സ്വർണപ്പാളികൾക്ക് പിന്നാലെ ശബരിമല സ്വർണക്കിരീടത്തിലും സംശയം; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടമോ?
A gold crown recorded as weighing 55.72 sovereigns at Sabarimala has come under suspicion, with questions over whether the item kept in the strong room is genuine gold. Amicus curiae is expected to report the findings to the High Court.
ശബരിമല : ശബരിമലയിലെ സ്വർണക്ക്രമക്കേട് വിവാദത്തിനിടെ സ്വർണക്കിരീടത്തിലും സംശയം. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടം യഥാർഥ സ്വർണമല്ല, മുക്കുപണ്ടമാണോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. രേഖകളിൽ 55.72 പവൻ, അതായത് 445.78 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടമായാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സ്ട്രോങ് റൂമിലുള്ള കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണ് തൂക്കമെന്നാണ് വിവരം. യഥാർഥ കിരീടത്തോട് സാമ്യമുള്ള രൂപത്തിലുള്ള വസ്തുവിൽ വെള്ളക്കല്ലുകളും പതിച്ചിട്ടുണ്ട്.
2012 ഓഗസ്റ്റ് 17ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിൽ സമർപ്പിച്ച കിരീടമാണിത്. ദേവസ്വം ബോർഡ് രസീത് നൽകിയിരുന്ന കിരീടം പിന്നീട് അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയശേഷം സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം.
യഥാർഥ സ്വർണക്കിരീടം എപ്പോൾ സ്ട്രോങ് റൂമിൽ നിന്ന് മാറി? അതിന് പകരം മുക്കുപണ്ടമാണെന്ന് സംശയിക്കുന്ന വസ്തു എത്തിച്ചത് ആര്? സ്ട്രോങ് റൂം തുറന്നപ്പോഴെല്ലാം ചട്ടപ്രകാരമുള്ള നടപടികൾ പാലിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ പരിശോധനയിലാണ് കിരീടവുമായി ബന്ധപ്പെട്ട സംശയം ഉയർന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്.
സന്നിധാനത്തെ സ്ട്രോങ് റൂമിന് സി.സി.ടി.വി. നിരീക്ഷണമില്ലെന്നതും നിർണായകമാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൈവശമാണ് താക്കോൽ. എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിൽ റൂം തുറക്കുകയും നടപടികൾ മഹസറിൽ രേഖപ്പെടുത്തുകയും വേണമെന്നാണ് ചട്ടം.
നേരത്തെ ശബരിമലയിലെ സ്വർണപ്പാളികൾ അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളും അന്വേഷണവും നടക്കുന്നതിനിടെയാണ് സ്വർണക്കിരീടത്തിലും ഇപ്പോൾ സംശയം ഉയരുന്നത്. മുൻ എൽഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ സ്വർണവും അമൂല്യ വസ്തുക്കളും കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട നടപടികളും ഇതോടെ കൂടുതൽ ചർച്ചയാകുകയാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ എത്തുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)