പെർഫക്ട് ദമ്പതികൾ സിനിമയിൽ മാത്രം, ജീവിതത്തിൽ 365 ദിവസവും പ്രണയിക്കാനാകില്ല: നടി കജോൾ
Kajol's perspective challenges the idea of a perfectly happy marriage, emphasizing that relationships involve disagreements and are not 365 days of constant joy
അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത, വഴക്കിടാത്ത പെർഫെക്റ്റ് ദമ്പതികളെ സിനിമകളിൽ മാത്രമേ കാണാൻ കഴിയൂവെന്നും ജീവിതത്തിൽ 365 ദിവസവും സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളെ കാണാൻ സാധിക്കില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കജോൾ. വിവാഹജീവിതത്തിന് എക്സ്പയറി ഡേറ്റ് നിശ്ചയിക്കണമെന്ന് പറഞ്ഞയാളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞ് ചിലർ അവരെ വിമർശിക്കുന്നുണ്ടെങ്കിലും അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.

രണ്ടുപേർക്ക് ഒരുമിച്ച് സന്തോഷകരമായി ജീവിക്കാൻ സാധിക്കുമെന്നും പക്ഷേ അതിന് സ്നേഹം മാത്രം പോരെന്നുമാണ് താരത്തിന്റെ അഭിപ്രായം. പരസ്പരം ആഴത്തിലറിയുന്ന പ്രണയിതാക്കളെ ആത്മപങ്കാളികൾ എന്ന് ചിലർ വിളിക്കാറുണ്ട്. പക്ഷേ അവർ എപ്പോഴും നിങ്ങളെ പൂർണരാക്കാൻ വേണ്ടിയുള്ളതാണെന്ന ചിന്തയാണ് പ്രശ്നമെന്നും കജോൾ പറയുന്നു. ആത്മപങ്കാളി നിങ്ങളുടെ ജീവിതപ്രശ്നങ്ങൾ മാന്ത്രികമായി പരിഹരിക്കുന്ന ഒരാളല്ല. ആളുകൾ പലപ്പോഴും സോൾമേറ്റിനെ സങ്കൽപ്പിക്കുന്നത് തങ്ങളെ പൂർണമാക്കുന്ന ഒരാളായിട്ടാണ്. ഒരു വിശദീകരണവും കൂടാതെ തന്നെ എല്ലാം മനസ്സിലാക്കുന്ന ഒരാൾ. തർക്കങ്ങളൊന്നും ഉണ്ടാകാത്ത ഒരാൾ.കേൾക്കാൻ നല്ല സുഖമുണ്ട്. പക്ഷേ അത് അസാധ്യമാണ്.
പരസ്പരം ആഴത്തിൽ സ്നേഹിക്കുന്ന ആളുകളും വിയോജിക്കാറുണ്ട്. അവർക്ക് വ്യത്യസ്ത ശീലങ്ങളും, വ്യത്യസ്ത വ്യക്തിത്വങ്ങളും, മാനസിക സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത രീതികളും ഉണ്ടാകും. ഒരാൾക്ക് എല്ലാ പ്രശ്നങ്ങളും സംസാരിച്ച് തീർക്കാനായിരിക്കും താത്പര്യം. മറ്റേയാൾക്ക് മനസ്സുതുറക്കുന്നതിന് മുൻപ് കുറച്ച് സമയം ആവശ്യമായി വന്നേക്കാം. ഇതിൽ ആരെയും തെറ്റുപറയാൻ പറ്റില്ല. കാരണം എല്ലാവരും വ്യത്യസ്തരാണ്. ശരിയായ വ്യക്തിയെ കണ്ടെത്തിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ചിലർ കരുതാറുണ്ട്. പക്ഷേ അതല്ല സത്യം. പ്രശ്നങ്ങൾ വരുമ്പോൾ നേരിടാൻ കൂടെ നിൽക്കാൻ പറ്റുന്ന ഒരാളെ നിങ്ങൾ കണ്ടെത്തിയെന്നു മാത്രമേ അതിനർഥമുള്ളൂ.
ഒരു ദാമ്പത്യവും വർഷത്തിൽ 365 ദിവസവും, ദിവസത്തിൽ 24 മണിക്കൂറും സന്തോഷകരമായിരിക്കാൻ വഴിയില്ല. സത്യം പറഞ്ഞാൽ, ഒരു മനുഷ്യനും ദിവസത്തിൽ 24 മണിക്കൂറും സന്തോഷവാനായിരിക്കാൻ കഴിയില്ല. പിന്നെങ്ങനെ ഒരു ദാമ്പത്യത്തിന് അതിന് കഴിയും എന്ന പ്രസക്തമായ ചോദ്യമാണ് കാജോൾ ചോദിക്കുന്നത്. ജോലിസമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ദാമ്പത്യത്തിലെ സന്തോഷങ്ങളെ ബാധിക്കാറുണ്ട്. പങ്കാളികളിലൊരാൾക്കോ, രണ്ടു പേർക്കോ മോശം അനുഭവങ്ങൾ ഒരുപോലെയുണ്ടാകുന്ന ദിവസങ്ങളുമുണ്ടാകാം. അതിനർഥം ആ ബന്ധം പരാജയപ്പെട്ടന്നല്ല. ജീവിതത്തിൽ സ്വാഭാവികമായി പ്രതിസന്ധികളുണ്ടാകുന്നുവെന്നു മാത്രമാണ്.
ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികൾ ഇരുവരും ശ്രമിക്കണമെന്നാണ് കജോൾ പറയുന്നത്. ഉത്തരവാദിത്തം ഒരാളുടെ മേൽ മാത്രം കെട്ടിവയ്ക്കാനവർ ശ്രമിക്കുന്നില്ല. ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാകുന്നത് ഒരാൾ മാത്രം ശ്രമിക്കുകയും മറ്റേയാൾ വെറുതെ നോക്കിനിൽക്കുകയും ചെയ്യുമ്പോഴല്ലെന്നാണ് അവരുടെ പക്ഷം. ചില ദിവസങ്ങളിൽ ഒരാൾ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. മറ്റു ദിവസങ്ങളിൽ ആ ഉത്തരവാദിത്തം മറ്റേയാൾക്കായിരിക്കും. പങ്കാളികളിൽ ഒരാൾക്ക് വൈകാരികമായി കടുത്ത തളർച്ച തോന്നുമ്പോൾ, മറ്റേയാൾ ആ ബന്ധത്തെ കുറച്ചുകാലത്തേക്ക് താങ്ങിനിർത്തുന്ന നിമിഷങ്ങളുണ്ടാകും. അതൊരു ടീം ആകുന്നതിന്റെ ഭാഗമാണെന്നാണ് കജോൾ വിശ്വസിക്കുന്നത്.
അവധിക്കാലത്തെ ആഡംബര യാത്രകൾ, അപ്രതീക്ഷിത സമ്മാനങ്ങൾ പ്രണയപ്രഖ്യാപനങ്ങൾ എന്നിവയിലാണ് വിജയകരമായ ദാമ്പത്യം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷേ, അവയല്ല ഒരു ബന്ധത്തെ ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹത്തിൽ ആളുകൾക്ക് നിരാശ തോന്നുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് യാഥാർഥ്യ ബോധമില്ലാത്ത പ്രതീക്ഷകളാണ് എന്നതാണ് യാഥാർഥ്യം.