തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ക്രൂരമായ മർദ്ദനം: സിബിഎസ്ഇ പ്ലസ് ടു വിദ്യാർത്ഥി എറണാകുളത്ത് വെന്റിലേറ്ററിൽ
18-year-old Plus-Two student from Thrissur, Kerala, sustained a severe head injury and brain hemorrhage following an illegal kick during the CBSE South Zone Taekwondo Championship
മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ നിയമവിരുദ്ധമായ പ്രഹരമേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയും മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകനുമായ ഫായിസ് അബ്ദുൽ ജലാലിനാണ് (18) സാരമായി പരിക്കേറ്റത്. എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഫായിസ് നിലവിൽ അബോധാവസ്ഥയിലാണ്.
ഓഗസ്റ്റ് 3-ന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ-19 വിഭാഗം മത്സരത്തിനിടെയായിരുന്നു ദാരുണമായ സംഭവം. മത്സരത്തിനിടയിൽ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ശക്തമായി ചവിട്ടുകയായിരുന്നു. ചട്ടവിരുദ്ധമായ ഈ പ്രഹരത്തെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട ഫായിസ്, മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകിയ ശേഷം റിങ്ങിന് പുറത്തേക്ക് മാറി.
എന്നാൽ ഫൗൾ വിളിക്കാനോ മത്സരം തടയാനോ റഫറി തയ്യാറായില്ല. ഇതിനിടെ, റിങ്ങിൽ നിന്നും പിന്മാറിയ ഫായിസിന്റെ മുഖത്തേക്ക് എതിരാളി വീണ്ടും ശക്തമായി തൊഴിക്കുകയായിരുന്നു. തലയ്ക്ക് നേരിട്ട് അടിയേറ്റ ഫായിസ് ഉടൻ തന്നെ റിങ്ങിൽ തളർന്നുവീണു.
ഉടൻ തന്നെ സ്കൂൾ അധികൃതർ ഫായിസിനെ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അവിടെവച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് ഓഗസ്റ്റ് 9-ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗ്ഗം കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
തയ്ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സരച്ചട്ടങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് റഫറിയും സംഘാടകരും പ്രവർത്തിച്ചതെന്ന് ഫായിസിന്റെ കുടുംബം ആരോപിക്കുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച എതിരാളിക്കെതിരെയും മത്സരം തടയാതിരുന്ന റഫറിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. വിദേശത്തായിരുന്ന ഫായിസ് കഴിഞ്ഞ വർഷമാണ് അൻസാർ സ്കൂളിൽ ചേർന്നത്.
എന്താണ് തയ്ക്വാൻഡോ?
കൊറിയൻ പരമ്പരാഗത ആയോധനകലയാണ് തയ്ക്വാൻഡോ. 'തായ്' (കൈകാലുകൾ കൊണ്ട് പ്രഹരിക്കുക), 'ക്വാൻ' (മുഷ്ടി/ഇടിക്കുക), 'ഡോ' (മാർഗ്ഗം അല്ലെങ്കിൽ കല) എന്നീ വാക്കുകൾ ചേർന്നാണ് ഈ പേരുണ്ടായത്. ചുരുക്കത്തിൽ "കൈകാലുകൾ കൊണ്ടുള്ള പോരാട്ടകല" എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക കായിക ഇനം കൂടിയാണിത്. വേഗതയേറിയതും ഉയർന്നതുമായ കാലടി പ്രഹരങ്ങൾക്കാണ് തയ്ക്വാൻഡോയിൽ കൂടുതൽ പ്രാധാന്യം.ഒരു കളിക്കാരൻ വേദനയോ പരിക്കോ കാരണം പോരാട്ടം നിർത്താൻ സിഗ്നൽ നൽകിയാൽ റഫറി ഉടൻ ഇടപെട്ട് എതിരാളിയെ തടയണം. ഇവിടെ അത് നടക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.