സർക്കാരിന് നൽകിയ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക്? സുപ്രീം കോടതിയിൽ നിർണായക ചോദ്യം

സർക്കാർ ഏജൻസികൾക്ക് നൽകുന്ന വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം ചോദ്യം ചെയ്ത് ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്രം അടിയന്തര നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

Aug 25, 2026 - 16:04
0
സർക്കാരിന് നൽകിയ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക്? സുപ്രീം കോടതിയിൽ നിർണായക ചോദ്യം

നമ്മൾ പ്രൊവിഡന്റ് ഫണ്ടിനായി  സർക്കാരിലേക്ക് നൽകിയ വിവരങ്ങൾ, നമ്മൾ ആദായനികുതി അടയ്ക്കാനായി കൈമാറിയ സ്വകാര്യ ഡാറ്റകൾ... ഇതെല്ലാം ഇന്ന് എവിടെയാണ് സുരക്ഷിതമായിരിക്കുന്നത്? നമ്മൾ അറിയാതെ, നമ്മളോട് ഒരു അനുവാദം പോലും ചോദിക്കാതെ, നമ്മുടെ പാൻ കാർഡ് നമ്പറും യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും മാത്രം ഉപയോഗിച്ച് നമ്മുടെ ജീവിതത്തിലെ സകല ജോലി വിവരങ്ങളും ഒരു സ്വകാര്യ കമ്പനിക്ക് ചോർത്തിയെടുക്കാൻ കഴിയുമെങ്കിൽ, പിന്നെ എവിടെയാണ് ഈ രാജ്യത്ത് ജനങ്ങളുടെ സ്വകാര്യത? ഇതാണ് സുപ്രീം കോടതിയുടെ തലപ്പത്തിരിക്കുന്ന ന്യായാധിപന്മാരെപ്പോലും ചൊടിപ്പിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിഷയം പരിഗണിച്ചത്. പിയൂഷ് ശർമ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മുന്നിൽ കോടതി ഉയർത്തിയ ചോദ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ഉറക്കം കെടുത്തുന്നതാണ്. നമ്മൾ നിയമങ്ങൾ അനുസരിച്ച്, വിശ്വസിച്ച് സർക്കാരിന് നൽകുന്ന ഡാറ്റ സ്വകാര്യ തൊഴിൽ പരിശോധനാ ഏജൻസികൾ വാണിജ്യ ആവശ്യങ്ങൾക്കായി വിറ്റഴിക്കുന്നു! ഇതൊരു നിസ്സാര കാര്യമാണോ? ഒരു ഒ.ടി.പി പോലുമില്ലാതെ, വ്യക്തിയുടെ യാതൊരു സമ്മതവുമില്ലാതെ ഇത്തരം ഡാറ്റകൾ ചോർത്തപ്പെടുന്നത് രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ലേ എന്ന് കോടതി ചോദിക്കുമ്പോൾ, മറുപടി പറയാൻ കേന്ദ്രത്തിന് വാക്കുകളില്ല.ഇവിടെ ഹർജിക്കാരൻ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം, സർക്കാർ ഏജൻസികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നു എന്നല്ല. മറിച്ച്, വിവിധ നിയമങ്ങൾ കാണിച്ച് സർക്കാരിൽ എത്തുന്ന വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് എത്ര നിസ്സാരമായി, എളുപ്പത്തിൽ ലഭ്യമാകുന്നു എന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചാണ്. അതായത്, ഭരണകൂടം ജനങ്ങളുടെ ഡാറ്റ സൂക്ഷിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.സമീപകാലത്തായി ഇന്ത്യയിൽ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമങ്ങൾ (DPDP Act) നടപ്പിലാക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും, അതൊന്നും യഥാർത്ഥത്തിൽ സാധാരണക്കാരന്റെ അനുവാദമില്ലാതെ ഡാറ്റ ചോർത്തുന്നത് തടയാൻ പ്രാപ്തമല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരം സംഭവങ്ങൾ. 

വൻകിട കമ്പനികൾക്ക് ജനങ്ങളുടെ സ്വകാര്യ ഡാറ്റകൾ അനായാസം ലഭ്യമാകുമ്പോൾ, വ്യക്തിഗത സ്വകാര്യതയെന്ന മൗലികാവകാശം കേവലം കടലാസ് ഒതുങ്ങുകയാണെന്ന് കോടതി വിലയിരുത്തി.ഇതൊരു ഭരണഘടനാപരമായ പ്രതിസന്ധിയാണ്. വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, ഇത് കേവലം നിയമപരമായ വശങ്ങൾ മാത്രമല്ല, കേന്ദ്ര സർക്കാർ അടിയന്തരമായി നയപരമായ തീരുമാനങ്ങളിലൂടെ പരിഹരിക്കേണ്ട കാര്യമാണെന്ന് സുപ്രീം കോടതി തുറന്നടിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് അടിയന്തരമായി തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിന് അമരക്കാരനായ പരമോന്നത കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്.നമ്മുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് വിൽക്കാൻ വച്ചിരിക്കുന്ന ഒന്നല്ലെന്നും, ജനങ്ങളുടെ ഡാറ്റ സംരക്ഷിക്കാൻ ബാധ്യസ്ഥരായ കേന്ദ്ര സർക്കാർ ഇനി കണ്ണടച്ചിരുന്നാൽ പോരെന്നും ഉറപ്പിച്ചു പറയുന്നതായിരുന്നു സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User