണക്കുകൾ മാത്രമായിരുന്നു ഉയർന്നുവന്നതെങ്കിൽ, ഇപ്പോൾ പുറത്തുവരുന്നത് അതിലും എത്രയോ വലിയ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങളാണ്. കഴിഞ്ഞ മേയ് 27-ന് വീണ വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയും ഡിജിറ്റൽ രേഖകളുമാണ് ഈ കേസിനെ തീർത്തും പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടത്...ആ ഡയറിയിലെ ആദ്യ ഒമ്പത് പേജുകളിൽ എഴുതിവെച്ചിരുന്ന കൈയെഴുത്ത് കണക്കുകൾ പരിശോധിച്ച ഇഡി ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടു. വെളിപ്പെടുത്താത്ത സാമ്പത്തിക സ്രോതസ്സുകളിൽ നിന്നായി ഏകദേശം 20.5 കോടിയിലധികം രൂപയുടെ വൻ സാമ്പത്തിക ഇടപാടുകളാണ് ആ ഡയറിത്താളുകളിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ഏറ്റവും ഗൗരവമേറിയ കണ്ടെത്തെൽ എന്തെന്നാൽ, 3.49 ലക്ഷം ദിർഹം. അതായത്, ഏകദേശം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ—അനധികൃതമായി ഹവാല ശൃംഖലകൾ വഴി ദുബായിലേക്ക് കടത്തിയിട്ടുണ്ട് എന്നതാണ്. നിയമപരമായ ബാങ്കിങ് സംവിധാനങ്ങളെ പൂർണ്ണമായും നോക്കു കുത്തിയാക്കി നടത്തിയ ഈ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു...അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാനും തങ്ങൾ നടത്തുന്ന രഹസ്യ ആശയവിനിമയങ്ങളുടെ തെളിവുകൾ പൂർണ്ണമായി നശിപ്പിക്കാനും അതീവ ഗൗരവമേറിയ സാങ്കേതിക വിദ്യകളാണ് കേസിൽ ഉപയോഗിച്ചിരുന്നത്. മറ്റൊരാളുടെ പേരിൽ വ്യാജമായി ഒപ്പിച്ചെടുത്ത സിം കാർഡ് വീട്ടിലെ വൈഫൈ റൂട്ടറിൽ ഘടിപ്പിച്ച്, അതിലൂടെ ഇന്റർനെറ്റ് കോളുകൾ നിർമ്മിച്ച് നിരീക്ഷണ ഏജൻസികളെ ചതിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക വിദ്യയുടെ അതിരുകൾ കടന്ന് ഇഡി അന്വേഷണ സംഘം ഈ സിം കാർഡിന്റെ ചിത്രങ്ങളും റൂട്ടർ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുമെല്ലാം കൃത്യമായി കൈക്കലാക്കി കഴിഞ്ഞു. ഇത്തരമൊരു ഫൗൾ പ്ലേ നടന്നത് കേസിൽ വീണ വിജയന്റെ കുരുക്ക് കൂടുതൽ മുറുക്കാൻ ഇടയാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഏറ്റവും അടുത്ത വിശ്വസ്തരെയും സഹപ്രവർത്തകരെയും ലക്ഷ്യമിട്ട് ഇഡി കോഴിക്കോട്ടേക്ക് റെയ്ഡ് വ്യാപിപ്പിച്ചത്. റിയാസിന്റെ സഹപാഠിയും കെ.സി.കെ ഡെന്റൽ ഉടമയുമായ ഡോ. ഷൈജലിന്റെ അപ്പാർട്മെന്റ്, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ ഫ്ലാറ്റ്, കോഴിക്കോട് ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ എൻ. നന്ദുലാലിന്റെ വീട് എന്നിവയടക്കം ഒൻപത് പ്രമുഖ കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം ഇരച്ചുകയറിയത്. വ്യാജ സിം കാർഡ് നൽകിയ വ്യക്തിയിലേക്കും ഡയറിയിൽ പേരുകൾ പരാമർശിക്കപ്പെട്ട പ്രാദേശിക നേതാക്കളിലേക്കും ഇഡിയുടെ പരിശോധനകൾ എത്തിയതോടെ ഇടത് ക്യാമ്പുകൾ ആകെ പരിഭ്രാന്തിയിലായിട്ടുണ്ട്.

അനധികൃതമായി വിദേശത്തേക്ക് പണം കടത്തിയതിലൂടെ ഫെമ (FEMA) നിയമത്തിലെ കടുത്ത ചട്ടങ്ങളും വകുപ്പുകളും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇഡി ഇപ്പോൾ അതീവ ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. ഫെമ നിയമപ്രകാരമുള്ള നടപടികളിലേക്ക് ഏജൻസി കടന്നാൽ അത് വീണ വിജയനും ഭരണകക്ഷിക്കും തിരിച്ചടിയാകും. മുൻകാലങ്ങളിൽ കേന്ദ്ര ഏജൻസികൾക്കെതിരെ തെരുവിൽ സമരം നയിക്കുകയും ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്ത പ്രാദേശിക സഖാക്കൾക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്ന കൈപ്പേറിയ ചരിത്രം പാർട്ടിയുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, ഇത്തവണ തെരുവിൽ കായികമായ പ്രതിരോധം തീർക്കാൻ മുതിർന്നാൽ അത് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് നയിക്കുമെന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്...ഡിജിറ്റൽ തെളിവുകളുടെയും പിടിച്ചെടുത്ത ഡയറിയിലെ സാമ്പത്തിക കണക്കുകളുടെയും പിൻബലത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായി വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് ഇഡിയുടെ അടുത്ത നീക്കം. ചോദ്യം ചെയ്യൽ ഘട്ടം പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊടുങ്കാറ്റുകൾക്കായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User