തിരഞ്ഞെടുപ്പ് കമ്മീഷൻ കുരുക്കിൽ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം
തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ രേഖപ്പെടുത്തിയ എതിർപ്പുകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ട് ഇന്ത്യ സഖ്യം ആ മഹായുദ്ധത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഇനി രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നത് യുദ്ധം. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു സ്വതന്ത്ര സ്ഥാപനമാണ്. എന്നാൽ ഇന്ന് ഈ രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും കാറ്റിൽ പറത്തിക്കൊണ്ട്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുമ്പോൾ, ഇന്ത്യ സഖ്യം ഒരു കാര്യമുറപ്പിച്ചുകഴിഞ്ഞു; ഗ്യാനേഷ് കുമാറിനെക്കൊണ്ട് രാജിവെപ്പിച്ചിട്ടേ ഇനി വിശ്രമമുള്ളൂ! ഈ രാജി വാങ്ങിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ, ശപഥമെടുത്താണ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും ഇന്ന് പോരാട്ടവീര്യത്തോടെ കളത്തിലിറങ്ങിയിരിക്കുന്നത്. ഒരു സി.ഇ.സി.ക്കെതിരെ ഇത്രയും ശക്തമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് പ്രതിപക്ഷം വന്നത് വെറുതെയല്ല. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ആ അങ്കം എം.എ. ബേബിയും മമത ബാനർജിയും ഏറ്റെടുത്തു. പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുൻനിര നേതാക്കളെല്ലാം ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചുകഴിഞ്ഞു—ഗ്യാനേഷ് കുമാർ ആ കസേരയിൽ തുടരാൻ അർഹനല്ല, അടിയന്തരമായി രാജിവെച്ചേ തീരൂ! പുറത്താക്കും വരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റെ അഗ്നി പടർത്താനാണ് ഇന്ത്യ സഖ്യത്തിന്റെ ആഹ്വാനം. തെരുവിൽ മാത്രമല്ല, ഒന്നിച്ച് സുപ്രീം കോടതിയുടെ വാതിലുകൾ മുട്ടി ഈ അനാസ്ഥ ചോദ്യം ചെയ്യാനും നേതാക്കൾ ഉറച്ചുകഴിഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിലൂടെ തുറന്നുകാട്ടപ്പെടുന്നത് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്! കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കുടപിടിക്കാൻ ഒരു ഭരണഘടനാ സ്ഥാപനത്തെ അടിയറവ് വെച്ചുവെന്നതിന്റെ തെളിവായിരുന്നു അവർ കഴിഞ്ഞ പത്തുമാസം കൊണ്ട് സമർപ്പിച്ച രേഖകൾ. കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളിൽ വിയോജിപ്പ് അറിയിച്ചത്! സ്വന്തം കമ്മീഷനിലെ സഹപ്രവർത്തകരെപ്പോലും വകവെക്കാതെ, ഭരണകക്ഷിയെ പ്രീതിപ്പെടുത്താൻ ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ തകരുന്നത് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസ്യതയാണ്! ഗോവയിലെ വോട്ടർപട്ടികയിൽ നിന്ന് 97 സാധാരണക്കാരായ മനുഷ്യരെ പുറത്താക്കിയത് എന്തിനായിരുന്നു? ഫോം 6-ൽ കൊണ്ടുവന്ന മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് കൂടെയുള്ള കമ്മീഷണർമാർ മുന്നറിയിപ്പ് നൽകിയിട്ടും ഗ്യാനേഷ് എന്തുകൊണ്ട് ചെവികൊണ്ടില്ല? വോട്ടർമാരെ തിരികെ ചേർക്കാൻ ഗോവയിലെ ഉദ്യോഗസ്ഥർ എട്ട് തവണ ഇമെയിൽ അയച്ചിട്ടും, സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും ഡൽഹിയിലെ കമ്മീഷൻ ഓഫീസ് അത് തടഞ്ഞുവെച്ചെങ്കിൽ, അതിനു പിന്നിൽ പ്രവർത്തിച്ച ആ അജ്ഞാത ശക്തി ബി.ജെ.പി.യല്ലാതെ മറ്റാരാണ് എന്ന ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനു നേരെ ഇന്ത്യ സഖ്യം ചോദിക്കുന്നത്. പശ്ചിമ ബംഗാളിൽ വോട്ടർമാർക്കെതിരെ അപ്പീലുകൾ നൽകി പീഡിപ്പിക്കുന്നതും, പുതിയ വോട്ടർമാരെ പേടിപ്പിക്കുന്ന തരത്തിൽ ഫോം 6-ൽ ചോദ്യങ്ങൾ തിരുകിക്കയറ്റിയതും, ഡൽഹിയിലെ 47 ലക്ഷം പേരെ ഒരു കാരണവുമില്ലാതെ വെട്ടിമാറ്റിയതും, പോർട്ടലിന്റെ പൂർണ്ണ നിയന്ത്രണം തട്ടിയെടുത്ത് കേന്ദ്രീകരിച്ചതും ബി.ജെ.പി.ക്ക് വഴിവിട്ട രാഷ്ട്രീയ ലാഭം ഉണ്ടാക്കാനായിരുന്നു എന്നാണ് ആരോപണം. ഇത് വോട്ടവകാശം പോലും കവർന്നെടുക്കുന്ന നീക്കവും ജനാധിപത്യത്തിന് ഏൽപ്പിച്ച ഏറ്റവും വലിയ മുറിവുമാണെന്നാണ് വിമർശനം. ഇതിനെതിരെ നിയമത്തിന്റെ വാളും ഉയർന്നുകഴിഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രമുഖ അഭിഭാഷകൻ ബ്രജേഷ് സിംഗ് അറ്റോർണി ജനറലിന് കത്തുനൽകിയത് ഈ പോരാട്ടത്തിന് കൂടുതൽ കരുത്തേകുന്നു. സുപ്രീം കോടതി വിധികളെ നഗ്നമായി ലംഘിച്ചുകൊണ്ട് കമ്മീഷന്റെ സ്വയംഭരണാധികാരം അട്ടിമറിച്ച സി.ഇ.സി.ക്ക് ഇനി സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ലെന്നാണ് വിമർശനം. ഇതൊരു ചെറിയ പ്രതിഷേധമല്ല, ഇതൊരു വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ്. രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശവും ജനാധിപത്യ സംവിധാനവും സംരക്ഷിക്കാൻ, ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും വരെ തെരുവിലും കോടതിയിലും ഇന്ത്യ സഖ്യം ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)