ഡീസലിലും പരീക്ഷണം; വാഹന ഉടമകളുടെ കീശ കീറും

Jul 05, 2026 - 14:01
0
ഡീസലിലും പരീക്ഷണം; വാഹന ഉടമകളുടെ കീശ കീറും

പെട്രോളിന് പിന്നാലെ ഡീസലിലും പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ഡീസല്‍ പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപകമായ മാറ്റങ്ങള്‍ക്കാണ് സാധ്യത. വാഹന വില മുതല്‍ ഇന്ധന വിലയില്‍ വരെ വലിയ വ്യത്യാസമുണ്ടാവും. വാഹന ഉടമകളുടെ കീശ കീറും. ക്രൂഡ് ഓയില്‍ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന നിലവിലെ അവസ്ഥ മാറ്റിയെടുക്കാനെന്നു പറഞ്ഞാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 15 ശതമാനം ഐസൊബ്യൂട്ടനോള്‍ കലര്‍ത്തിയ ഡീസല്‍ വാഹന ഉടമകള്‍ക്ക് നല്‍കാനാണ് പദ്ധതി. നേരത്തെ പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തിയിരുന്നു. എന്നാല്‍ ഡീസലില്‍ എത്തനോള്‍ കലര്‍ത്താനാവില്ല. അതിനാല്‍ ഐസൊബ്യൂട്ടനോളാക്കി എത്തനോള്‍ ഡീസലില്‍ ചേര്‍ക്കുകയാണ് ചെയ്യുക. വാഹന എഞ്ചിനുകള്‍ക്ക് ഈ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. 

ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ വലിയ ശതമാനം ക്രൂഡ് ഓയിലിനു വേണ്ടിയാണ്. ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. പെട്രോളിലെ എത്തനോള്‍ പരീക്ഷണത്തിലൂടെ രണ്ട് ലക്ഷത്തോളം കോടി രൂപ വിദേശനാണയ വിനിമയത്തില്‍ ലാഭമുണ്ടാക്കിയതായി പറയുന്നു. ഡീസലില്‍ 15 ശതമാനം ബയോഫ്യുയല്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കാര്‍ഷികോല്‍പന്നങ്ങളില്‍നിന്നാണ് ബയോഫ്യൂയല്‍ നിര്‍മിക്കുന്നത്. ഇത് കാര്‍ഷിക വിപണിയെ സജീവമാക്കുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. എന്നാല്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ ബയോഫ്യുയല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റേണ്ടി വരും. പെട്രോള്‍ പമ്പുകളും റിഫൈനറികളും ട്രാന്‍സ്‌പോര്‍ട് കമ്പനികളും ഇതിനായി വലിയ തോതില്‍ മാറ്റം വരുത്തേണ്ടി വരും. അത് വാഹന വിലയില്‍ ഗണ്യമായ മാറ്റമുണ്ടാക്കും. പെട്രോളില്‍ എത്തനോള്‍ കലര്‍ത്തിയതോടെ ഫ്യുയല്‍ എഫിഷ്യന്‍സി കുറയുകയും ഇന്ധന ഉപയോഗം കൂടുകയും ചെയ്തിരുന്നു. ഡീസലിലും ബയോഫ്യുയല്‍ കലര്‍ത്താനുള്ള നീക്കം കാര്‍ഷികോല്‍പന്നങ്ങളുടെ വില വര്‍ധനക്ക് ഇടയാക്കുമെന്നും ആശങ്കയുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User