48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; അന്ത്യശാസനവുമായി സിജെപി

രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

Sep 24, 2026 - 17:47
Updated: 1 hour ago
0
48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; അന്ത്യശാസനവുമായി സിജെപി

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. രാജ്യവ്യാപക പ്രതിഷേധത്തിന് പിന്നാലെ ഡൽഹിയിലെ ജന്തർ മന്തറിലും സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങൾ പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന മാധ്യമറിപ്പോർട്ടാണ് പുതിയ വിവാദത്തിന് ആധാരം.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും രേഖാമൂലം എതിർപ്പ് അറിയിച്ചതായി സെപ്റ്റംബർ 23ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ അറിവില്ലാതെ ചില തീരുമാനങ്ങൾ എടുത്തതായും കമ്മിഷണർമാർ പരാതിപ്പെട്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ കമ്മിഷനിൽ ഭിന്നതയുണ്ടെന്ന വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്.ഗ്യാനേഷ് കുമാറിന്റെ രാജിക്കുപുറമേ, നിലവിലെ എസ്‌ഐആർ നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, വോട്ടർപട്ടിക പരിഷ്കരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും സിജെപി ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ നിയമപരമായ മാറ്റങ്ങൾ വേണമെന്നും സംഘടന ആവശ്യപ്പെട്ടു. 

വാർത്താസമ്മേളനത്തിൽ സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും പങ്കെടുത്തു. ഗ്യാനേഷ് കുമാർ രാജിവയ്ക്കാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ച് ഡൽഹിയിൽ വീണ്ടും ജന്തർ മന്തർ സമരം നടത്തുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User