വീട് വെള്ളത്തിൽ മുങ്ങിയാൽ ഇൻഷുറൻസ് പണം കിട്ടുമോ? പോളിസി എടുത്തിട്ടും പണം കിട്ടാതെ പോകാം; അറിയേണ്ട കാര്യങ്ങൾ ഇതാണ്

Floods can cause massive damage to homes and belongings. Here’s what home insurance may cover, what it may exclude, and what homeowners should check before buying a policy

വീട് വെള്ളത്തിൽ മുങ്ങിയാൽ ഇൻഷുറൻസ് പണം കിട്ടുമോ? പോളിസി എടുത്തിട്ടും പണം കിട്ടാതെ പോകാം; അറിയേണ്ട കാര്യങ്ങൾ ഇതാണ്

മഴ ശക്തമാകുമ്പോൾ വീടുകളിൽ വെള്ളം കയറുന്നതും സാധനങ്ങൾ നശിക്കുന്നതും കേരളത്തിൽ പുതിയ കാര്യമല്ല. പക്ഷേ ഇങ്ങനെ വീട് വെള്ളത്തിൽ മുങ്ങിയാൽ ഉണ്ടായ നഷ്ടത്തിന് ഇൻഷുറൻസ് കമ്പനി പണം നൽകുമോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും വ്യക്തതയില്ല. ഹോം ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ എല്ലാ നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കുമോ?


യുസ് മുഴുവൻ സമ്പാദിച്ച് പണിത വീട് മഴയും വെള്ളപ്പൊക്കവും മൂലം ഭിത്തികളും ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം നശിച്ചാൽ വീണ്ടും എല്ലാം പഴയപടിയാക്കുക വലിയ സാമ്പത്തിക ബാധ്യതയാണ്. ഈ സാഹചര്യത്തിൽ പലരും ആശ്രയിക്കുന്നത് ഹോം ഇൻഷുറൻസിനെയാണ്. എന്നാൽ വെള്ളപ്പൊക്കത്തിൽ വീട് തകർന്നാൽ ഹോം ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്നതുകൊണ്ട് മാത്രം നഷ്ടപരിഹാരം ഉറപ്പാണോ? ഇവിടെ പലർക്കും തെറ്റിപ്പോകുന്ന ഒരു പ്രധാന കാര്യമുണ്ട്.
ഹോം ഇൻഷുറൻസും വെള്ളപ്പൊക്ക പരിരക്ഷയും ഒരേ കാര്യമല്ല. ഏത് അപകടങ്ങൾക്കാണ് നിങ്ങളുടെ പോളിസി പരിരക്ഷ നൽകുന്നതെന്ന് കൃത്യമായി പരിശോധിച്ച ശേഷമാണ് നഷ്ടപരിഹാരം ലഭിക്കുമോ എന്ന് മനസ്സിലാക്കേണ്ടത്.

ഹോം ഇൻഷുറൻസ് എന്താണ് പരിരക്ഷിക്കുന്നത്?

വീടിന്റെ കെട്ടിടത്തിനും വീട്ടിനുള്ളിലെ സാധനങ്ങൾക്കും ഉണ്ടാകുന്ന വിവിധ തരത്തിലുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് ഹോം ഇൻഷുറൻസ്.തീപിടിത്തം, മിന്നൽ, ചില പ്രകൃതിദുരന്തങ്ങൾ, കാറ്റ്, ചുഴലിക്കാറ്റ്, ഭൂകമ്പം, മോഷണം തുടങ്ങിയ അപകടങ്ങൾ പോളിസി അനുസരിച്ച് പരിരക്ഷയിൽ ഉൾപ്പെടാം. ചില പോളിസികളിൽ വീടിന്റെ കെട്ടിടം മാത്രമല്ല, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ വീട്ടുസാധനങ്ങൾക്കും പരിരക്ഷ ലഭിക്കും.എന്നാൽ ഹോം ഇൻഷുറൻസ് എടുത്തിട്ടുണ്ട് എന്ന ഒറ്റ കാരണത്താൽ എല്ലാ നഷ്ടങ്ങൾക്കും പണം കിട്ടുമെന്ന് കരുതരുത്. പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപകടങ്ങളും ഒഴിവാക്കിയിരിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കണം.

വെള്ളപ്പൊക്കത്തിൽ വീട് തകർന്നാൽ?

ചില ഹോം ഇൻഷുറൻസ് പദ്ധതികളിൽ വെള്ളപ്പൊക്കം, മഴവെള്ളം കയറിയുണ്ടാകുന്ന നാശം, വെള്ളം കയറിയുള്ള കേടുപാടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകാം. ചില പദ്ധതികളിൽ അതിന് പ്രത്യേക വ്യവസ്ഥയോ അധിക പരിരക്ഷയോ ആവശ്യമായേക്കാം.അതിനാൽ പോളിസി എടുക്കുമ്പോൾ Flood and Inundation ഉൾപ്പെടുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം.അതായത് എല്ലാ ഹോം ഇൻഷുറൻസും ഒരുപോലെയല്ല.

വീട്ടിനുള്ളിലെ സാധനങ്ങൾക്കും പരിരക്ഷ കിട്ടുമോ?

പോളിസിയിൽ ‘ഹോം ബിൽഡിങ്’ മാത്രമാണോ ഇൻഷ്വർ ചെയ്തിരിക്കുന്നത്, അതോ ‘ഹോം കണ്ടന്റ്സ്’ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് ഇവിടെ നിർണായകം.ഉദാഹരണത്തിന് വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിന്റെ ഭിത്തികൾ, വാതിലുകൾ, ജനലുകൾ, ഫർണിച്ചർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ടെലിവിഷൻ തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിക്കാം.വീടിന്റെ കെട്ടിടത്തിന് മാത്രം ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ വീട്ടിനുള്ളിലെ എല്ലാ സാധനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നില്ല.

താമസിക്കാൻ കഴിയാതെ വന്നാൽ?

വെള്ളപ്പൊക്കത്തിൽ വീട് താമസിക്കാൻ കഴിയാത്ത അവസ്ഥയിലായാൽ മറ്റൊരു വീട്ടിലോ ഹോട്ടലിലോ താമസിക്കേണ്ടി വരാം.ചില പോളിസികളിൽ താൽക്കാലിക താമസത്തിനുള്ള അധിക ചെലവുകൾ ഉൾപ്പെടുന്ന വ്യവസ്ഥകളുണ്ട്. എന്നാൽ ഇത് എല്ലാ പോളിസികളിലും ഒരുപോലെ ലഭിക്കണമെന്നില്ല.അതിനാൽ പോളിസി എടുക്കുന്നതിന് മുമ്പ് വീട് താമസയോഗ്യമല്ലാതായാൽ താൽക്കാലിക താമസച്ചെലവിന് പരിരക്ഷയുണ്ടോ എന്ന് ചോദിച്ച് ഉറപ്പാക്കുന്നത് പ്രധാനമാണ്.

പൈപ്പ് പൊട്ടിയാൽ നഷ്ടപരിഹാരം കിട്ടും; മഴവെള്ളം കയറിയാൽ?

ഇവ രണ്ടും ഒരുപോലെ കാണരുത്.വീട്ടിലെ പൈപ്പ് പൊട്ടിയുണ്ടാകുന്ന ചില നാശനഷ്ടങ്ങൾ പ്രത്യേക പോളിസി വ്യവസ്ഥകൾ പ്രകാരം പരിരക്ഷിക്കപ്പെട്ടേക്കാം. എന്നാൽ പുറത്തുനിന്നുള്ള വെള്ളപ്പൊക്കം, നദി കരകവിഞ്ഞൊഴുകൽ, കനത്ത മഴയെ തുടർന്ന് വെള്ളം കയറൽ തുടങ്ങിയ സാഹചര്യങ്ങളിൽ പരിരക്ഷ ലഭിക്കുന്നുണ്ടോ എന്നത് പോളിസി വ്യവസ്ഥകൾ പരിശോധിച്ചാണ് തീരുമാനിക്കേണ്ടത്.

Water Damage എന്ന് പോളിസിയിൽ കാണുന്നു എന്നതുകൊണ്ട് മാത്രം എല്ലാ തരത്തിലുള്ള വെള്ളക്കെടുതികൾക്കും പണം ലഭിക്കുമെന്ന് കരുതരുത്.

പോളിസി എടുക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായി നോക്കണം

  1. വെള്ളപ്പൊക്കം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  2. കെട്ടിടത്തിന് മാത്രമാണോ, വീട്ടിലെ സാധനങ്ങൾക്കും പരിരക്ഷയുണ്ടോ എന്ന് നോക്കുക.
  3. വീടിന്റെ പുനർനിർമാണത്തിന് ആവശ്യമായ തുകയ്ക്ക് അനുസരിച്ച് ഇൻഷുറൻസ് തുക മതിയാണോ എന്ന് പരിശോധിക്കുക.
  4. പോളിസിയിൽ എന്തൊക്കെയാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് വായിക്കുക.
  5. ക്ലെയിം ചെയ്യുമ്പോൾ സ്വന്തം കൈയിൽ നിന്ന് നൽകേണ്ട ഡിഡക്ടിബിൾ എത്രയാണെന്ന് മനസ്സിലാക്കുക.

വെള്ളപ്പൊക്കം വരാൻ സാധ്യതയുള്ള പ്രദേശത്താണെങ്കിൽ?

വീട് പുഴയ്ക്കരികിലോ താഴ്ന്ന പ്രദേശത്തോ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലത്തോ ആണെങ്കിൽ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.മുൻകാലങ്ങളിൽ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടോ, സമീപത്തെ ജലാശയങ്ങൾ എത്ര അകലെയാണ്, മഴക്കാലത്ത് വെള്ളം കയറുന്ന സാഹചര്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുന്നത് സഹായകരമാണ്.‘എന്റെ വീട്ടിൽ ഇതുവരെ വെള്ളം കയറിയിട്ടില്ല’ എന്നത് മാത്രം ഇൻഷുറൻസ് വേണ്ടെന്ന തീരുമാനത്തിനുള്ള കാരണമാക്കരുത്.

വെള്ളപ്പൊക്കത്തിന് ശേഷം ക്ലെയിം ചെയ്യുമ്പോൾ എന്തുചെയ്യണം?

വെള്ളപ്പൊക്കത്തിന് ശേഷം ഉടൻ എല്ലാം വൃത്തിയാക്കി കളയുന്നതിന് മുമ്പ് സാധ്യമെങ്കിൽ നാശനഷ്ടങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുക.ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കുക. പോളിസി നമ്പർ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ തയ്യാറാക്കുക. കേടായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കുകയും വാങ്ങിയതിന്റെ ബില്ലുകൾ ലഭ്യമാണെങ്കിൽ സൂക്ഷിക്കുകയും ചെയ്യുക.അറ്റകുറ്റപ്പണി തുടങ്ങുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനിയുടെ സർവേ അല്ലെങ്കിൽ പരിശോധന ആവശ്യമാണോ എന്നും ഉറപ്പാക്കണം.

വെള്ളപ്പൊക്കം ബാധിച്ച ശേഷം അല്ല ഇൻഷുറൻസ് എടുക്കേണ്ടത്​!

ഇതാണ് പലരും വരുത്തുന്ന വലിയ തെറ്റ്.വെള്ളപ്പൊക്ക മുന്നറിയിപ്പ് വന്നതിന് ശേഷം ഇൻഷുറൻസ് എടുത്താൽ ആ സംഭവത്തിൽ ഉണ്ടായ നഷ്ടത്തിന് പരിരക്ഷ ലഭിക്കുമെന്ന് കരുതരുത്. പോളിസിയുടെ പ്രാബല്യ തീയതി, നിബന്ധനകൾ, നിലവിലുള്ള അപകടസാധ്യതകൾ എന്നിവ നിർണായകമാണ്.അതുകൊണ്ട് മഴക്കാലത്ത് അപകടം സംഭവിച്ച ശേഷം പോളിസി അന്വേഷിക്കുന്നതിനേക്കാൾ അപകടസാധ്യത ഇല്ലാത്ത സമയത്ത് തന്നെ ആവശ്യമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് സുരക്ഷിതം.

ഹോം ഇൻഷുറൻസ് എടുക്കുന്നത് ‘വീട് ഇൻഷ്വർ ചെയ്തു’ എന്നൊരു സർട്ടിഫിക്കറ്റ് കൈവശം വയ്ക്കാനല്ല. ദുരന്തം സംഭവിച്ചാൽ യഥാർഥത്തിൽ എത്രത്തോളം സാമ്പത്തിക സഹായം ലഭിക്കും എന്നതാണ് നോക്കേണ്ടത്.വെള്ളപ്പൊക്കം, വീടിന്റെ കെട്ടിടം, വീട്ടുസാധനങ്ങൾ, താൽക്കാലിക താമസം ഈ നാല് കാര്യങ്ങളിലും നിങ്ങളുടെ പോളിസി എന്താണ് പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമേ പോളിസി തിരഞ്ഞെടുക്കാവൂ.കേരളം പോലുള്ള ശക്തമായ മഴയും വെള്ളക്കെട്ടും വെള്ളപ്പൊക്കവും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വീടിന്റെ ഇൻഷുറൻസ് എടുക്കുമ്പോൾ ‘ഫ്ലഡ് കവറേജ് ഉണ്ടോ?’ എന്ന ഒറ്റ ചോദ്യം പോലും വലിയ സാമ്പത്തിക വ്യത്യാസമുണ്ടാക്കാം.