മെസ്സിയുടെ കത്ത് വരെ ആയുധം മമതാ പാര്‍ട്ടി അഴിക്കുള്ളിലേക്ക്

കോടതി വിധികള്‍ മുതല്‍ വ്യാജ കത്തുകള്‍ വരെ പുറത്തെടുത്താണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ മമതാ ബാനര്‍ജിയെയും അനുയായികളെയും വേട്ടയാടുന്നത്.

മെസ്സിയുടെ കത്ത് വരെ ആയുധം  മമതാ പാര്‍ട്ടി അഴിക്കുള്ളിലേക്ക്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നാടകീയമായി തകരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവശേഷിച്ച നേതാക്കളില്‍ ഭൂരിഭാഗത്തിനെയും അഴിക്കുള്ളിലാക്കാന്‍ സംഘടിതമായ നീക്കം. കോടതി വിധികള്‍ മുതല്‍ വ്യാജ കത്തുകള്‍ വരെ പുറത്തെടുത്താണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ മമതാ ബാനര്‍ജിയെയും അനുയായികളെയും വേട്ടയാടുന്നത്. വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ നടപടി കല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചതോടെ മമതയുടെ മുന്നിലെ വഴികള്‍ ഒന്നൊന്നായി അടയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും ചേര്‍ന്നാണ് തൃണമൂലില്‍ വിമത വെല്ലുവിളി ഉയര്‍ത്തിയത്. 65 എം.എല്‍.എമാരുടെ പിന്തുണയാണ് അവര്‍ അവകാശപ്പെടുന്നത്. അതോടെ ഫലത്തില്‍ ബി.ജെ.പിക്ക് നിയമസഭയില്‍ എതിരാളികളില്ലാതായി. വിമത എം.എല്‍.എമാരെ കൂറുമാറ്റാതെ തന്നെ ബംഗാള്‍ നിയമസഭയെ പ്രതിപക്ഷ മുക്തമാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു ജനവിരുദ്ധ നടപടിക്കും വെല്ലുവിളിയുണ്ടാവില്ലെന്ന് ഉറപ്പുവരുത്തി. തീര്‍ത്തും ദുര്ബലയായ മമതാ ബാനര്‍ജിക്ക് തിരിച്ചുവരവ് കനത്ത വെല്ലുവിളിയായി. അതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്തരായ അനുയായികള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. അരൂപ് ബിശ്വാസാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകളുടെ ചുമതലയുള്ള നേതാവായിരുന്നു ദേശീയ ട്രഷററായ അരൂപ് ബിശ്വാസ്. തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിക്ലറേഷനുകള്‍ പോലും നല്‍കിയിരുന്നത് അരൂപ് ബിശ്വാസായിരുന്നു. ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം തൃണമൂലിന് 1081 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് അക്കൗണ്ടുകളിലും ഫണ്ടുകളിലുമായി 675 കോടി രൂപയാണുള്ളത്. ഇതിന്റെ മുഴുവന്‍ ്ചുമതല അരൂപിനായിരുന്നു. ജൂണ്‍ അഞ്ചിന് അരൂപിനെ ദേശീയ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കുകയും സുഭാശിഷ് ചക്രവര്‍ത്തിയെ പകരം നിയമിക്കുകയും ചെയ്തിരുന്നു. അതോടെ തൃണമൂലിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അരൂപ് ബിശ്വാസ് ബാങ്കുകള്‍ക്ക് എഴുതി. തൃണമൂലിന്റെ എല്ലാ ബാങ്ക് ഇടപാടുകളും തടയണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12 നാണ് അരൂപ് കൊല്‍ക്കത്ത സെന്‍ട്രല്‍ പ്ലാസയിലെ എച്ച്.ഡി.എഫ്.സി ബാങ്കിനെ സമീപിച്ചത്. പാര്‍ട്ടിയിലെ 28 എം.പിമാരില്‍ 20 പേരും 60 എം.എല്‍.എമാരില്‍ 58 പേരും സംഘടന വിട്ട സാഹചര്യത്തിലാണ് ഈ കത്തെന്ന് അദ്ദേഹം ബോധിപ്പിച്ചു. പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി നേരത്തെ ഒപ്പിച്ച് തൃണമൂല്‍ ഓഫീസില്‍ സൂക്ഷിച്ച ചെക്കുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പുതിയ തീരുമാനം ഉണ്ടാവുന്നതു വരെ ഇടപാടുകള്‍ തടയണമെന്നും അരൂപ് വാദിച്ചു. അരൂപിന്റെ നടപടി കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണെന്ന ശക്തമായ സൂചനയുണ്ട്. തൊട്ടുപിന്നാലെ വിമത എം.എല്‍.എ ബിശ്വനാഥ് ദാസും സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് രംഗത്തെത്തി. അഴിമതിപ്പണം വ്യാപകമായി തൃണമൂല്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണ മുഖവിലക്കെടുത്ത പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അതിന് പിന്നാലെയാണ് കേസുകള്‍ കൊണ്ട് തൃണമൂല്‍ നേതാക്കളെ വേട്ടയാടാനുള്ള നടപടികള്‍. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാര്‍ ലിയണല്‍ മെസ്സി കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടതെന്ന പേരില്‍ ഒരു കത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 2025 ഡിസംബര്‍ 13ന് കൊല്‍ക്കത്ത യുവഭാരതി ക്രിരംഗനില്‍ മെസ്സി പങ്കെടുത്ത ചടങ്ങിന്റെ 70,000 ടിക്കറ്റുകളില്‍ 22,000 അരൂപ് ബിശ്വാസ് കരിഞ്ചന്തയില്‍ മറിച്ചുവിറ്റുവെന്നാരോപിച്ച് പരിപാടിയുടെ മുഖ്യ സംഘാടകന്‍ ശതദ്രു ദത്ത ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം പോലീസ് പരാതി നല്‍കിയിരുന്നു. ആ സമയത്ത് സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു അരൂപ് ബിശ്വാസ്. ജൂണ്‍ 18 നാണ് മെസ്സിയുടെ ലീഗല്‍ അഡൈ്വസറി ടീം ബിദനഗര്‍ പോലീസ് കമ്മീഷണര്‍ക്ക് അയച്ചതെന്നു പറഞ്ഞ് ശതദ്രു ദത്ത പുതിയ ഇ-മെയില്‍ പുറത്തുവിട്ടത്. അരൂപ് ബിശ്വാസ് എല്ലാ പ്രോട്ടോകോളും ലംഘിച്ചതായും മെസ്സിയുടെ സമീപം തടിച്ചുകൂടാന്‍ അനുയായികളെ അനുവദിച്ചതായും അതിനാലാണ് പരിപാടി പൊടുന്നനെ അവസാനിപ്പിക്കേണ്ടി വന്നതെന്നും ഇ-മെയിലില്‍് പറയുന്നു. ഈ ഇ-മെയില്‍ പ്രകാരം അന്വേഷണം നടത്തിയാല്‍ സംഭവത്തില്‍ താന്‍ കുറ്റവിമുക്തനാക്കപ്പെടുമെന്നും ശതദ്രു ദത്ത വാദിച്ചു. ആരുടെ മെയിലില്‍ നിന്നാണ് സന്ദേശം വന്നതെന്ന് ചോദിച്ചപ്പോള്‍ ശതദ്രുവിന് മറുപടിയുണ്ടായില്ല. എന്നാല്‍ താന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് മെയില്‍ അയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പോലീസ് കമ്മിഷണറേറ്റ് ഇത് സ്ഥിരീകരിക്കാനോ തള്ളാനോ തയാറായില്ല. അരൂപ് ബിശ്വാസിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. അരൂപിന്റെ സഹോദരന്‍ സ്വരൂപ് ഇതിനകം കസ്റ്റഡിയിലാണ്. സാ്മ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച സമാനമായ നിരവധി പരാതികള്‍ തൃണമൂലിനെ ദുര്‍ബലമാക്കുകയാണ്. ഭീഷണികളെ തുടര്‍ന്ന് അണികളുടെ കൂട്ടക്കൊഴിച്ചില്‍ നേരിടുകയാണ് തൃണമൂല്‍. പ്രധാന നേതാക്കളെല്ലാം സ്വന്തമായി നിയമത്തിന്റെ വഴി തേടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. നാല് മുന്‍ മന്ത്രിമാരെങ്കിലും ഇപ്പോള്‍ അറസ്റ്റിലാണ്. മുന്‍ എം.എല്‍.എമാരും മുനിസിപ്പില്‍ കൗണ്‍സിലര്‍മാരും കസ്റ്റഡിയിലോ കേന്ദ്ര അന്വേഷണത്തിന്റെ പരിധിയിലോ ആണ്. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ഇവരുമായി അകലം പാലിക്കാന്‍ നിര്‍ബന്ധിതരാവുന്നു. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ് ഈ നടപടികള്‍. പ്രതിപക്ഷം ഇല്ലാതാവുന്നതോടെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരാനുള്ള നീക്കത്തിലാണ് ബി.ജെ.പി. പശ്ചിമ ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല ബി.ജെ.പി ജയിച്ചത്, അജയ്യമെന്നു കരുതിയ തൃണമൂല്‍ എന്ന പാര്‍ട്ടിയെ തന്നെ വിഴുങ്ങി എതിരില്ലാത്ത കളിക്കളം ഒരുക്കിയെടുക്കുകയാണ് അവര്‍. നിരവധി കേസുകളിലുള്ള സി.ബി.ഐ അന്വേഷണത്തിന് 2018 മുതല്‍ തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഒരു മാസത്തിനകം എല്ലാ തടസ്സങ്ങളും പുതിയ ബി.ജെ.പി സര്‍ക്കാര്‍ നീക്കി. 42 കേസുകളിലുള്ള അന്വേഷണങ്ങള്‍ക്കാണ് ഇതോടെ തടസ്സം നീങ്ങിയത്.