'രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നു; പ്രധാനമന്ത്രിയാകരുതെന്ന് യാചിച്ചു': നിർണായക വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി

ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തു; 'അവർ നിങ്ങളെയും കൊല്ലും' എന്ന് മുന്നറിയിപ്പ് നൽകിയെന്ന് സോണിയയുടെ ഓർമക്കുറിപ്പ്.

Nov 08, 2026 - 09:03
0
'രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നു; പ്രധാനമന്ത്രിയാകരുതെന്ന് യാചിച്ചു': നിർണായക വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവൻ അപകടത്തിലാകുമെന്ന് താൻ നേരത്തെ തന്നെ ഭയപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി പദം ഏറ്റെടുക്കരുതെന്ന് അദ്ദേഹത്തോട് യാചിച്ചിരുന്നുവെന്നും വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ വരാനിരിക്കുന്ന ഓർമക്കുറിപ്പായ 'Belonging: A Journey of Love' ലാണ് 1984ലെ നിർണായക സംഭവങ്ങളെക്കുറിച്ചുള്ള വൈകാരിക ഓർമകൾ സോണിയ പങ്കുവെച്ചത്.

1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു സംഭവം. അന്ന് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്ന രാജീവ് ഗാന്ധി വിവരം അറിഞ്ഞ് ഡൽഹിയിലെത്തുകയായിരുന്നു. ആശുപത്രിയിൽ വെച്ച് രാജീവിനെ കണ്ട സോണിയയോട്, തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഈ വാർത്ത തന്നെ തകർത്തുകളഞ്ഞുവെന്നാണ് സോണിയ ഓർമിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ രാജീവും രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതോടെ അദ്ദേഹത്തിന്റെ ജീവനും അപകടത്തിലാകുമെന്ന് സോണിയ ഭയന്നു.

കണ്ണീരോടെ രാജീവിന്റെ കൈകൾ പിടിച്ച് പ്രധാനമന്ത്രി പദം ഏറ്റെടുക്കരുതെന്ന് താൻ യാചിച്ചതായും സോണിയ വെളിപ്പെടുത്തുന്നു. കുട്ടികളെയും സ്വന്തം ജീവിതത്തെയും ഓർത്തെങ്കിലും ആ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു സോണിയയുടെ അഭ്യർഥന.

'അരുത്, നിങ്ങൾക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. നിങ്ങൾ ഇത് നിരസിക്കണം. കുട്ടികൾക്കുവേണ്ടിയും നിങ്ങൾക്കുവേണ്ടിയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കരുത്. അവർ നിങ്ങളെയും കൊല്ലും' എന്നായിരുന്നു രാജീവിനോട് പറഞ്ഞതെന്ന് സോണിയ ഓർമിക്കുന്നു.

എന്നാൽ രാജീവിന്റെ മറുപടി തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നും അവർ പറയുന്നു. 'അവർ എന്തായാലും എന്നെ കൊല്ലും' എന്നായിരുന്നു രാജീവിന്റെ മറുപടി.

ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ സോണിയ ഭയപ്പെട്ടതുപോലെ 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

രാജീവ് ഒരു പരിപാടിയിൽ പങ്കെടുത്ത് വൈകി മടങ്ങിയെത്തുമ്പോഴെല്ലാം താൻ ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നുവെന്നും സോണിയ പറയുന്നു. 'അടുത്തതായി അദ്ദേഹം കൊല്ലപ്പെടുമെന്നായിരുന്നു എപ്പോഴും എന്റെ ചിന്ത' എന്ന സോണിയയുടെ വെളിപ്പെടുത്തൽ രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പഴയ ഓർമകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്.

നവംബർ 10ന് പുറത്തിറങ്ങാനിരിക്കുന്ന സോണിയ ഗാന്ധിയുടെ ആത്മകഥയിൽ ഇന്ദിരാഗാന്ധിയുടെ വധം, രാജീവ് ഗാന്ധിയുടെ കൊലപാതകം, കുടുംബജീവിതം, രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് തുടങ്ങിയ നിർണായക സംഭവങ്ങളും വിവരിക്കുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User