കടബാധ്യത 22000 കോടി; 6.5 കോടി തിരിച്ചടച്ചാൽ മതി: ബിജെപി മുൻ എംപിക്ക്​ വൻ ഇളവ്, വിമർശനം ശക്​തം

Aug 27, 2026 - 20:51
0
കടബാധ്യത 22000 കോടി; 6.5 കോടി തിരിച്ചടച്ചാൽ മതി: ബിജെപി മുൻ എംപിക്ക്​ വൻ ഇളവ്, വിമർശനം ശക്​തം

ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് ബാങ്കുകളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും തിരിച്ചടയ്ക്കാനുള്ള കോടികളുടെ കടബാധ്യതയിൽ വലിയ ഇളവ് നൽകി കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി). വിവിധ ബാങ്കുകൾക്കായി തിരിച്ചടയ്ക്കാനുള്ള 22,000 കോടിയോളം രൂപയുടെ വ്യക്തിഗത ബാധ്യതയിൽ, വെറും ആറരക്കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്നാണ് ട്രിബ്യൂണലിന്റെ പുതിയ ഉത്തരവ്.

ഇതോടെ കടബാധ്യതയുടെ 99.97 ശതമാനം തുകയും എഴുതിത്തള്ളുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ധനകാര്യ സ്ഥാപനമായ ഇൻഡ്യാബുൾസ് നൽകിയ വ്യക്തിഗത പാപ്പരത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.

രാജ്യത്തെ പാപ്പരത്ത നിയമപ്രകാരമാണ് (ഐ.ബി.സി) കടം തീർപ്പാക്കാനുള്ള ഈ പദ്ധതിക്ക് ട്രിബ്യൂണൽ അംഗീകാരം നൽകിയത്. സുഭാഷ് ചന്ദ്രയുടെ വിവിധ സ്ഥാപനങ്ങൾ എടുത്ത വായ്പകൾക്ക് അദ്ദേഹം നൽകിയ വ്യക്തിഗത ജാമ്യമാണ് കേസിന് കാരണം.

നേരത്തെ ഈ കേസിൽ വിധി പറയുന്നതിൽ ട്രിബ്യൂണലിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. തുടർന്ന് മൂന്നാമതൊരു അംഗം വിഷയം പരിശോധിച്ച് ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നു. വായ്പ നൽകിയ സ്ഥാപനങ്ങളിൽ 80 ശതമാനത്തിലധികം പേരും ഈ തിരിച്ചടവ് പദ്ധതിക്ക് സമ്മതം മൂളിയ സാഹചര്യം കണക്കിലെടുത്താണ് ട്രിബ്യൂണലിന്റെ നടപടി. എന്നാൽ എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങൾ വൻതുക എഴുതിത്തള്ളുന്നതിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.

എന്താണ് ഈ പാപ്പരത്ത നിയമം? എന്തുകൊണ്ട് ഇത്രയും വലിയ ഇളവ് നൽകി?

  • വ്യക്തിഗത ആസ്തി മാത്രം കണക്കാക്കൽ: കമ്പനികൾ എടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകൾക്കാണ് സുഭാഷ് ചന്ദ്ര വ്യക്തിപരമായി ജാമ്യം നിന്നത്. എന്നാൽ നിയമപ്രകാരം ഒരു വ്യക്തിയെ പാപ്പരായി പ്രഖ്യാപിക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള സ്വത്തുക്കൾ മാത്രമാണ് വിലയിരുത്തുക. നിലവിൽ അദ്ദേഹത്തിന്റെ പേരിൽ ആറരക്കോടി രൂപയ്ക്കുള്ള ആസ്തി മാത്രമാണ് ലഭ്യമായിട്ടുള്ളത്.

  • ബാങ്കുകളുടെ തീരുമാനം: ബാങ്കുകൾക്കും വായ്പ നൽകിയ സ്ഥാപനങ്ങൾക്കും ഈ തിരിച്ചടവ് പദ്ധതിയിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. കടം കൊടുത്തവരിൽ 80 ശതമാനത്തിലധികം ആളുകൾ കുറഞ്ഞ തുകയാണെങ്കിലും ഇത് സ്വീകരിക്കാം എന്ന് വോട്ട് ചെയ്തതിനാലാണ് കോടതി ഇത് അംഗീകരിച്ചത്.

  • മുഴുവൻ നഷ്ടത്തേക്കാൾ ഭേദം ചെറിയ തുക: വ്യക്തിയെ പൂർണ്ണമായും പാപ്പരായി പ്രഖ്യാപിച്ച് വിറ്റഴിച്ചാൽ ഇതിലും കുറഞ്ഞ തുകയേ ബാങ്കുകൾക്ക് ലഭിക്കൂ എന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്.

  • കടം എഴുതിത്തള്ളൽ: വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ ബാങ്കുകൾ ഒരു വലിയ തുക നഷ്ടമായി കണക്കാക്കി ഒഴിവാക്കി കൊടുക്കുന്ന രീതിയാണിത്. ഇവിടെ ബാങ്കുകൾക്ക് ബാധ്യതയുടെ 99.97 ശതമാനവും നഷ്ടമായി സഹിക്കേണ്ടി വന്നു.
    കോടികളുടെ കടങ്ങൾ ഇത്തരക്കാർക്ക് മാത്രമായി എഴുതിത്തള്ളപ്പെടുമ്പോൾ അത് പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
    ചെറിയൊരു വായ്പ തിരിച്ചടവ് മുടങ്ങിയാൽ വീടുകളിൽ ജപ്തി നോട്ടീസയക്കുകയും ആസ്തികൾ കണ്ടുകെട്ടുകയും ചെയ്യുന്ന ബാങ്കുകൾ, കോടീശ്വരൻമാർക്ക് വിചിത്രമായ ഇളവുകൾ നൽകുന്നു എന്ന വിമർശനം പൊതുസമൂഹത്തിൽ ശക്തമാണ്. പൊതുമേഖലാ ബാങ്കുകൾ ഇത്തരത്തിൽ വലിയ തുക എഴുതിത്തള്ളുമ്പോൾ ബാങ്കിനുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ വീണ്ടും ജനങ്ങളുടെ നികുതിപ്പണം ബാങ്കുകളിൽ നിക്ഷേപിക്കേണ്ടി വരുന്നു. എച്ച്.ഡി.എഫ്.സി അടക്കമുള്ള പ്രമുഖ ബാങ്കുകൾ നിലവിൽ ഈ വിധിക്കെതിരെ അപ്പീൽ കോടതിയായ എൻ.സി.എൽ.എ.ടിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സാധാരണക്കാരായ ജനങ്ങളിൽ നിയമ വ്യവസ്ഥയോടും ബാങ്കിങ് സംവിധാനത്തോടും വലിയ അവിശ്വാസം വളർത്താൻ ഇത്തരം ഇളവുകൾ കാരണമാകുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User