“സി.ജെ.പിയുടെ ദേശസ്നേഹം ചോദ്യം ചെയ്തവർ കേൾക്കണം; ഗാന്ധിയുടെ കുടുംബം ഞങ്ങൾക്കൊപ്പം: ദീപ്കെ
ഛത്രപതി സംഭാജി നഗർ: മഹാത്മാ ഗാന്ധിയുടെ കുടുംബത്തിൽപ്പെട്ട തുഷാർ ഗാന്ധി തങ്ങൾക്കൊപ്പം നിൽക്കുന്നത് തങ്ങളുടെ രാജ്യസ്നേഹത്തിനുള്ള വലിയ അംഗീകാരമാണെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. തുഷാർ ഗാന്ധി വീട്ടിലെത്തി തന്നെ സന്ദർശിച്ചതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം.
പ്രക്ഷോഭത്തിനിടെ തങ്ങളെ ദേശവിരുദ്ധരും അരാജകവാദികളും അക്രമാസക്തരുമെന്നു വരെ വിമർശിച്ചിരുന്നുവെന്ന് ദീപ്കെ പറഞ്ഞു. എന്നാൽ തുഷാർ ഗാന്ധിയുടെ പിന്തുണ തങ്ങൾ സമാധാനപരമായും അഹിംസയിലും രാജ്യസ്നേഹത്തോടെയും മുന്നോട്ട് പോയെന്നതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ആശയധാര വർഷങ്ങളായി ഗാന്ധിജിയുടെ ചിന്തകളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഗാന്ധിയൻ ആശയങ്ങളാണ് ഇന്ത്യയുടെ ആത്മാവെന്നും ദീപ്കെ പറഞ്ഞു. ഗാന്ധിജിയുടെ മാർഗത്തിലൂടെയാണ് തങ്ങളുടെ പ്രക്ഷോഭം മുന്നോട്ടുപോയതെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് മരണമില്ലെന്ന് തങ്ങളുടെ സമരം തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ തങ്ങളെ നേപ്പാളുമായും ബംഗ്ലാദേശുമായും താരതമ്യം ചെയ്തിരുന്നുവെന്നും എന്നാൽ ലോകം ഗാന്ധിജിയുടെ ആശയങ്ങളിൽ നിന്ന് പഠിക്കുമ്പോൾ മറ്റൊരിടത്തേക്ക് നോക്കേണ്ട ആവശ്യമില്ലെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
ഛത്രപതി സംഭാജി നഗറിലെ മഹാത്മാ ഗാന്ധി മിഷൻ സർവകലാശാല സന്ദർശിക്കുന്നതിനായാണ് തുഷാർ ഗാന്ധി നഗരത്തിലെത്തിയത്. സർവകലാശാല സന്ദർശനത്തിന് ശേഷം അദ്ദേഹം അഭിജീത് ദീപ്കെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ തുഷാർ ഗാന്ധി
സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന യുവജന പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ വിജയം കേന്ദ്രമന്ത്രിയായ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതല്ലെന്നും, 12 വർഷത്തിനിടെ ആദ്യമായി ഒരു വിഷയത്തിൽ കേന്ദ്ര സർക്കാരിന് വിശദീകരണം നൽകേണ്ടിവന്നതാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച ‘ദിമാഗി നക്സൽ’ എന്ന പ്രയോഗത്തെയും അദ്ദേഹം വിമർശിച്ചു. ബുദ്ധിയുള്ള ആളുകളെ ഭയപ്പെടുന്നതിന്റെ ഉദാഹരണമാണ് ഇത്തരം പ്രയോഗങ്ങളെന്നും ഇത് വിദ്വേഷ രാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമാണെന്നും തുഷാർ ഗാന്ധി ആരോപിച്ചു.
ഗാന്ധി പ്രതീകമല്ല, ആശയമാണെന്ന് തുഷാർ
മഹാത്മാ ഗാന്ധി ഇതുവരെ പ്രധാനമായും സ്മാരകങ്ങളിലും ചിഹ്നങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നുവെന്ന് തുഷാർ ഗാന്ധി പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്റെ ലോഗോയിൽ ഗാന്ധിജിയുടെ കണ്ണട ഉപയോഗിച്ച് അദ്ദേഹത്തെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും, ഗാന്ധിയൻ ആശയങ്ങളുടെ യഥാർഥമായ ഉൾക്കൊള്ളൽ അതിൽ കാണാനായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭം മറ്റൊരു ചിത്രം നൽകുന്നതായും തുഷാർ പറഞ്ഞു. ഗാന്ധിജിയുടെ പേരോ പ്രതീകങ്ങളോ മാത്രമല്ല, അദ്ദേഹത്തിന്റെ യഥാർഥ മൂല്യങ്ങളാണ് ജനറേഷൻ സീ സ്വീകരിക്കുന്നതെന്ന് സമരം വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ പോരാട്ടത്തിന് പിന്തുണ
അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ താൻ എല്ലായ്പ്പോഴും പങ്കെടുക്കുമെന്ന് തുഷാർ ഗാന്ധി വ്യക്തമാക്കി. എന്നാൽ നിലവിലെ പോരാട്ടം ജെൻ സീ തലമുറയുടേതായതിനാൽ നേരിട്ട് അതിന്റെ ഭാഗമാകുന്നതിന് പകരം പിന്തുണ നൽകാനാണ് താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യച്ചോർച്ചക്കെതിരായ യുവജന പ്രക്ഷോഭത്തെയും അദ്ദേഹം പരാമർശിച്ചു. ജനറേഷൻ ആൽഫയും ഇപ്പോൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതിനെ സി.ജെ.പി പ്രക്ഷോഭത്തിന്റെ പ്രധാന നേട്ടമായി തുഷാർ വിശേഷിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)