കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ ഇടപെടൽ; പ്രശംസയുമായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താനും തീരദേശ സുരക്ഷ ഉറപ്പാക്കാനും സർക്കാർ നടത്തുന്ന ഇടപെടലുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ആർച്ച് ബിഷപ്പ്.

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ ഇടപെടൽ; പ്രശംസയുമായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

കൊല്ലം: കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാകുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശ മേഖലയുടെ സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിനുമായി സർക്കാർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.

കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ടകര ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര ആവശ്യങ്ങളും കടലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് അദ്ദേഹം പ്രതികരിച്ചതെന്നും തോമസ് ജെ. നെറ്റോ പറഞ്ഞു.

“പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്” എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ തീരദേശ ജനതയ്ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിനുമായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു.

നീണ്ടകര ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്നതിനും സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്നും ആർച്ച് ബിഷപ്പ് ആശംസിച്ചു.