യാത്രക്കാരുടെ സമയത്തിന് പുല്ലുവില; നടുറോഡിൽ ബസ് നിർത്തി ഡ്രൈവറുടെ 'മുറുക്കാൻ' വാങ്ങൽ

KSRTC Superfast bus driver sparked outrage and amusement online after abruptly halting the vehicle mid-route

യാത്രക്കാരുടെ സമയത്തിന് പുല്ലുവില; നടുറോഡിൽ ബസ് നിർത്തി ഡ്രൈവറുടെ 'മുറുക്കാൻ' വാങ്ങൽ
യാത്രക്കാരുടെ സമയത്തിന് പുല്ലുവില; നടുറോഡിൽ ബസ് നിർത്തി ഡ്രൈവറുടെ 'മുറുക്കാൻ' വാങ്ങൽ

തൃശൂർ: കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കും പെരുമാറ്റദൂഷ്യത്തിനുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തൃശൂരിൽ സർവീസ് നടത്തുന്നതിനിടെ നടുറോഡിൽ ബസ് നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയ സംഭവമാണ് ഒടുവിലായി യാത്രക്കാരുടെ അമർഷത്തിന് കാരണമായിരിക്കുന്നത്.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ചിയ്യാരത്തിന് സമീപം ഡ്രൈവർ അകാരണമായി നിർത്തിയിട്ടത്. ബസ് സ്റ്റോപ്പല്ലാത്ത സ്ഥലത്ത്, യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ ബസ് റോഡിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ സമീപത്തെ കടയിലേക്ക് നടന്നുപോവുകയായിരുന്നു. മുറുക്കാൻ വാങ്ങിയ ശേഷം തിരികെയെത്തി യാത്ര തുടരുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജീവനക്കാരന്റെ അനാസ്ഥ പുറത്തറിഞ്ഞത്. ദീർഘദൂര സർവീസുകൾ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ഡ്രൈവർമാർ സ്വന്തം താൽപ്പര്യങ്ങൾക്കായി പൊതുഗതാഗത സൗകര്യം തടസ്സപ്പെടുത്തുന്നത് വലിയ വീഴ്ചയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.

ഇതിനിടെ, യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ബസ് സമയം ചോദിച്ചെത്തിയ യാത്രക്കാരോട് അങ്ങേയറ്റം ധാർഷ്ട്യത്തോടെ സംസാരിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കൺട്രോളിങ് ഇൻസ്പെക്ടർ അബ്ദുൽ ഫൈസി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽകുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് നടപടി. ബസ് എപ്പോൾ വരുമെന്ന് ആവർത്തിച്ച് ചോദിച്ച യാത്രക്കാരോട് വളരെ മോശമായ രീതിയിൽ ഇവർ തട്ടിക്കയറുകയായിരുന്നു. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.