ഒഴിവായത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി

ഒഴിവായത് ചരിത്രത്തിലെ  ഏറ്റവും വലിയ അട്ടിമറി

കേപ് വെര്‍ദെ എന്ന കൊച്ചുരാഷ്ട്രം  ലോക ചാമ്പ്യന്മാരെ രണ്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം സെല്‍ഫ് ഗോളില്‍ കീഴടങ്ങിയപ്പോള്‍ ഒഴിവായത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി. ലോകകപ്പിന്റെ നോക്കൗട്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായ കേപ് വെര്‍ദെ രണ്ടു തവണ തിരിച്ചുവരികയും അവസാനം വരെ പൊരുതുകയും ചെയ്ത് രാജകീയമായാണ് കീഴടങ്ങിയത്. എക്‌സ്‌ട്ര ടൈമില്‍ 2-3 ന് തോറ്റ് വിടവാങ്ങിയെങ്കിലും അവരുടെ കന്നി ലോകകപ്പ് അവിസ്മരണീയമായ അനുഭവമായി. 

പഴുതടച്ച പ്രതിരോധവും കിടയറ്റ ഗോള്‍കീപ്പിംഗുമായി ലിയണല്‍ മെസ്സിയുള്‍പ്പെടെ അര്‍ജന്റീനയുടെ മുന്നണിപ്പോരാളികളെ അവര്‍ വരച്ചവരയില്‍ നിര്‍ത്തി. ഫുട്‌ബോളിലെ രാജാക്കന്മാര്‍ക്കു മുന്നില്‍ സര്‍വം നല്‍കി അവര്‍ പ്രതിരോധിച്ചു. 29ാം മിനിറ്റില്‍ മെസ്സി അവരുടെ പ്രതിരോധം േേദിച്ചതായിരുന്നു. ഈ ലോകകപ്പിലെ മെസ്സിയുടെ ഏഴാമത്തെയും ലോകകപ്പുകളിലെ ഇരുപതാമത്തെയും ഗോളായിരുന്നു അത്. അതോടെ ഗോളുകളുടെ മഹാപ്രളയമാണ് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം പ്രതീക്ഷിച്ചത്. എന്നാല്‍ അമ്പത്തൊമ്പതാം മിനിറ്റില്‍ ഡിറോയ് ദുവാര്‍ത്തെയിലൂടെ സമനില ഗോളിലൂടെ കേപ് വെര്‍ദെ ചാമ്പ്യന്മാരെ ഞെട്ടിച്ചു. പിന്നീട് അര്‍ജന്റീന കളിക്കാര്‍ എതിര്‍ ഗോള്‍മുഖത്ത് തമ്പടിച്ചെങ്കിലും അനിതരസാധാരണമായ പ്രതിരോധ മികവിലൂടെ കേപ് വെര്‍ദെ പിടിച്ചുനിന്നു. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനക്ക് ഹാര്‍ഡ് റോക്കായി. പ്രതിരോധനിരക്ക് പിഴച്ചപ്പോഴക്കെ നാല്‍പതകാരന്‍ ഗോളി വൊസീഞ്ഞ അവസരത്തിനൊത്തുയര്‍ന്നു. 
എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ലിസാന്ദ്രൊ മാര്‍ടിനേസ് രണ്ടാം ഗോളടിച്ചതോടെയാണ് അര്‍ജന്റീനക്ക് ശ്വാസം നേരെ വീണത്. പക്ഷെ കേപ് വെര്‍ദെ വിട്ടുകൊടുത്തില്ല. ടൂര്‍ണമെന്റിലെ തന്നെ മനോഹര ഗോളുകളിലൊന്നിലൂടെ സിഡ്‌നി ലോപസ് കബ്രാല്‍ തിരിച്ചടിച്ചു. അതോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വലിയ സാധ്യതയായി മാറി. ക്ലോക്കിലെ ഓരോ മിഴിയനക്കവും ഷൂട്ടൗട്ടിലേക്കുള്ള ദൂരം കുറച്ചു. ഒടുവില്‍ സെല്‍ഫ് ഗോള്‍ വേണ്ടി വന്നു അര്‍ജന്റീനക്ക് വിജയം കണ്ടെത്താന്‍. മെസ്സിയുടെ കോര്‍ണര്‍ ക്രിസ്റ്റിയന്‍ റോമിറൊ തല കൊണ്ട് ചെത്തിവിട്ടത് ഡിഫന്ററുടെ കൈയില്‍ തട്ടിത്തിരിഞ്ഞ് വലയില്‍ കയറി. കോച്ച് ലിയണല്‍ സ്‌കാലോണി മുഖം മറച്ച് കണ്ണീര്‍ പൊഴിച്ചത് അര്‍ജന്റീനയുടെ ആശ്വാസത്തിന്റെ സൂചനയായി. അവശേഷിച്ച ഒമ്പത് മിനിറ്റ് കേപ് വെര്‍ദെയാണ് കളി നിയന്ത്രിച്ചത്. ഗോള്‍ മടക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ അവിസ്മരണീയ മത്സരത്തിനാണ് ഒടുവില്‍ വിസില്‍ വീണത്. വിജയം അര്‍ജന്റീന ആഘോഷിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം കേപ് വെര്‍ദെയെ അഭിനന്ദിക്കുകയായിരുന്നു. ഗോള്‍ വാങ്ങിക്കൂട്ടുമെന്ന് കരുതിയ അഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യം അഭിമാനത്തോടെ ടൂര്‍ണമെന്റിനോട് വിടപറയുകയാണ്. 
മുഹമ്മദ് സലാഹിന്റെ ഈജിപ്താണ് പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. കേപ് വെര്‍ദെ നല്‍കിയ പ്രതിരോധ പാഠങ്ങള്‍ ഈജിപ്ത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നുറപ്പ്. ഏറ്റവും ചെറിയ രാജ്യമായി നോക്കൗട്ടിലെത്തിയ കേപ് വെര്‍ദെ ഏറ്റവും വലിയ പ്രചോദനമായാണ് ബൂട്ടഴിച്ചത്.