ഓർഡിനൻസുകൾ തുടരെ തുടരെ പുതുക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട് : ഗവർണ്ണർ
അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ സഭ വിളിച്ചതിനെ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്തു. ഏറെ ഓർഡിനൻസുകൾ ഒന്നിച്ച് വന്നത് കൊണ്ടാണ് ഒപ്പിടാതിരുന്നത്. ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും ഓർഡിനൻസിനെതിരെ ഉയർന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് അതിൽ ഒപ്പിടാതിരുന്നതെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. താൻ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സമയമെടുക്കാതെ ഓർഡിനൻസുകളിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവർണ്ണർ പറഞ്ഞിരുന്നു.
അതേ സമയം സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ അടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണ്ണർ നൽകുന്ന സൂചന.
ഗവർണ്ണർ ഉറച്ചുനിന്നതോടെയാണ് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമനിർമ്മാണത്തിന് മാത്രമായി സഭചേരും.
ബിൽ നിയമസഭയിൽ എത്തിയാൽ സർക്കാറിന് മുന്നിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സർക്കാറിന സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്
