പിണറായിക്കെതിരെ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ : തുടരന്വേഷണത്തിനൊരുങ്ങി ഇ ഡി
കോടതിയിൽ നിന്നും ഇ ഡി സ്വപ്നയുടെ മൊഴി പകർപ്പ് നേടും
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇഡി. രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണ കേസിൽ ഇഡി കുറ്റപത്രം നൽകിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തടസ്സമില്ല. കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നൽകിയ പുതിയ രഹസ്യ മൊഴി. സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സമാന ആരോപണം സ്വപ്ന ഉയർത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്. ബിരിയാണി ചെമ്പിൽ ലോഹ വസതുക്കൾ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നൽകിയ മൊഴി ആയതിനാൽ ഇഡിയക്ക് എതിർപ്പില്ലാതെ തന്നെ മൊഴി പകർപ്പ് നേടാനാകും. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനാണ് ഇഡിയുടെ നീക്കം, മൊഴി പകർപ്പിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആരംഭിക്കുകയാണെങ്കിൽ മൊഴികളിൽ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയുമടക്കം ഇഡിക്ക് ചോദ്യം ചെയ്യേണ്ടിവരും.