വേറിട്ട കാഴ്ചയായി ഇടുക്കിയിൽ വനിതാ മാവേലി!
“മാവേലി നാട് വാണീടും കാലം...” എന്ന പാട്ടിനൊപ്പം നമ്മൾ കണ്ടുമടുത്ത ആൺമാവേലി സങ്കൽപ്പങ്ങളെ കാറ്റിൽപ്പറത്തി ഒരു പെൺകരുത്തിന്റെ മാസ് അവതാരം! “മാവേലിയാകാൻ പുറത്തുനിന്ന് വാടക ആളുകളെ തിരക്കേണ്ട, ആശുപത്രിയുടെ സ്വന്തമായ ഞാനില്ലേ...” എന്ന മാസ് ചോദ്യത്തോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന്റെ ആഘോഷച്ചൂട് ഇരട്ടിയാക്കിയിരിക്കുകയാണ് ഒരു വനിതാ മാവേലി. പരമ്പരാഗത ആടയാഭരണങ്ങളും ഗാംഭീര്യമുള്ള കൊമ്പൻ മീശയും കൈയിൽ ഓലക്കുടയുമായി ആൺപെൺ വ്യത്യാസങ്ങളില്ലാത്ത ഒരു യഥാർത്ഥ സമത്വസുന്ദരമായ ഓണസന്ദേശം കൂടി നൽകിയാണ് ഈ 'സൂപ്പർ വനിതാ മാവേലി' ജനമനസ്സുകൾ കീഴടക്കുന്നത്.മാവേലിയാകാൻ മുന്നോട്ടുവന്നത് മറ്റാരുമല്ല -നഴ്സിങ് ഓഫീസറായ ജോയ്സ് ജോസഫ് (38).
ആദ്യം പലരും മാവേലിവേഷത്തിൽ നിന്ന് പിന്മാറിയെങ്കിലും, താലൂക്ക് ആശുപത്രിയുടെ ഓണാഘോഷ വൈബ് ഒട്ടും ചോരാതെ ഏറ്റെടുക്കാൻ ജോയ്സ് തീരുമാനിക്കുകയായിരുന്നു. അലങ്കാര ആടയാഭരണങ്ങളും ഗാംഭീര്യമുള്ള കൊമ്പൻ മീശയും കൈയിൽ ഓലക്കുടയുമായി മാവേലി മന്നന്റെ വേഷത്തിൽ ജോയ്സ് എത്തിയപ്പോൾ ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ കൗതുകവും ആവേശവുമായി.
സ്‌കൂൾ പഠനകാലത്ത് കലാമത്സര വേദികളിൽ സജീവമായിരുന്ന അനുഭവപരിചയവും ആത്മവിശ്വാസവുമാണ് ഈ വേറിട്ട പരീക്ഷണത്തിന് ജോയ്സിന് കരുത്തായത്. എന്തായാലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഈ 'സൂപ്പർ വനിതാ മാവേലി' ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ സംസാരവിഷയമായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)