സലായുടെ കണ്ണീര്‍, മായിക രാവ്; ഈജിപ്തിന് പുതുചരിത്രം

സലായുടെ  കണ്ണീര്‍, മായിക രാവ്; ഈജിപ്തിന് പുതുചരിത്രം

ആഫ്രിക്കയുടെ ചരിത്രം തോളിലേറ്റിയാണ് ഈജിപ്ത് എന്നും ലോകകപ്പിനെത്താറുള്ളത്. എപ്പോഴും ആരാധകര്‍ക്ക് തീരാവേദന സമ്മാനിച്ച് അവര്‍ മടങ്ങി. മുഹമ്മദ് സലാ കണ്ണീര്‍ പൊഴിച്ച ഡാളസിലെ മായിക രാവില്‍ ഫറോവകള്‍ പുതുചരിത്രമെഴുതി. ഷൂട്ടൗട്ടിലേക്ക് നീണ്ട നോക്കൗട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-2ന് തോല്‍പിച്ച് അവര്‍ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇനി കാത്തിരിക്കുന്നത് ലോക ചാമ്പ്യന്മാര്‍. അര്‍ജന്റീനയെ അവര്‍ അടുത്ത മത്സരത്തില്‍ നേരിടും. ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ ആദ്യമായാണ് ഈജിപ്ത് ജയിക്കുന്നത്. നിശ്ചിത സമയത്ത് ഈജിപ്ത് ലീഡ് ചെയ്‌തെങ്കിലും ഭാഗ്യത്തില്‍ വീണുകിട്ടിയ സമനില ഗോളിലൂടെ സ്‌കോർ  നില 1-1 ആക്കി ഓസ്‌ട്രേലിയ കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമില്‍ ഗോള്‍ പിറന്നില്ല. ഷൂട്ടൗട്ടില്‍ ഈജിപ്ത് ജയിച്ചപ്പോള്‍ ആഘോഷം കയ്‌റോ മുതല്‍ അലെക്‌സാൻഡ്രിയ   വരെ നൈലിന്റെ തീരങ്ങളില്‍ ഒതുങ്ങിയില്ല. ആഹ്ലാദം അറബ് ലോകത്തെങ്ങും അലയടിച്ചു. പതിറ്റാണ്ടുകളായി പതിഞ്ഞ നിരാശയുടെ പാടുകള്‍ മായ്ച്ചു കളയുന്നതായിരുന്നു ഈജിപ്തിന്റെ വിജയം. 

13ാം മിനിറ്റില്‍ ഇമാം അശൂറാണ് ഈജിപ്തിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഈജിപ്ത് ഡിഫന്റര്‍ മുഹമ്മദ് ഹാനി അബദ്ധത്തില്‍ സ്വന്തം പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിട്ടത് ഓസ്‌ട്രേലിയക്ക് പിടിവള്ളിയായി.  മുഹമ്മദ് സലാഹ് ആത്മവിശ്വാസത്തോടെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച ശേഷം ഷൂട്ടൗട്ടില്‍ ഈജിപ്തിന് പിഴച്ചില്ല. ഹുസാം അല്‍മജീദാണ് നിര്‍ണായകമായ നാലാമത്തെ കിക്ക് ഗോളാക്കി വിജയമുറപ്പിച്ചത്. ഷൂട്ടൗട്ടിന് തൊട്ടുമുമ്പ് ഈജിപ്ത് കളിക്കാര്‍ ഓസ്‌ട്രേലിയന്‍ ഗോളി മാറ്റ് റയാന്‍ നേരിട്ട പെനാല്‍ട്ടികള്‍ പഠിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ സലാഹ് നേടാത്തതായി ഒന്നുമില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും മികച്ച കളിക്കാരനുള്ള അവാര്‍ഡുകളും വാരിക്കൂട്ടി. പക്ഷെ ഈജിപ്ത് ജഴ്‌സിയില്‍ എന്നും നിരാശയായിരുന്നു. ഡാളസിലെ മാന്ത്രിക രാവില്‍ ആ ഭാരം ഒഴിഞ്ഞു, സലാഹ് കണ്ണീര്‍ തൂകി. ഇനി മുന്നില്‍ ലിയണല്‍ മെസ്സിയും ലോക ചാമ്പ്യന്മാരും. തോറ്റാലും നിരാശയില്ല. ജയിച്ചാല്‍ അത് പുതിയ ചരിത്രം.