നഷ്ടം സഹിക്കാനാവാതെ സർവീസ് നിർത്തി; സ്വകാര്യ ബസിന് എംവിഡിയുടെ വക 7,500 രൂപ പിഴ

Private bus facing severe financial loss fined ₹7,500 by MVD for halting afternoon service in Aluva

Jul 03, 2026 - 12:17
0
നഷ്ടം സഹിക്കാനാവാതെ സർവീസ് നിർത്തി; സ്വകാര്യ ബസിന് എംവിഡിയുടെ വക 7,500 രൂപ പിഴ
മാഞ്ഞാലി - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' ബസ്

ആലുവ: യാത്രക്കാരുടെ കുറവും കനത്ത സാമ്പത്തിക നഷ്ടവും മൂലം ഉച്ചസമയത്തെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് (MVD) 7,500 രൂപ പിഴ ചുമത്തി. എറണാകുളം മാഞ്ഞാലി - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന ബസിനെതിരെയാണ് പെർമിറ്റ് വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നടപടിയെടുത്തത്. മുൻപ് കെ-സ്മാർട്ട് പദ്ധതിയിലെ പോരായ്മകൾക്കെതിരെ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് വേറിട്ട പ്രതിഷേധം നടത്തി വാർത്തകളിൽ ഇടംനേടിയ ഉടമയ്ക്കാണ് ഈ ദുരനുഭവം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് താൽക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ബസ് ഉടമ വ്യക്തമാക്കുന്നു. ആ സമയത്തെ ഓട്ടത്തിൽ വലിയ രീതിയിലുള്ള നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്. ദിവസേനയുള്ള ഇന്ധനച്ചെലവിനും ജീവനക്കാരുടെ ബാറ്റയ്ക്കും പോലും തികയാത്ത വിധം കലക്ഷൻ ആയിരം രൂപയിൽ താഴേക്ക് പതിച്ചതോടെയാണ് ഓട്ടം നിർത്താൻ നിർബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു.

ബസ് സർവീസ് നടത്താതെ നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. കടുത്ത സാമ്പത്തിക ഗതികേട് മൂലമാണ് സർവീസ് ഒഴിവാക്കേണ്ടി വന്നതെന്ന കാര്യം അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന മറുപടിയാണ് എംവിഡി നൽകിയത്. സ്വകാര്യ ബസ് മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള അധികൃതരുടെ ഇത്തരം കടുംപിടുത്തങ്ങൾ അന്യായമാണെന്നും തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും ബസ് ഉടമയും ജീവനക്കാരും ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User