വ്യാജ ടിവി ആപ്പുകൾ വഴി പണം തട്ടുന്നു: ഫിഫ ലോകകപ്പ് ആരാധകർക്ക് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം.

സൗജന്യ ലൈവ് സ്ട്രീമിങ് ലിങ്കുകൾ വഴി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്ന വൻ സൈബർ തട്ടിപ്പ് സംഘം സജീവം; ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം.

വ്യാജ ടിവി ആപ്പുകൾ വഴി പണം തട്ടുന്നു: ഫിഫ ലോകകപ്പ് ആരാധകർക്ക് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം.

ഫിഫ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ വ്യാജ ടിവി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ സൌജന്യ ലൈവ് സ്ട്രീമിങ് വാഗ്ദാനം ചെയ്ത് പ്രചരിക്കുന്ന ലിങ്കുകൾ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. HZ TV, OPEN TV, NB TV, MAX TV തുടങ്ങിയ പേരുകളിലുള്ള ഇത്തരം വ്യാജ ആപ്പുകൾ (APK ഫയലുകൾ) ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ, മൊബൈലിന്റെ സുരക്ഷാ അനുമതികളായ ആക്സസിബിലിറ്റി സർവീസ്, നോട്ടിഫിക്കേഷൻ ആക്സസ് എന്നിവ തട്ടിപ്പുകാർ കൈക്കലാക്കുകയും, ഇതുവഴി ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ (UPI) വഴി പണം കവരുകയുമാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ ഫുട്ബോൾ ആരാധകർ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിച്ച് മത്സരങ്ങൾ കാണണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയ്ക്ക് പുറത്തുനിന്നുള്ള യാതൊരുവിധ അജ്ഞാത ലിങ്കുകളും ഫോണിൽ ഡൗൺലോഡ് ചെയ്യരുതെന്നും, സംശയാസ്പദമായ ലിങ്കുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും സമയം കളയാതെ '1930' എന്ന നമ്പറിലോ, www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ എത്രയും വേഗം വിവരം അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു.