ഗ്യാനേഷ് കുമാർ രാജിവെക്കണം; മോദിക്കും അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി
വോട്ട് ചോരി മാത്രമല്ല, നിയമങ്ങളും അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ മോദിയും അമിത് ഷായുമാണെന്ന് ആരോപിച്ച രാഹുൽ, രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനവും ഭരണഘടനാ സ്ഥാപനങ്ങളും തകർക്കപ്പെടുകയാണെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർത്തുവെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. താൻ നേരത്തേ ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ വിവരങ്ങളെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വോട്ട് ചോരി മാത്രമല്ല, നിയമങ്ങളുടെ അട്ടിമറിയും നടന്നിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചു. ബിജെപി സർക്കാർ 30 മുതൽ 50 വർഷം വരെ അധികാരത്തിൽ തുടരുമെന്ന അമിത് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച അദ്ദേഹം, ജനാധിപത്യ സംവിധാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയും കാലം അധികാരത്തിൽ തുടരുമെന്ന് എങ്ങനെ ഉറപ്പുനൽകാനാകുമെന്ന് ചോദിച്ചു.

1971-ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷവും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്ന ചരിത്രം രാഹുൽ ഓർമിപ്പിച്ചു. അത്തരമൊരു ജനാധിപത്യ സംവിധാനത്തിൽ ബിജെപി നേതാക്കളുടെ ആത്മവിശ്വാസത്തിന് പിന്നിലെ കാരണം ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ നിയമനം മോദിയുടെയും അമിത് ഷായുടെയും തീരുമാനമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു
.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)