ചാർട്ടേഡ് വിമാന വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി; ‘സ്പോൺസർ ആരെന്ന് പറയേണ്ടതില്ല’

Sep 23, 2026 - 16:47
Updated: 12 hours ago
0
ചാർട്ടേഡ് വിമാന വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി; ‘സ്പോൺസർ ആരെന്ന് പറയേണ്ടതില്ല’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിനിൽക്കുന്ന വിവാദങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുകയാണ്. മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര, മന്ത്രിയുടെ സ്വകാര്യവാഹന യാത്ര ഒക്കെ വലിയ രീതിയിൽ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ ആറ് പേർ മരിച്ച മലപ്പുറത്ത് മുഖ്യമന്ത്രി പോയത് ചാർട്ടേഡ് വിമാനത്തിലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആരാണ് ഇതിന്റെ സ്പോൺസർ, എന്തിനാണ് മുഖ്യമന്ത്രി സ്വകാര്യവ്യക്തിയുടെ സഹായം കൈപ്പറ്റുന്നത് എന്നിങ്ങനെയുള്ള ഗൗരവതരമായ ചോദ്യങ്ങളാണ് ഉയർന്നത്. ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് അത്തരം യാത്രയിൽ യാതൊരു കുഴപ്പവുമില്ല എന്നാണ്. സ്പോൺസർ ആരാണെന്ന് പറയേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുൻമുഖ്യമന്ത്രിമാരും ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരും എല്ലാം ഇത്തരത്തിൽ സ്വകാര്യവ്യക്തികളുടെ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്നാണ് സതീശന്റെ ന്യായീകരണം.

അതേസമയം, കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ചെയ്തതെല്ലാം അതേപടി ചെയ്യാനാണോ യുഡിഎഫ് വന്നത് എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാകേണ്ട എന്ന് കരുതിയാണ് ഇത്തരത്തിലുള്ള വ്യക്തികളുടെ സഹായങ്ങൾ സ്വീകരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ന്യായവും കേരളീയ സമൂഹത്തിന് എളുപ്പം ദഹിക്കുന്നതല്ല. ഖജനാവിന് നഷ്ടമുണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പക്ഷെ, അതിന് സ്വീകരിക്കുന്ന മാർഗങ്ങൾ സർക്കാരിനെ പുകമറയിൽ നിർത്തുന്നതാകരുത്. ഇവിടെ ആരാണ് തനിക്ക് വിമാനം വിട്ടുനൽകിയതെന്ന് പറയാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കഴിയാത്തത്? ആരാണെന്ന് പറഞ്ഞ് നിലവിൽ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പവും സംശയങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ മുഖ്യമന്ത്രിക്ക് നല്ലത്?

മന്ത്രിമാരുടെ വിദേശയാത്രയും വിവാദമാക്കേണ്ടതില്ല എന്നാണ് സതീശന്റെ നിലപാട്. താനാണ് മന്ത്രിമാരെ കാര്യങ്ങൾ കണ്ടുപഠിക്കാൻ വിദേശത്തേക്ക് പറഞ്ഞുവിട്ടതെന്നാണ് മറുപടി. മന്ത്രിമാർ വിദേശയാത്ര നടത്തുന്നതൊന്നും പുതുമയുള്ള കാര്യമല്ലെന്നും സർക്കാരിന് ഒരുപൈസ പോലും ചെലവില്ലാതെയാണ് യാത്രകളെന്നും പറഞ്ഞാണ് സതീശൻ ഇതിനെയെല്ലാം പ്രതിരോധിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User