പാസ്‌പോര്‍ട്ട് വെറും ബസ് ടിക്കറ്റായി; രൂക്ഷ വിമര്‍ശനവുമയി മുന്‍ ജഡ്ജി
പാസ്‌പോര്‍ട് വെറും ബസ് ടിക്കറ്റായി മാറിയെന്നും ഇലക്ഷന്‍ കമ്മീഷന്‍ സമാന്തര ഭരണകൂടമായി മാറിയെന്നും റിട്ട. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. ഭരണഘടനാ ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടവകാശം മാത്രമല്ല, പൗരത്വം കൂടി റദ്ദാക്കുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. രാജ്യം അതിഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുന്നതെന്നും മദന്‍ ലോക്കൂര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഏറ്റവും ആദരിക്കപ്പെടുന്ന ജഡ്ജിമാരിലൊരാളാണ് മദന്‍ ബി. ലോക്കൂര്‍. ഡൽഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച വണ്‍ നാഷന്‍, വണ്‍ ഇലക്ഷന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ പൂര്‍ണമായും ധിക്കരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിനെ വെറും യാത്രാ രേഖയാക്കി മാറ്റിയതെന്ന് ജസ്റ്റിസ് ലോക്കൂര്‍ ആരോപിച്ചു. 1967ലെ പാസ്‌പോര്‍ട് ആക്ടില്‍ യാത്രാ രേഖയെയും പാസ്‌പോര്‍ടിനെയും വ്യക്തമായി വേര്‍തിരിച്ച് വിവക്ഷിക്കുന്നുണ്ട്. ആ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട് ലഭിക്കുന്ന സാഹചര്യം അതീവ ഗുരുതരമായിരിക്കും -ലോക്കൂര്‍ മുന്നറിയിപ്പ് നല്‍കി.
ഇലക്ഷന്‍ കമ്മീഷന്റെ ഇലക്ടറല്‍ പട്ടിക റിവിഷന്‍ നടപടികള്‍ അങ്ങേയറ്റം തോന്നിയവാസപരമാണെന്ന് ലോക്കൂര്‍ കുറ്റപ്പെടുത്തി. സമാന്തര ഭരണകൂടമാവാനാണ് ഇലക്ഷന്‍ കമ്മീഷന്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ 324ാം ചട്ടം അങ്ങനെയൊരു അധികാരമേ ഇലക്ഷന്‍ കമ്മീഷന് നല്‍കുന്നില്ല. ഇലക്ഷന്‍ കമ്മീഷനെ തൃപ്തിപ്പെടുത്താനാവാതെ വരികയും അതിലൂടെ ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഫലത്തില്‍ അവര്‍ പൗരന്മാരല്ലാതായി മാറുകയാണ്. പൗരന്മാര്‍ക്ക് മാത്രമാണ് രാജ്യത്ത് മൗലികാവകാശം ബാധകമാവുക. ഫലത്തില്‍ വലിയ ഭരണഘടനാ പ്രതിസന്ധിയാണ് രാജ്യത്തെ തുറിച്ചു നോക്കുന്നത് -ജ്‌സ്റ്റിസ് ലോക്കൂര്‍ പറഞ്ഞു.
ബിഹാറിലും പശ്ചിമ ബംഗാളിലും ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ലഭിക്കണമെങ്കില്‍ ഇലക്ടറൽ പട്ടികയില്‍ പേരു വേണമെന്ന അവസ്ഥയാണ്. രാജ്യത്തെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടതിന് ആരെങ്കിലും ഉത്തരം പറഞ്ഞേ പറ്റൂ എന്ന ലോക്കൂര്‍ വ്യക്തമാക്കി.