സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഎം സംസ്ഥാന സമിതി: മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും
അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾ ഇന്ന് അവസാനിക്കുമ്പോൾ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് ഇന്ന് നേതൃത്വത്തിൻ്റെ മറുപടിയുണ്ടായേക്കും. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും ഇന്നത്തെ യോഗത്തിൽ മുന്നോട്ട് വച്ചേക്കും. രണ്ടാം പിണറായി സർക്കാരിൻ്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നായിരുന്നു സമിതിയിലെ വിലയിരുത്തൽ.
വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇന്ന് നേരിട്ട് മറുപടി പറഞ്ഞേക്കും
പൊലീസിലും, ഉദ്യോഗസ്ഥതലത്തിലും, മന്ത്രിമാർക്കും വീഴ്ച പറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന വിമര്‍ശനം. ജനങ്ങളിലേക്ക് ക്ഷേമ പദ്ധതികൾ എത്തിക്കുന്നതിൽ ഏകോപന കുറവുണ്ടായി. പൊലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും ആവശ്യം ഉയര്‍ന്നു. മന്ത്രിമാർക്കെതിരെ ഉയർന്ന വിമർശനം ഒന്നാം പിണറായി സർക്കാരിന്‍റെ അടുത്തെങ്ങുമെത്തുന്നില്ലെന്നായിരുന്നു. സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിമാരിൽ പലര്‍ക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെ വിമർശനം ഉയര്‍ന്നത്.