റിപ്പോർട്ടർ ടിവി അക്കൗണ്ടിലെത്തിയത് 336 കോടി രൂപ; പണത്തിന്റെ ഉറവിടം അവ്യക്തം, അന്വേഷണം ഏറ്റെടുത്ത് ഇഡി
എസ്‌ഐടി കണ്ടെത്തിയത് 549.22 കോടി രൂപയുടെ ബാങ്ക് നിക്ഷേപം; 212.75 കോടി വായ്പയെങ്കിൽ ശേഷിക്കുന്ന 336.47 കോടിയുടെ ഉറവിടം വ്യക്തമല്ല; സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് ഇഡി.
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടുകളിലെത്തിയ 336 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച അവ്യക്തതയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള സ്പോൺസർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ.
റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകൾ, വിദേശത്തുനിന്ന് ലഭിച്ച പണം, വിവിധ അക്കൗണ്ടുകളിലൂടെയുള്ള കൈമാറ്റങ്ങൾ എന്നിവ ഇഡി പരിശോധിക്കും. പണം എവിടെനിന്നാണ് ലഭിച്ചത്, ആരാണ് കൈമാറിയത്, എന്താവശ്യത്തിനാണ് തുക വിനിയോഗിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 549.22 കോടി രൂപ എത്തിയതായി കണ്ടെത്തിയത്. ഇതിൽ 212.75 കോടി രൂപ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയാണെന്നാണ് കണ്ടെത്തൽ. ശേഷിക്കുന്ന 336.47 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
കമ്പനി ജിഎസ്ടി റിട്ടേണുകളിൽ 102.06 കോടി രൂപ മാത്രമാണ് വരുമാനമായി രേഖപ്പെടുത്തിയതെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണക്കുകളിൽ പൊരുത്തപ്പെടാത്ത 234.31 കോടി രൂപ സംശയാസ്പദമായ മറച്ചുവെച്ച വിറ്റുവരവായാണ് അന്വേഷണ സംഘം വിലയിരുത്തിയത്. കൂടാതെ, കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ വെളിപ്പെടുത്താത്ത ആറ് ബാങ്ക് അക്കൗണ്ടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മെസിയുടെ കേരള സന്ദർശനത്തിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിലേക്ക് ഏകദേശം 126 കോടി രൂപ കൈമാറിയെന്ന കമ്പനിയുടെ അവകാശവാദവും അന്വേഷണ പരിധിയിലാണ്. വിദേശത്തേക്കുള്ള പണമിടപാടുകളുടെ നിയമസാധുത, പണത്തിന്റെ യഥാർഥ ഉറവിടം, ഇടപാടുകളുടെ സാമ്പത്തിക ലക്ഷ്യം എന്നിവ ഇഡി പരിശോധിക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മെസി സന്ദർശന പദ്ധതിയിലെ വഞ്ചന, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും കേസിൽ പ്രതിപ്പട്ടികയിലുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതോടെ 336.47 കോടി രൂപയുടെ ഉറവിടം, വിദേശ പണമിടപാടുകളുടെ യഥാർഥ ലക്ഷ്യം, സാമ്പത്തിക ഇടപാടുകളിൽ നിയമലംഘനം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)