ഈ ജോലികള്‍ എ.ഐ കൊണ്ടുപോവും; ഇനി എന്താണ് യുവാക്കള്‍ പഠിക്കേണ്ടത്?
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തൊഴില്‍, വിദ്യാഭ്യാസ മേഖല അടിമുടി മാറുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്കിന്റെ സി.ഇ.ഒ ഡാരിയോ അമോദെയ്. ഏതൊക്കെ ജോലികളാണ് തുടക്കത്തില്‍തന്നെ എ.ഐ കൊണ്ടുപോവുക? ഐ.ടി. മേഖലയെ ഞെട്ടിക്കുന്ന മറുപടിയാണ് അമോദെയ് നല്‍കുന്നത്. എ.ഐ. ആദ്യം ഏറ്റെടുക്കാന്‍ പോകുന്നത് കോഡിങ് ജോലിയാണ്. അതിന് പിന്നാലെ മുഴുവന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ് മേഖലയിലേക്കും എ.ഐ. വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. എങ്കില്‍ ഏത് കോഴ്‌സുകളാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്? ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ മണിക്കൂറുകളെടുത്ത് ചെയ്യുന്ന കോഡിങ് ജോലി എ.ഐ. മോഡല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരുടെ ജോലി പൂര്‍ണമായും ഇല്ലാതാകുമെന്ന് അദ്ദേഹം പറയുന്നില്ല. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, വിപണിയുടെ ആവശ്യകത വിലയിരുത്തുക, വിവിധ എ.ഐ. സംവിധാനങ്ങളെ ഏകോപിപ്പിക്കുക തുടങ്ങിയ മനുഷ്യന്റെ ചിന്തയും തീരുമാനശേഷിയും ആവശ്യമായ മേഖലകളില്‍ മനുഷ്യന്റെ പങ്ക് തുടരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഭാവിയില്‍ ഏതു പദ്ധതിയുടെ 95 ശതമാനവും എ.ഐ ആയിരിക്കും നിര്‍വഹിക്കുക എന്നാണ് അമോദെയുടെ കണക്കുകൂട്ടല്‍. മനുഷ്യന്റെ സംഭാവന വെറും അഞ്ച് ശതമാനമായിരിക്കും. ഉല്‍പ്പാദനക്ഷമത ഇരുപത് മടങ്ങ് വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അപ്പോള്‍ ഇന്നത്തെ വിദ്യാര്‍ഥി സമൂഹം എന്താണ് പഠിക്കേണ്ടത്? എ.ഐ.യോട് മത്സരിക്കുന്ന മേഖലകളല്ല, എ.ഐ.യെ ഉപയോഗിച്ച് മുന്നേറാന്‍ കഴിയുന്ന മേഖലകളാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ, റോബോട്ടിക്‌സ്, പരമ്പരാഗത എന്‍ജിനിയറിങ്, ആരോഗ്യരംഗം, മനുഷ്യരുമായി നേരിട്ട് ഇടപെടേണ്ട തൊഴില്‍ മേഖലകള്‍ എന്നിവയ്ക്ക് ഭാവിയിലും മികച്ച സാധ്യതയുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

ക്രിട്ടിക്കല്‍ തിങ്കിങ് അഥവാ വിമര്‍ശനാത്മക ചിന്താശേഷിയാണ് ഭാവിയിലെ ഏറ്റവും വിലപ്പെട്ട കഴിവാകുകയെന്ന് അമോദെയ് മുന്നറിയിപ്പ് നല്‍കുന്നു. കാരണം, എ.ഐ. സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും യഥാര്‍ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ മനുഷ്യന് വിവരങ്ങള്‍ പരിശോധിക്കാനുള്ള കഴിവ് അനിവാര്യമായിരിക്കും. എ.ഐ.യെ അമിതമായി ആശ്രയിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കാതെ എ.ഐ. ഉപയോഗിച്ച് അസൈന്‍മെന്റുകള്‍ തയ്യാറാക്കുന്നത് അവരുടെ പഠനശേഷി നഷ്ടപ്പെടുത്തുമെന്നും, ചില രീതിയില്‍ എ.ഐ. ഉപയോഗിക്കുന്നത് മനുഷ്യരുടെ കഴിവുകള്‍ ക്ഷയിപ്പിക്കുന്ന 'ഡിസ്‌കില്ലിങ്' എന്ന പ്രതിഭാസത്തിന് കാരണമാകുമെന്നും ആന്ത്രോപിക്കിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരിയായ രീതിയില്‍ എ.ഐ. ഉപയോഗിക്കുന്നവര്‍ക്ക് കഴിവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയും.