ഇലക്ഷൻ കമ്മീഷനോട് 14 ചോദ്യങ്ങൾ; 14 ഭീമൻ പോസ്റ്റ് കാർഡുകളുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ മുതൽ തെരഞ്ഞെടുപ്പ് സുതാര്യത വരെ ചോദ്യങ്ങൾ; പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് 14 ഭീമൻ പോസ്റ്റ് കാർഡുകൾ കമ്മീഷന് അയച്ചു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, ആ വിയോജിപ്പുകൾ എന്തൊക്കെയായിരുന്നുവെന്നും അവ പരിഗണിക്കാതിരുന്നതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽനിന്ന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതായുള്ള പരാതികൾ, വ്യാജവും ഇരട്ടയുമായ വോട്ടർ എൻട്രികൾ, വിവിപാറ്റ് സ്ലിപ്പുകളുടെ പരിശോധന, പോളിംഗ് ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഇവിഎമ്മുകളുടെയും കൺട്രോൾ യൂണിറ്റുകളുടെയും ഡിജിറ്റൽ ലോഗുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും പേര് പുനഃസ്ഥാപിക്കാനും മതിയായ അവസരം ഉറപ്പാക്കണമെന്നും വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണ്ണയം, ബൂത്ത് വിഭജനം തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മറുപടി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ആരിഫ് ഖാൻ എം.സി., ഫിറോസ് മീരാൻ, മുഹമ്മദ് റാഫി, ഇജാസ് ഖാൻ, സുഹൈൽ നജീബ്, അജ്മൽ അലി, നിഷാൽ വലംഞ്ചുഴി, മാരി കണ്ണൻ, അജ്മൽ കരീം, മുഹമ്മദ് അർഫാൻ, ഫായിദ് അയ്മൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ജനാധിപത്യത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി തേടുന്നതിനുമാണ് ഭീമൻ പോസ്റ്റ് കാർഡുകൾ അയച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)