ഇനി ഓപറേഷന്‍ പഞ്ചാബ്, ഭീകരരും ബി.ജെ.പിക്ക് താങ്ങ്

ഇനി ഓപറേഷന്‍ പഞ്ചാബ്,  ഭീകരരും ബി.ജെ.പിക്ക് താങ്ങ്

രാജ്യത്തിനെതിരെ ആയുധമെടുത്തു പോരാടിയ ആരെയെങ്കിലും ഒരു പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗം അബദ്ധത്തിലെങ്കിലും രക്തസാക്ഷി എന്നു വിശേഷിപ്പിച്ചു എന്നു സങ്കല്‍പിക്കുക. സംഘപരിവാരം സര്‍വ സന്നാഹവുമായി അതിനെതിരെ ചാടിവീഴും. എന്നാല്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി പയറ്റുന്നത് ഭീകരരെ പോലും ആയുധമാക്കുന്ന തന്ത്രമാണ്. തകര്‍ക്കാനാവില്ലെന്ന് കരുതിയ പശ്ചിമ ബംഗാളും മഹാരാഷ്ട്രയും ബിഹാറും പിടിച്ചെടുത്ത ബി.ജെ.പിയുടെ അടുത്ത ഉന്നം പഞ്ചാബാണ്. അതിന് ഏതറ്റം വരെയും പോകാന്‍ തയാറായിരിക്കുകയാണ് പാര്‍ട്ടി. സിഖ് സമുദായത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് അവരുടെ മനസ്സില്‍ ഇടം നേടാന്‍ ഭീകരരെ പുകഴ്‌ത്തേണ്ടി വരികയാണെങ്കില്‍ അതിനും പാര്‍ട്ടി തയാറാണെന്ന സന്ദേശമാണ് സമീപകാലത്ത് ബി.ജെ.പി നല്‍കിക്കൊണ്ടിരുന്നത്. 


അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ താവളമടിച്ച് രാജ്യത്തിനെതിരെ പോരാടിയ ജര്‍ണയ്ല്‍ സിംഗ് ഭിന്ദ്രന്‍വാലയെ തുരത്താന്‍ 1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട പോരാട്ടമാണ് ഓപറേഷന്‍ ബ്ലൂസ്റ്റാര്‍. സ്വന്തം രക്തവും ജീവനും കൊണ്ടാണ് അതിന്  അവര്‍ വില നല്‍കേണ്ടി വന്നത്. അക്കാലത്തെ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയെയും അടല്‍ബിഹാരി വാജ്‌പേയിയെയും പോലുള്ളവര്‍ പോലും ഓപറേഷന്‍ ബ്ലൂ സ്റ്റാറിനെ പിന്തുണച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്രാ മന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജന്‍ ഓപറേഷന്‍ ബ്ലൂസ്റ്റാറിനെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടെന്നാണ്. അഫ്ഗാന്‍ രാജാവ് അഹമദ് ഷാ അബ്ദാലി സുവര്‍ണ ക്ഷേത്രം കൈയേറിയ നടപടിയോടാണ് ഓപറേഷന്‍ ബ്ലൂ സ്റ്റാറിനെ അദ്ദേഹം ഉദാഹരിച്ചത്. ഒരുപടി കൂടി കടന്ന് ആ ഓപറേഷനില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ ഉത്തരവാദിത്തം പോലും അവകാശപ്പെടാന്‍ തയാറായിരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നതാണ് കൗതുകം. 2008ല്‍ പുറത്തുവന്ന മൈ കണ്‍ട്രി, മൈ ലൈഫ് എന്ന ആത്മകഥയില്‍ ബി.ജെ.പിയാണ് ഓപറേഷന്‍ ബ്ലൂ സറ്റാറിന് ഉത്തരവിടാനും ദേശദ്രോഹികളെ സുവര്‍ണക്ഷേത്രത്തില്‍നിന്ന് തുരത്താനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിതയാക്കിയതെന്ന് അദ്വാനി അവകാശപ്പെട്ടിരുന്നു.  ഓപറേഷന്‍ ബ്ലൂ സ്റ്റാറില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്ന് വിളിച്ചത് മഹാജന്റെ നാക്കു പിഴയല്ല. 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അതിനെ അകാല്‍തഖ്തിനെതിരായ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. 1966ല്‍ മിസോറാമില്‍ നടത്തിയ ആക്രമണത്തിലൂടെയാണ് ഇന്ത്യന്‍ ജനതക്കെതിരെ ആര്‍മിയെ ഉപയോഗിക്കാന്‍ ഇന്ദിരാഗാന്ധി തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. 1966ല്‍ മിസോ നാഷനല്‍ ഫ്രന്റ് (എം.എന്‍.എഫ്) ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ആര്‍മി, പാരാമിലിറ്ററി ആസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഇന്ദിരാഗാന്ധി അവര്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന വസ്തുത പതിവ് പോലെ മോദി സൗകര്യപൂര്‍വം മറച്ചുവെച്ചു. ഐസ്വാളിലെ അസം റൈഫിള്‍സ് കേന്ദ്രം എം.എന്‍.എഫിന് പിടിച്ചെടുക്കാന്‍ സാധിക്കാതിരുന്നത് ഇന്ദിരാഗാന്ധിയുടെ സമയോചിതമായ ഇടപെടല്‍ കാരണമായിരുന്നു. 


സൈന്യത്തെയും സൈനിക നടപടികളെയും യഥോചിതം അനുകൂലമായും പ്രതികൂലമായും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ബി.ജെ.പിയുടെ പതിവ് തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഓപറേഷന്‍ ബ്ലൂസ്റ്റാറിനെ വൈദേശിക ആക്രമണങ്ങളോട് ഉപമിച്ച മഹാജനെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പിന്തുണക്കുകയാണ് ചെയ്തത്. 1984ലെ സിഖ് വിരുദ്ധ കലാപം ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ തുടര്‍ച്ചയാണെന്ന് ഫഡ്‌നാവിസ് ഒരുപടി കൂടി കടന്നു. എല്ലാ തന്ത്രവും കുതന്ത്രവും പയറ്റി ബംഗാള്‍ പിടിച്ചെടുത്ത ബി.ജെ.പിക്ക് പഞ്ചാബ് പിടിക്കാന്‍ ദേശവിരുദ്ധ ശക്തികളെ വെളിപ്പിക്കുന്നതു പോലും തടസ്സമാവില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. ഫെബ്രുവരിയില്‍ ഇന്ത്യന്‍ രാഷ്ട്രീയം ബംഗാള്‍, അസം, തമിഴ്‌നാട്, കേരള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുകിയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ പഞ്ചാബ് ഓപറേഷന്‍ ആരംഭിച്ചിരുന്നു. ജലന്ധറില്‍ ഗുരു രവിദാസ് ജയന്തിയില്‍ പ്രധാനന്ത്രി നേരിട്ട് പങ്കെടുത്തു. പഞ്ചാബ് ജനതയുടെ 32 ശതമാനം വരുന്ന ദലിതുകളെ ലക്ഷ്യമിട്ടായിരുന്നു ഇത്.  ഏറ്റവും കൂടുതല്‍ ശമാനം പട്ടികജാതി വിഭാഗങ്ങളുള്ള (32 ശതമാനം) സംസ്ഥാനമാണ് പഞ്ചാബ്. മറ്റു പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ മുഴുകിയിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിലെ മോഗയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ബദലാവ് റാലിയില്‍ പങ്കെടുത്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബി.ജെ.പിയുടെ സമരകാഹളമായിരുന്നു അത്. ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബിന്‍ കഴിഞ്ഞയാഴ്ച പഞ്ചാബ് പര്യടനത്തിലായിരുന്നു. പഞ്ചാബില്‍ ഹിന്ദുക്കള്‍ 38.5 ശതമാനം മാത്രമാണ്. സിഖ് ജനതയാണ് 57.7 ശതമാനം. അവരുടെ മനസ്സിലേക്ക് ഇടം തേടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പിക്ക് ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ അനുവദിച്ചിരുന്നത് മൂന്ന് ലോക്‌സഭാ സീറ്റുകളും 23 നിയമസഭാ സീറ്റുകളും മാത്രമാണ്. 2020ല്‍ അകാലിദളുമായി ഇടഞ്ഞ് ഒറ്റക്ക് മത്സരിച്ച ബി.ജെ.പിക്ക് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6.6 ശതമാനം വോട്ട് കിട്ടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 18 ശതമാനമാക്കി കുത്തനെ ഉയര്‍ത്തി. മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി, ഗുര്‍ദാസ്പൂരിലും ജലന്ധറിലും ലുധിയാനയിലും. ഹിന്ദു ഭൂരിപക്ഷമില്ലാത്ത ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി പദം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇത്തവണ പാര്‍ട്ടിയുടെ ലക്ഷ്യം. 1952ലും 1967ലും 1969ലും അകാലിദള്‍ സര്‍ക്കാരുകളെ ജനസംഘവും കമ്യൂണിസ്റ്റുകളും പുറത്തുനിന്ന് പിന്താങ്ങിയിരുന്നു. സമീപകാലത്ത് അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടി കൈക്കലാക്കിയതാണ് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നത്. ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എ.എ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ അതൊന്നും ബി.ജെ.പിയുടെ ആവേശം കെടുത്തുന്നില്ല. 2022ല്‍ എ.എ.പി അധികാരത്തിലേറിയ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഴ്ചയായിരുന്നു. എ.എ.പിക്കാരനായ മുഖ്യമന്ത്രി ഭഗവത് മന്‍ സിഖ് മതത്തിനും സിഖ് ഗുരുവിനും എതിരാണെന്ന് അകാല്‍തഖ്ത് ഈയിടെ പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് കിട്ടിയ നല്ലൊരു വടിയാണ്. അകാലിദളും കോണ്‍ഗ്രസുമാവട്ടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുകയുമാണ്. രണ്ട് വിഷയങ്ങളാണ് പഞ്ചാബില്‍ ബി.ജെ.പി ആയുധമാക്കുന്നത്. ബംഗാളില്‍ മമതാ ബാനര്‍ജിയെ വീഴ്ത്താന്‍ ഉപയോഗിച്ച ദുര്‍ഭരണം എന്ന ആരോപണം അവര്‍ ശക്തമായി ഉന്നയിക്കുന്നു. സിഖ് വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം ആണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പ് വിഷയം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേര് പറഞ്ഞ് ഭീതി ഇളക്കിവിട്ടത് ബംഗാളില്‍ ഗുണം ചെയ്തതു പോലെ മതംമാറ്റത്തെക്കുറിച്ച ഭീതി പഞ്ചാബില്‍ ഗുണം ചെയ്‌തേക്കുമെന്ന ചിന്തയിലാണ് പാര്‍ട്ടി. മതംമാറ്റത്തെക്കുറിച്ച പെരുപ്പിച്ച കണക്കുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഏറ്റെടുക്കുമെന്നുറപ്പ്. സഖ്യത്തിനുള്ള ആവശ്യവുമായി ശിരോമണി അകാലിദള്‍ വരുമെങ്കില്‍ അവരുടെ കൂടെ, ഇല്ലെങ്കില്‍ ഒറ്റക്ക്.. ഏതു വിധേനെയും പഞ്ചാബ് കീഴടക്കാനുള്ള സര്‍വസന്നാഹമാണ് അണിയറയില്‍ ബി.ജെ.പി ഒരുക്കുന്നത്.