‘വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടു, ആരോടും പരാതിയില്ല’; കളക്ടറേറ്റ് ജീവനക്കാരി ജീവനൊടുക്കിയതിൽ അന്വേഷണം
Kasaragod Collectorate Staff Suicide: Dying Declaration Reveals Mental Stress and Isolation
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലർക്ക് ചേങ്കള അതിരകുഴിയിലെ എ. ആശാലതയുടെ (41) മരണം സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിനാണ് (എഡിഎം) അന്വേഷണ ചുമതല. വിദ്യാ നഗർ പോലീസ് നടത്തുന്ന അന്വേഷണത്തിന് പുറമെയാണ് റവന്യൂ വകുപ്പിന്റെ ഈ നടപടി. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ സമ്മർദ്ദങ്ങളോ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചേങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശാലത, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
ആശുപത്രിയിൽ വച്ച് പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയ മരണമൊഴിയിൽ, വീട്ടിലും ഓഫീസിലും നേരിട്ട കടുത്ത മാനസിക സമ്മർദ്ദവും ഒറ്റപ്പെടലുമാണ് ജീവനൊടുക്കാൻ കാരണമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. അതേസമയം, ആർക്കെതിരെയും പേരെടുത്ത് പരാതിപ്പെട്ടിട്ടില്ല. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ മേയ് 12-നാണ് ഇവരെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ നിന്നും എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റി നിയമിച്ചത്. സെക്ഷൻ മാറ്റത്തെത്തുടർന്ന് ഓഫീസിൽ നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാനഗർ പോലീസ് ആശാലതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 'ഏഴിന് രാവിലെ പത്തോ ടെയാണ് മൂന്ന് പായ്ക്കറ്റ് എലിവിഷം (റാറ്റോൾ) ഐസ്‌ക്രീമിൽ കലർത്തി കഴിച്ചത്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണിത്. കഴിക്കാനുള്ള കാരണം വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലാണ്. അതുമൂലമുള്ള 'മെന്റൽ സ്ട്രെസ്' കാരണം കുറച്ച് ദിവസമായി മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് ആർക്കെതിരെയും പരാതിയില്ല.'- എന്നാണ് മൊഴിയിലുള്ളത്.
സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഭരണാനുകൂല സർവീസ് സംഘടനകളുടെ മാനസിക സമ്മർദ്ദവും തന്നിഷ്ടപ്രകാരമുള്ള സ്ഥലംമാറ്റങ്ങളുമാണ് മരണത്തിന് കാരണമെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ റവന്യൂ മന്ത്രി, മെയ് മാസത്തിൽ നടന്നത് ഓഫീസിനുള്ളിലെ സാധാരണ സെക്ഷൻ മാറ്റം മാത്രമാണെന്നും മരണമൊഴിയിലെ വിവരങ്ങൾ മുൻനിർത്തി സമഗ്രമായ അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. ഭർത്താവ് അജയകുമാറും രണ്ട് മക്കളുമടങ്ങുന്നതാണ് ആശാലതയുടെ കുടുംബം.