ഒരു ടെക്സ്റ്റ് മെസേജ് മതി അക്കൗണ്ട് കാലിയാകാൻ! ഇന്ത്യയിൽ സൈബർ തട്ടിപ്പ് 146% കുതിച്ചു; പുതിയ തന്ത്രവുമായി തട്ടിപ്പുകാർ

SMS-based cyber frauds in India have surged 146%, with scammers using fake links, KYC alerts and urgent messages to steal money and personal data

ഒരു ടെക്സ്റ്റ് മെസേജ് മതി അക്കൗണ്ട് കാലിയാകാൻ! ഇന്ത്യയിൽ സൈബർ തട്ടിപ്പ് 146% കുതിച്ചു; പുതിയ തന്ത്രവുമായി തട്ടിപ്പുകാർ

 ഫോണിൽ വരുന്ന ഒരു ടെക്സ്റ്റ് മെസേജ് പോലും വെറുതെ അവഗണിക്കാവുന്ന കാലമല്ല. ബാങ്കിന്റെ പേരിൽ, കെ.വൈ.സി പുതുക്കണമെന്ന പേരിൽ, റീഫണ്ട് ലഭിക്കുമെന്ന പേരിൽ, അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞ് എത്തുന്ന വ്യാജ ടെക്സ്റ്റ് മെസേജുകൾ വഴി ആളുകളെ കുടുക്കുന്ന തട്ടിപ്പ് ഇന്ത്യയിൽ വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. ടെക്സ്റ്റ് മെസേജ് വഴിയുള്ള സൈബർ തട്ടിപ്പുകൾ 146 ശതമാനം വർധിച്ചതായാണ് ബയോകാച്ചിന്റെ ‘ഡിജിറ്റൽ ബാങ്കിങ് ഫ്രോഡ് ട്രെൻഡ്സ് ഇൻ ഇന്ത്യ 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതിനൊപ്പം തട്ടിപ്പുകാരുടെ രീതികളും അതിവേഗം മാറുകയാണ്. യു.പി.ഐ, മൊബൈൽ ബാങ്കിങ്, ഓൺലൈൻ ഷോപ്പിങ്, നിക്ഷേപ പ്ലാറ്റ്ഫോമുകൾ എന്നിവ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതോടെ ഇതേ സംവിധാനങ്ങളെയാണ് സൈബർ തട്ടിപ്പുകാരും പ്രധാനമായി ലക്ഷ്യമിടുന്നത്.

ബാങ്കിന്റെ പേരിൽ മെസേജ്; ക്ലിക്ക് ചെയ്താൽ തീർന്നു!

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യും’, ‘കെ.വൈ.സി അപ്ഡേറ്റ് ചെയ്യണം’, ‘സംശയാസ്പദമായ ഇടപാട് കണ്ടെത്തി’, ‘റീഫണ്ട് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക’ തുടങ്ങിയ രീതിയിലുള്ള ടെക്സ്റ്റ് മെസേജുകളാണ് തട്ടിപ്പുകാർ അയക്കുന്നത്.

മെസേജിനൊപ്പം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യഥാർഥ ബാങ്കിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ പേജിലേക്ക് എത്തിക്കും. അവിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് നമ്പർ, സി.വി.വി, ഒ.ടി.പി, യു.പി.ഐ പിൻ തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും.

ഇങ്ങനെ ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് ആളുകളെ കുടുക്കുന്ന തട്ടിപ്പിനെയാണ് ‘സ്മിഷിങ്’ എന്ന് വിളിക്കുന്നത്.

തട്ടിപ്പ് ശ്രമങ്ങൾ കുറഞ്ഞു; പക്ഷേ പോകുന്ന തുക കൂടി

റിപ്പോർട്ടിലെ മറ്റൊരു കണക്ക് കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. ബയോകാച്ചിന്റെ ഉപഭോക്താക്കളിൽ രേഖപ്പെടുത്തിയ തട്ടിപ്പ് ശ്രമങ്ങൾ 12 ശതമാനം കുറഞ്ഞെങ്കിലും, തട്ടിപ്പിന് ശ്രമിച്ച പണമിടപാടുകളുടെ ആകെ മൂല്യം 35 ശതമാനം വർധിച്ചു.

അതായത് തട്ടിപ്പുകാരുടെ ലക്ഷ്യം ചെറിയ തുകകളിൽ നിന്ന് കൂടുതൽ വലിയ തുകകളിലേക്കാണ് മാറുന്നതെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ഒരു തട്ടിപ്പ് ഇടപാടിൽ കൈമാറ്റം ചെയ്യുന്ന തുകയുടെ മധ്യനില 1.7 മടങ്ങ് വർധിക്കുകയും ചെയ്തു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പും കുതിക്കുന്നു

വെബ്സൈറ്റ് വഴിയുള്ള തട്ടിപ്പിനെക്കാൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് സെഷനുകൾ 67 ശതമാനം വർധിച്ചു. ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സെഷനുകളിൽ 86 ശതമാനവും ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ 35 ശതമാനവും വർധന രേഖപ്പെടുത്തി. അതേസമയം വെബ് വഴിയുള്ള തട്ടിപ്പ് സെഷനുകൾ 10 ശതമാനം കുറഞ്ഞു.

ഇതോടെ സൈബർ തട്ടിപ്പിന്റെ പ്രധാന പോരാട്ടഭൂമി കമ്പ്യൂട്ടറിൽ നിന്ന് മൊബൈൽ ഫോണിലേക്കാണ് മാറുന്നതെന്ന സൂചനയും ലഭിക്കുന്നു.

തട്ടിപ്പിന്റെ മറ്റൊരു പ്രധാന മാറ്റം വേഗതയാണ്. റിപ്പോർട്ട് പരിശോധിച്ച കാലയളവിൽ അപകടസാധ്യതയുള്ള പണമിടപാട് സെഷനുകൾ ഇരട്ടിയായി. അതേസമയം ഓരോ തട്ടിപ്പ് സെഷനിലും കൈമാറ്റം ചെയ്ത തുകയുടെ മധ്യനില 1.7 മടങ്ങ് ഉയർന്നു.

ഇതിനിടെ തട്ടിപ്പുകാരും ഇരകളും തമ്മിലുള്ള ശരാശരി ഫോൺ കോൾ ദൈർഘ്യം 31 ശതമാനം കുറഞ്ഞു. ഒരു തട്ടിപ്പ് സെഷൻ പൂർത്തിയാക്കാൻ എടുക്കുന്ന മധ്യനില സമയവും 32 ശതമാനം കുറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ ഇരയെ സമ്മർദത്തിലാക്കി പണം കൈമാറിക്കുന്ന രീതിയിലേക്ക് തട്ടിപ്പുകൾ മാറുകയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ഫോൺ കട്ട് ചെയ്യാൻ പോലും സമ്മതിക്കില്ല!

ചില തട്ടിപ്പുകളിൽ ഫോൺ കോൾ തന്നെയാണ് പ്രധാന ആയുധം.ബാങ്ക് ജീവനക്കാരനാണെന്നും പൊലീസിൽ നിന്നാണെന്നും മറ്റേതെങ്കിലും ഔദ്യോഗിക സ്ഥാപനത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാർ ഇരയെ ഫോൺ കോളിൽ തന്നെ തുടരാൻ നിർബന്ധിക്കും. പണം എങ്ങനെ കൈമാറണമെന്ന് ഓരോ ഘട്ടത്തിലും പറഞ്ഞുകൊടുക്കുകയും മറ്റാരോടും ചോദിക്കരുതെന്ന് നിർദേശിക്കുകയും ചെയ്യും.

ഇങ്ങനെ ഫോൺ കട്ട് ചെയ്യാനുള്ള അവസരം പോലും നൽകാതെ ഇരയെ സമ്മർദത്തിലാക്കുന്നതാണ് പുതിയ തന്ത്രങ്ങളിലൊന്ന്.

ഒ.ടി.പി മാത്രം ലക്ഷ്യമിട്ടുള്ള തട്ടിപ്പല്ല ഇനി

സൈബർ തട്ടിപ്പുകൾ ഇപ്പോൾ ഒ.ടി.പി മോഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. യു.പി.ഐ തട്ടിപ്പ്, വ്യാജ നിക്ഷേപ പദ്ധതികൾ, ആൾമാറാട്ടം, ‘ഡിജിറ്റൽ അറസ്റ്റ്’ തുടങ്ങിയ രീതികളും വ്യാപകമാണ്.

ഇത്തരം തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം പല ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന സംവിധാനവും സജീവമാണ്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം അക്കൗണ്ടുകളെയാണ് സാധാരണയായി ‘മണി മ്യൂൾ അക്കൗണ്ടുകൾ’ എന്ന് വിളിക്കുന്നത്.

തട്ടിപ്പിന് പിന്നിൽ കൂടുതൽ ഓട്ടോമേഷൻ

തട്ടിപ്പുകാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും കൂടുതൽ സങ്കീർണമാകുകയാണ്.

ലോഗിൻ വിവരങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ സഹായിക്കുന്ന ഓട്ടോഫിൽ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും വർധിക്കുന്നതായി ബയോകാച്ച് റിപ്പോർട്ട് പറയുന്നു. അതേസമയം ബാങ്കുകൾ റിമോട്ട് ആക്സസ് ട്രോജൻ പോലുള്ള ചില ആക്രമണങ്ങൾ കണ്ടെത്തുന്നതിൽ കൂടുതൽ കാര്യക്ഷമമായതോടെ അത്തരം ആക്രമണങ്ങളിൽ കുറവുണ്ടായിട്ടുണ്ട്.

ടെക്സ്റ്റ് മെസേജ് വന്നാൽ ആദ്യം ചെയ്യേണ്ടത് ഇതാണ്

ബാങ്കിന്റെ പേരിലോ സർക്കാർ സ്ഥാപനത്തിന്റെ പേരിലോ ടെക്സ്റ്റ് മെസേജ് വന്നാലും മെസേജിലെ ലിങ്കിൽ ഉടൻ ക്ലിക്ക് ചെയ്യരുത്.

• ബാങ്കിന്റെ ഔദ്യോഗിക ആപ്പ് തുറന്ന് വിവരങ്ങൾ പരിശോധിക്കുക.

• ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് നേരിട്ട് തുറക്കുക.

• സംശയമുണ്ടെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുക.

• ഒ.ടി.പി, യു.പി.ഐ പിൻ, സി.വി.വി, കാർഡ് വിവരങ്ങൾ എന്നിവ ആരോടും പങ്കിടരുത്.

• ഫോൺ വിളിച്ചയാൾ എത്ര അടിയന്തര സാഹചര്യമാണെന്ന് പറഞ്ഞാലും പരിഭ്രാന്തരായി പണം കൈമാറരുത്.

• പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെയും സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930-നെയും അറിയിക്കുക.

ഫോണിലെത്തുന്ന ഓരോ ടെക്സ്റ്റ് മെസേജും ‘ശരിയാണോ?’ എന്ന് പരിശോധിച്ച ശേഷം മാത്രം പ്രതികരിക്കുക.