ശബരിമലയിലെ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപ നഷ്ടം

1.63 ലക്ഷം കിലോ അരി കരാറുകാരൻ കൊണ്ടുപോയിട്ടും പണമടച്ചില്ല; ജീവനക്കാരന്റെ ഭാഗത്തും ഗുരുതര വീഴ്ചയെന്ന് വിജിലൻസ് റിപ്പോർട്ട്

Nov 11, 2026 - 05:49
0
ശബരിമലയിലെ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപ നഷ്ടം

തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് അരി വിൽപ്പനയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. 1.63 ലക്ഷം കിലോഗ്രാം അരി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും അടയ്ക്കാതെ കരാറുകാരൻ കൊണ്ടുപോയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിലൂടെ ബോർഡിന് 42,37,568 രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ട്.

ശബരിമലയിൽ ശർക്കരപ്പായസം തയ്യാറാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന അരിയിൽ മിച്ചം വരുന്നവയാണ് കരാർ പ്രകാരം വിൽക്കുന്നത്. 2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്സിലെ അനിൽകുമാറിനായിരുന്നു അരി വിൽപ്പനയുടെ കരാർ നൽകിയത്. കിലോഗ്രാമിന് 26 രൂപയായിരുന്നു കരാർ നിരക്ക്.

2026 ഏപ്രിൽ വരെ 1,62,983.4 കിലോഗ്രാം അരി കരാറുകാരൻ കൊണ്ടുപോയെങ്കിലും ഇതിന്റെ വില ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചില്ല. ഓരോ തവണ അരി കൊണ്ടുപോകുമ്പോഴും തൂക്കം രേഖപ്പെടുത്തി പണം അടയ്ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ബന്ധപ്പെട്ട ജീവനക്കാരൻ ചലാൻ നൽകുകയോ പണം അടച്ചെന്ന് ഉറപ്പുവരുത്തുകയോ ചെയ്തില്ല. സ്റ്റോക്ക് ലെഡ്ജറിലും അരിയുടെ അളവ് രേഖപ്പെടുത്തിയില്ല.

സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാറിന്റെ ചുമതലക്കാലത്താണ് ക്രമക്കേട് നടന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മേയ് 31-നാണ് അദ്ദേഹം വിരമിച്ചത്.

പണം ലഭിക്കാത്ത വിവരം നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും പണം ലഭിച്ചില്ല.

കുടിശ്ശിക തുകയും പലിശയും കരാറുകാരനിൽനിന്ന് ഈടാക്കണമെന്നാണ് വിജിലൻസിന്റെ നിർദേശം. കരാറുകാരനിൽനിന്ന് തുക ഈടാക്കാൻ കഴിയാത്തപക്ഷം ഉത്തരവാദിത്തപ്പെട്ട മുൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ദിലീപ് കുമാറിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User