പുതുതലമുറയെ കുറ്റപ്പെടുത്തും മുമ്പ് സ്വന്തം രാഷ്ട്രീയ പെരുമാറ്റം തിരുത്തേണ്ടേ?

പുതുതലമുറയെ ലഹരിക്കും അക്രമത്തിനും കുറ്റപ്പെടുത്തുന്നതിന് മുമ്പ്, അധികാരത്തിനും പദവികൾക്കും വേണ്ടി രാഷ്ട്രീയ നേതാക്കൾ കാട്ടുന്ന അക്രമവും അച്ചടക്കമില്ലായ്മയും സമൂഹം ആത്മപരിശോധന ചെയ്യണമെന്ന് വിമർശനം.

Sep 20, 2026 - 11:16
Updated: 4 hours ago
0
പുതുതലമുറയെ കുറ്റപ്പെടുത്തും മുമ്പ് സ്വന്തം രാഷ്ട്രീയ പെരുമാറ്റം തിരുത്തേണ്ടേ?

നവതലമുറ നശിച്ചുപോവുകയാണെന്നും, ലഹരിക്ക് അടിമപ്പെടുകയാണെന്നും, സമയം മുഴുവൻ ഫോണിൽ തുലയ്ക്കുകയാണെന്നും പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തുന്ന മുതിർന്ന തലമുറയും നമ്മളോരോരുത്തരും അവിടെ കണ്ടുപഠിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അല്ല, കണ്ടുപഠിപ്പിക്കേണ്ടത്... നമ്മളോരോരുത്തരും സ്വന്തം രാഷ്ട്രീയ പെരുമാറ്റത്തെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ട സമയമാണിത്. കാരണം, ഈ പിള്ളേരൊക്കെ തങ്ങളുടെ ഫോൺ സ്ക്രീനുകളിൽ ദിവസേന കണ്ടുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അച്ഛന്റെയും മുത്തശ്ശന്റെയും പ്രായമുള്ള രാഷ്ട്രീയ നേതാക്കൾ അധികാരത്തിനും കസേരകൾക്കും വേണ്ടി നടുറോഡിലും സഭകൾക്കുള്ളിലും നാണംകെട്ട് തമ്മിലടിക്കുന്ന കാഴ്ചകളാണവ! നാടിന് മുഴുവൻ മാതൃകയാകേണ്ട ഭരണസിരാകേന്ദ്രങ്ങളിൽ പോലും ഇത്തരം തല്ലും ബഹളങ്ങളും അരങ്ങേറുകയും, നേതാക്കന്മാർ എന്ന് വിളിക്കപ്പെടുന്നവർ അധികാരത്തിനും പണത്തിനും പദവികൾക്കും വേണ്ടി അടിയും പിടിയും കുത്തും കൊലയുമൊക്കെയാണ് നടത്തുന്നത്.എന്നിട്ട് ആ കൊലയ്ക്ക് രക്തസാക്ഷി എന്ന പേര് പണ്ടേ വീഴുകയും ചെയ്തു. ഇതൊക്കെയാണ് ശരിയായ വഴിയെന്ന് സ്വന്തം പ്രവർത്തികളിലൂടെ കാട്ടിത്തരുമ്പോൾ, വളർന്നുവരുന്ന കുട്ടികളും അതേ വഴിയേ ചിന്തിച്ചാൽ അവരെ മാത്രം കുറ്റപ്പെടുത്താൻ നമുക്ക് എങ്ങനെ സാധിക്കും?

ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിവിധ അധികാരക്കസേരകളും പദവികളും വീതിച്ചുനൽകുന്നത് രാഷ്ട്രീയത്തിൽ സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യപരമായ ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കുന്നതിന് പകരം, ഡ്യൂട്ടിയിലുള്ള പോലീസിന് നേരെ പോലും തിളച്ച ചായ ഒഴിക്കുന്ന തലത്തിലേക്ക് അക്രമങ്ങൾ വളരുമ്പോൾ നമ്മുടെ രാഷ്ട്രീയബോധവും സാമാന്യ മര്യാദയും എവിടെച്ചെന്നാണ് നിൽക്കുന്നത്?കഴിഞ്ഞദിവസങ്ങളിൽ നമ്മൾ കണ്ട കാഴ്ചകൾ ഏതൊരു മലയാളിയുടെയും മനസ്സിനെ സങ്കടപ്പെടുത്തുന്നതാണ്. സ്വന്തം മുന്നണിയിലെ നേതാവ് കാർ തടഞ്ഞുനിർത്തി, "നീ ആരെടാ?" എന്ന് ചോദിച്ച് കയർത്തു സംസാരിക്കുന്ന അച്ചടക്കമില്ലായ്മയും, അതും മുഖ്യമന്ത്രിക്ക് നേരെ, നമ്മൾ കണ്ടതാണ്.തൊട്ടുപിന്നാലെ, ചീഫ് വിപ്പ് സ്ഥാനമോ മന്ത്രിസ്ഥാനമോ ലഭിച്ചില്ല എന്ന ഒരൊറ്റ കാരണത്താൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ തമ്മിൽ ഇരിങ്ങാലക്കുടയിലൊക്കെ പരസ്യമായി തല്ലുകൂടിയും വഴിയോരങ്ങളിൽ ചോരപ്പുഴ ഒഴുക്കിയും കാട്ടിക്കൂട്ടുന്ന തരംതാണ വടംവലികളുമാണ് നമ്മൾ കണ്ടത്!ഈ കാഴ്ചകളെല്ലാം കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ആലോചിച്ചുനിന്നപ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്. അതിന്റെ അടിയിൽ വന്ന കമന്റുകളിലെ ചില കാര്യങ്ങളുണ്ട്. നമ്മുടെ മക്കളെ നമ്മൾ എങ്ങനെ നന്നാക്കണം? നമ്മുടെ മക്കളോട് ഏതാണ് നേർവഴിയെന്ന് പറഞ്ഞുകൊടുക്കണം.

അവർ മുന്നിൽ കാണുന്ന ഈ ലോകം ഇതല്ല എന്ന് വിശ്വസിപ്പിക്കാൻ നമുക്ക് പറ്റുമോ? ഇല്ല. അധികാരത്തിന്റെ ഈ വടംവലി രാഷ്ട്രീയ നേതാക്കൾ അവസാനിപ്പിക്കുമ്പോൾ മാത്രമേ ഒരു സാമൂഹിക സംവിധാനത്തിലൂടെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ. അല്ലാതെ, ഈ മക്കൾ തെറ്റ് ചെയ്തു, ഈ മക്കൾ അക്രമകാരികളായി, ജനറേഷൻ മുഴുവൻ അക്രമവാസനയുള്ളവരാണ്, ലഹരിക്കടിമയാണ് എന്ന് പറഞ്ഞാൽ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, ഈ കാഴ്ചകൾ കാണുമ്പോൾ "ഇതൊന്നും കാണാൻ വയ്യേ" എന്ന് പറഞ്ഞുപോലും ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.എന്തിന് വേണ്ടിയാണ്? കിട്ടിയ മഹത്തരമായ വിജയത്തിന്റെ ആ നന്മ കളയാൻ, അതിന്റെ ആഘോഷത്തെ ഇല്ലാതാക്കാൻ? ചുരുക്കത്തിൽ, സ്വന്തം പെരുമാറ്റത്തിലൂടെയും മര്യാദയിലൂടെയും മാതൃക കാണിക്കാൻ കഴിയാത്തവർക്ക് പുതിയ തലമുറയുടെ നേരെ വിരൽചൂണ്ടാനോ അവരെ കുറ്റപ്പെടുത്താനോ യാതൊരു അവകാശവുമില്ലെന്ന് ഇന്നത്തെ നമ്മുടെ രാഷ്ട്രീയ അന്തരീക്ഷം വളരെ വ്യക്തമായി തന്നെ സൂചിപ്പിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User