ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റില്ലാതെ നേരിട്ട് സമീപിച്ചതിനെ തുടർന്ന് നിരന്തരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നു.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ജീവിതമാർഗം തന്നെ തകർത്തുവെന്നാണ് ഷൗക്കത്തലിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ ആരോപണം. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളും ഏജന്റുമാരും ഉൾപ്പെടുന്ന സംവിധാനവുമായി കഴിഞ്ഞ പത്ത് മാസമായി താൻ ബുദ്ധിമുട്ടുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. വീട്ടിൽ മരിച്ച നിലയിലാണ് ഷൗക്കത്തലിയെ കണ്ടെത്തിയത്.
വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് എവിടെയാണ് കാലതാമസം ഉണ്ടായതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അപാകതകളോ ഉണ്ടായിട്ടുണ്ടോയെന്നും സമഗ്രമായി പരിശോധിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലി അറിയിച്ചു.
അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വീഴ്ചകളോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി അർഹമായ നീതി ലഭ്യമാക്കാൻ ഇടപെടുമെന്നും എംഎൽഎ വ്യക്തമാക്കി.
ഷൗക്കത്തലിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
‘‘എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, എംവിഡി ഓഫിസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രെഡിറ്റ് സ്‌കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ. അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിനു ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിനു ശേഷം ഇന്ത്യൻ നിയമം അനുസരിച്ച് എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.
ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി’’.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)